സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Sep 19th, 2017

നര്‍മ്മദയും തൂത്തെറിയപ്പെടുന്ന ജനതയോടുള്ള ധാര്‍ഷ്ട്യവും

Share This
Tags

pppപ്രമീള ഗോവിന്ദ്

ഏറ്റവും അടിത്തട്ടിലെ ജനതയുടെ ജിവിതസാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളെ മുന്‍നിര്‍ത്തി ഒരു രാജ്യത്തിന്റെ വികസനം വിലയിരുത്തണം എന്നാണ് മഹാരഥന്മാര്‍ പറഞ്ഞിട്ടുള്ളത്. ആ രീതിയില്‍ ഇന്ത്യയുടെ വികസനത്തെ വിലയിരുത്തുകയാണെങ്കില്‍ ഇത് കോര്‍പ്പേറേറ്റുകളുടെ വികസനമാണെന്ന് കണ്ണടച്ച് പറയാനാകും. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ചും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടായ നര്‍മ്മദ സരോവര്‍ ഡാം രാഷ്ട്രത്തിന് സമര്‍പ്പിച്ചും മോദി സര്‍ക്കാര്‍ കൊണ്ടു വന്ന വികസനം ആരുടെ വികസമാണെന്ന് മനസ്സിലാക്കാന്‍ സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണങ്ങള്‍ ഒന്നും വേണ്ട. നോട്ട് നിരോധനം മുതല്‍ നര്‍മ്മദയും പെട്രോള്‍ വിലയും വരെയുള്ള നടപടികള്‍ സാമാന്യ ബുദ്ധിയില്‍ പരിശോധിച്ചാല്‍ മാത്രം മതി. നോട്ട് നിരോധനവും ജിഎസ്ടിയും പാളിപ്പോയ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് എന്ന്് പോലും പറയാനാവില്ല. കോര്‍പ്പറേറ്റ് പ്രീണനം മുതല്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സാമ്പത്തിക അടിത്തറ ഇല്ലാതാകുന്നത് വരെയുള്ള വലിയ ലക്ഷ്്യങ്ങള്‍ മുന്നില്‍ കണ്ട് മോദിയും കൂട്ടരും നടത്തിയ അസംബന്ധ നാടകത്തില്‍ പരിക്കേറ്റത് പൂര്‍ണ്ണമായും പാവപ്പെട്ട ജനതയാണ്. പീന്നിടിങ്ങോട്ട് കര്‍ഷകരടെ നട്ടെല്ല് ഒടിക്കുന്ന നടപടികളാണ്തുടരുന്നത്.എണ്ണകമ്പനികള്‍ക്ക് ഇന്ധന വില സൗകര്യം പോലെ കൂട്ടാന്‍ അനുവാദം കൊടുത്ത യുപിഎയെ പോലും ഞെട്ടിക്കുന്ന കോര്‍പറേറ്റ് പ്രീണന നയങ്ങളാണ് നടപ്പിലാക്കി കാണിക്കുന്നത്. എണ്ണ കമ്പനികള്‍ക്ക് വേണ്ടി എണ്ണകമ്പനികളാല്‍ ഭരിക്കുന്ന സര്‍ക്കാറെന്ന പോലെ.
എഴുത്തുകാരുടെയും മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും എതിര്‍ ശബ്ദം ജനം കേള്‍ക്കാതിരിക്കാന്‍ രാജ്യം മുഴുവന്‍ ഭയം വിതച്ച് ഭരിക്കുന്ന ഭരണകൂടം. ദേശസ്നേഹത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ ജീവന്‍ നഷ്പ്പെട്ടുന്നത് ന്യുനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമാണ്. ദളിതര്‍ക്കോ ന്യുനപക്ഷങ്ങള്‍ക്കോ ഇടയില്‍ നിന്ന് ഉയര്‍ന്ന് വരുന്ന വിമതശബ്ദങ്ങളെയും അവരെ പിന്തുണക്കുന്നവരുടെ ശബ്ദങ്ങളും ഒരു പോലെ അടിച്ചമര്‍ത്തെപ്പടുത്തുന്നു. ശക്തമായ നടപടികള്‍ എന്ന്് വാചകമടി തുടരുമ്പോഴും പെഹ്ലുഖാന്റെ വിധിയാണ് അവരെ കാത്തിരിക്കുന്നത് എന്ന് പ്രതീക്ഷിക്കേണ്ടി വരും.രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ യഥാര്‍ത്ഥ ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടുന്ന എല്ലായിടത്തും വര്‍ഗ്ഗീയഫാസിസ്റ്റുകള്‍ കയറികൂടി. സ്‌ക്കുള്‍ ടെക്സറ്റ് ബുക്കുകള്‍ മുതല്‍ പിഎച്ച്ഡി വരെ അധികാരം ഉപയോഗിച്ച് പിടിമുറുക്കി തിരുത്തിയെഴുതി.