സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Sep 19th, 2017

രാമന്റെ ലീലകള്‍ കാണുന്നതും കാണാതിരിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനമാണ്..

Share This
Tags

ddd

വീണ്ടും ജാമ്യാപേക്ഷ തള്ളപ്പെട്ട അവസ്ഥയിലാണ് ദിലീപ്. കേസിന്റെ സാക്ഷികളില്‍ ഭൂരിഭാഗവും സിനിമക്കാരാണെന്നും സിനിമാ മേഖലയില്‍ ശക്തനായ ദിലീപ് അവരെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണെന്നുമുള്ള സ്വാഭാവികമായും ശരിയെന്നുതോന്നുന്ന പ്രൊസീക്യൂഷന്‍ വാദം അംഗീകരിക്കുകയാണ് നാലാം തവണയും ജാമ്യം നിഷേധിച്ചതിലൂടെ കോടതികള്‍ വ്യക്തമാക്കുന്നത് രാഷ്ട്രീയരംഗത്തും സിനിമാരംഗ്തതുമുള്ള നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനായി രംഗത്തിങ്ങിയതും അദ്ദേഹത്തെ സന്ദര്‍ശിച്ചതും പ്രൊസിക്യൂഷന്‍ ചൂണ്ടികാട്ടിയതായും അറിയുന്നു. അതേസമയം കേസന്വെഷണം ഇഴയുന്നതായി ഹൈക്കോടതി തന്നെ വിമര്‍ശിച്ച സാഹചര്യവും നിലവിലുണ്ട്.
ദിലീപിന്റെ പുതിയ സിനിമ രാമലീല 28-ാം തിയതി റിലീസ് ചെയ്യുന്നതായി പ്രഖ്യാപിക്കപ്പെട്ടതോടെ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. സിനിമ ബഹിഷ്‌കരിക്കുക എന്ന പല കോണുകളില്‍ നിന്നു വന്ന ആഹ്വാനങ്ങളാണ് വിഷയത്തെ ചൂടുപിടിപ്പിച്ചത്. ദിലീപ് ഫാന്‍സ് സ്വാഭാവികമായും അതിനെതിരെ രംഗത്തുവരുമല്ലോ. മറുവശത്ത് ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നും കുറ്റവാളിയല്ലെന്നും സിനിമ ഒരു പാട് പേരുടെ അധ്വാനമാണെന്നും അതിലെ ഒരാള്‍ മാത്രമാണ് ദിലീപെന്നും അതിനാല്‍ ബഹിഷ്‌കരണാഹ്വാനം ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്നുമാണ് പ്രബലമായ ഒരു വിഭാഗത്തിന്റെ വാദം. സാങ്കേതികമായി ശരിയെന്നു തോന്നുന്നു വാദം. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ലല്ലോ. പ്രമുഖരായ ഏതാനും സംവിധായകരൊഴികെ ഏതു സിനിമയാണ് നായകന്റെ പേരിലല്ലാതെ പുറത്തുവരുന്നത്? സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കുന്ന സിനിമകള്‍ മോഹന്‍ ലാല്‍ സിനിമ, മമ്മുട്ടി സിനിമ, ദിലീപ് സിനിമ എന്നല്ലാതെ പുതുമുഖ സംവിധായകരുടെ പേരില്‍ ഏതു സിനിമയാണ് അറിയപ്പെടുന്നത്..? ഈ വാദമുന്നയിക്കുന്നവരില്‍ എത്രപേര്‍ക്ക് ഈ സിനിമയിലെ സംവിധായകന്റേയോ മറ്റു നടന്മാരുടേയോ നടിമാരുടേയോ സാങ്കേതിക പ്രവര്‍ത്തകരുടേയോ പേരറിയാം.? ദിലീപും ലൈറ്റ് ബോയും തുല്ല്യരാണെന്ന വാദം പോലും കേട്ടു. സിനിമക്കുപിന്നല്‍ പ്രവര്‍ത്തിച്ചവരുടെ സാമ്പത്തിക വിഷയവും പലരും ഉന്നയിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും ഫ്രതിഫലം കിട്ടിക്കഴിഞ്ഞു എന്നതല്ലേ യാഥാര്‍ത്ഥ്യം? പിന്നെ പാവപ്പെട്ട നിര്‍മ്മാതാവിന്റെ പ്രശ്‌നം. സിനിമയുടെ വിജയവും പരാജയവും സ്വാഭാവികമാണ്. ഈ ‘പാവപ്പെട്ട’ നിര്‍മ്മാതാവിന്റെ മുന്‍സിനിമയായ പുലിമുരുകന്‍ നേടിയത് എത്ര കോടിയാണ്?