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തന്റെ ബ്ലോഗില്‍ മോദിയെ ഉപമിച്ചത് അംബേദകര്‍ക്കും പട്ടേലിനും ഒപ്പമാണ്. പട്ടേലിന്റെ പ്രതിമക്കൊപ്പം അംബേദ്കറിന്റെ പേരും ഗാന്ധിയുടെ ചര്‍ക്കയും കണ്ണടയും കുടിയിരുത്തി. മോദിയെ പുകഴ്ത്താന്‍ അംബേദകറിനെയും ഗാന്ധിയെയും ഉപയോഗിക്കുമ്പോള്‍ അതിന്റെ പിന്നിലെ കുശാഗ്രബുദ്ധി നാം കാണാതെ പോകരുത്. വിരുദ്ധ ദിശകളില്‍ നില്‍ക്കുന്നരെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ ഒരേ തട്ടില്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കുളള അവസരങ്ങളാണ് ഒരുങ്ങുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ചരിത്രം വളച്ചൊടിക്കപ്പെടുന്നതിന്റെ പ്രാംരംഭ നടപടികള്‍. അധികം വൈകാതെ നെഹ്റുവും ഗാന്ധിയും ഒരു കാലത്ത് ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പോലും ഇന്ത്യയില്‍ ബാക്കി വെക്കില്ല.
ബുളറ്റ് ട്രെയിനും ലോകത്തെ വലിയ രണ്ടാമത്തെ അണക്കെട്ടും രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ അത് സാധാരണക്കാരന്റെ വികസനമല്ല എന്ന് വിളിച്ച് പറയാന്‍ തന്റേടമുള്ളവര്‍ ഉണരണം. 1961ല്‍ സര്‍ദാര്‍ സരോവറിന്റെ തറകല്ലിട്ടത് മുതല്‍ നിരവധി പ്രക്ഷോഭങ്ങളാണ് രാഷ്ട്രം കണ്ടത്. 60 വര്‍ഷകാലം ഈ പദ്ധതി നടപ്പിലാക്കാതെ പോയത്് ജീവിതം നഷ്ടപ്പെടുന്നവരുടെ നിലവിളകള്‍ കേള്‍ക്കാതെ മുന്നോട്ട് പോകാനാവില്ല എന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ്. ഡാം പൂര്‍ത്തിയായി എന്ന വലിയ നുണയേക്കാള്‍ തൂത്തെറിയപ്പെടുന്ന ജനതയോടുള്ള ധാര്‍ഷ്ട്യമാണ് ഭയപ്പെടുത്തുന്നത്. ആ ധാര്‍ഷ്ട്യം ഏകാധിപതിയുടേയാണ്. ഹിറ്റ്ലര്‍ക്കും മുസോളനിക്കും പിന്നാലെ ലോകംം കാണുന്ന ഏറ്റവും വലിയ ഏകാധിപതിയുടെ വളര്‍ച്ചക്ക് ഇന്ത്യന്‍ മണ്ണില്‍ സാധ്യതകളുണ്ടായത് എങ്ങിനെയാണ് എന്നാണ് പരിശോധിക്കപ്പെടേണ്ടത്.
നര്‍മ്മജ തീരത്ത് ചോളവും പരുത്തിയും വിളഞ്ഞ് നിന്ന പാടങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. രണ്ടര ലക്ഷത്തിലേറേ ജനങ്ങളുടെ കിടപ്പാടവും ജീവിതമാര്ഗ്ഗവും നഷ്ടപ്പെടും. സാമ്പത്തിക , പരിസ്ഥിതി പ്രശ്നങ്ങള്‍ വേറേ. പാരമ്പര്യത്തെയും സംസ്‌കാരത്തെയും കുറിച്ച് അഭിമാനിക്കുന്നവര്‍ക്ക് ഈ പദ്ധതി മുലം വിസ്മൃതിയിലാകാന്‍ പോകുന്ന പൈതൃകത്തെ കുറിച്ച് വേവലാതികളില്ല. ഗുജറാത്തിലെ കോക്കകോള കമ്പനിക്കും ടാറ്റക്കും മള്‍ട്ടിനാഷണലുകള്‍ക്കും കിട്ടാന്‍ പോകുന്ന വെള്ളത്തിന്റെ പേരില്‍ ലക്ഷകണക്കിന് ആദിവാസികളും പാവപ്പെട്ടവരും ബലിയാടുകളാകുന്നു എന്ന് ചുരുക്കം.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മധ്യവര്‍ഗ്ഗത്തെ കുടെ നിര്‍ത്താന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന വികസന നാടകമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. വാഗ്ദാനങ്ങളില്‍ അഭിരമിച്ച് സ്വപ്നലോകത്ത് ജിവിക്കുന്നവര്‍ക്കും അധികം വൈകാതെ കണ്ണ് തുറക്കേണ്ടി വരും. മന്‍ കി ബാത്തിലെ പ്രസംഗവും നടപ്പില്‍ വരുത്തുന്നതിലെ അന്തരവും തിരിച്ചറിയേണ്ടുതുണ്ട്. പൊള്ളയായ വാചകമടിയില്‍ ഇനി വീഴരുത്. പ്രതിരോധത്തിന് പ്രതിപക്ഷം വന്‍ പരാജയമാണ്. അപ്പോള്‍ ഇനി ബാക്കി ജനങ്ങളുടെ കയ്യിലാണ്.

ഫേസ് ബുക്ക് പോസ്റ്റ്

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>