രാഷ്ട്രീയകാരണങ്ങളാല്‍ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയരുമ്പോഴൊക്കെ ഈ വാദവും ഉയരാറുണ്ട്. പ്ലാച്ചിമട സമരത്തിന്റെ ഭാഗമായി കൊക്കക്കോള ബഹിഷ്‌കരിക്കാനുള്ള കാമ്പയിനിനെ പലരും എതിര്‍ത്തത് തൊഴിലാളികളുടെ പേരു പറഞ്ഞു തന്നെയായിരുന്നു. ഭോപ്പാല്‍ കൂട്ടക്കൊലക്കുശേഷം നടന്ന എഴരഡി ബാറ്ററിക്കെതിരായ കാമ്പയിനേനയും. അതുപോലൊരു രാഷ്ട്രീയപ്രശ്‌നം തന്നെയാണ് ഇവിടേയും ഉന്നയിക്കപ്പെടുന്നത്. ഇപ്പോഴിതാ റിലയന്‍സിന്റെ പെട്രോള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനം നടക്കുന്നു. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ് എന്നത് ശരി. കുറ്റവാളിയെന്നോ നിരപരാധിയെന്നോ പറയാനാകില്ല. പക്ഷെ കോടതി നാലുതവണ ജാമ്യം നിഷേധിച്ചിട്ടുണ്ട്. ഈ സിനിമയുടെ വിജയം ആകെ സഹായിക്കാന്‍ പോകുന്നത് ഈ കുറ്റാരോപിതനെയാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. സിനിമയുടെ പോസ്റ്ററുകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് പതിവുപോലെ ആണത്ത പ്രഖ്യാപനങ്ങളുടേയും അക്രമങ്ങളുടേയും വിളനിലം തന്നെയായിരിക്കും ഈ സിനിമ എന്നു തന്നയാണ്. അത്തരം സിനിമകള്‍ കേരള സമൂഹത്തെ എങ്ങനെയാണ് ബാധിച്ചതെന്നതിന്റെ നിരവധി പഠനങ്ങള്‍ നടി അക്രമിക്കപ്പെട്ടതിനുശേഷവും പുറത്തുവന്നിട്ടുണ്ട്. അത് രാമനാണെന്നും ദിലീപല്ലെന്നുമുള്ള വാദങ്ങള്‍ വെറുതെ പറയാമെന്നല്ലാതെ മുഖ്യധാരാസിനിമയില്‍ അതൊന്നുമല്ലല്ലോ അവസ്ഥ. സിനിമ താരങ്ങള്‍ക്ക് ചുറ്റും വലം വയ്ക്കുന്ന ഒന്നാണ്. താരങ്ങളുടെ വിപണി മൂല്യത്തെ ചുറ്റിപറ്റിയാണ് അത് മിടിക്കുന്നത്. തിരക്കഥ തൊട്ട് സംവിധാനവും ഗാന, നൃത്ത സംഘട്ടന ചിത്രീകരണങ്ങളും ഒക്കെയും താരം എന്ന ബ്രാന്‍ഡിന്റെ യു എസ് പിയെ (യുണിക് സെല്ലിംഗ് പ്രോപസിഷന്‍) ആധാരമാക്കിയാണ് വിഭാവനം ചെയ്യപ്പെടുന്നത് തന്നെ. ഈ സാഹചര്യത്തില്‍ രാമന്റെ ലീലകള്‍ കാണാതിരിക്കുന്നത് രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. ഇവിടെ ബഹിഷ്‌കരിക്കുന്നത് വ്യക്തിയെയല്ല, ബ്രാന്‍ഡിനെയാണ്. അതിനര്‍ത്ഥം ജി പി രാമചന്ദ്രന്‍ പറഞ്ഞപോലെ അക്രമണം എന്നല്ല. ജനാധിപത്യരീതിയിലുള്ള ബഹിഷ്‌കരണ ആഹ്വാനം മാത്രം.
തീര്‍ച്ചയായും ഈ സാഹചര്യത്തില്‍ നേരത്തെ സൂചിപ്പിച്ച കാരണങ്ങള്‍ ഉന്നയിച്ച് സിനിമ കാണുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ. ദിലീപ് കുറ്റക്കാരനെല്ലെന്നു വിശ്വസിക്കാനും തുറന്നു പറയാനും ജയിലില്‍ പോയി കാണാനും സിനിമ കാണാനുമൊക്കെ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ദിലീപിനെതിരെ നടന്നത് ഗൂഢാലോചനയാാണെന്ന എം എല്‍എമാരായ ഗണേഷ്‌കുമാറിന്റെയും പിസി ജോര്‍ജ്ജിന്റേയും പ്രസ്താവനകള്‍ ഇതില്‍ പെടുന്നില്ല. അതുപോലെ ത്‌ന്നെയാണ് ബലാല്‍സംഗത്തിന് ആരും ക്വട്ടേഷന്‍ കൊടുക്കില്ല എന്ന മുന്‍ എം പി സെബാസ്റ്റിയന്‍ പോളിന്റെ പ്രഖ്യാപനവും. അക്കാലത്തെ താരരാജാവായിരുന്ന അടൂര്‍ ഭാസിയുടെ ചെയ്തികളെ ആത്മകഥയില്‍ വിശദമായി എഴുതിയ, സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സന്‍ കൂടിയായ കെ പി എ സി ലളിതയുടെ കണ്ണീരിന്റെ ആത്മാര്‍ത്ഥതയും സംശയകരമാണ്. ഇവര്‍ക്കെല്ലാം സംവിധായകന്‍ ഡോ ബിജു നല്‍കിയ മറുപടി ശ്രദ്ധേയമാണ്. ‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പുര്സകാരങ്ങള്‍ നേടിയ നിരവധി മികച്ച സിനിമകള്‍ ഇറങ്ങിയിരുന്നു. .ഭൂരിഭാഗവും ആദ്യ സംവിധായകരുടേത്.
ഈ ചിത്രങ്ങള്‍ ഒക്കെ റിലീസ് ചെയ്യാന്‍ പോലും തിയറ്ററുകള്‍ കിട്ടാന്‍ ഏറെ ബുദ്ധിമുട്ട് ആയിരുന്നു..(ഇപ്പോഴും റിലീസ് ചെയ്യാന്‍ സാധിക്കാത്ത ചിത്രങ്ങളും ഇതില്‍ ഉണ്ട്) ഈ ചിത്രങ്ങളുടെ എല്ലാം പിന്നണിയില്‍ നിരവധി ആളുകള്‍ പ്രവര്‍ത്തിച്ചിരുന്നു… ഈ ഉത്തമ സിനിമാ പിന്തുണക്കാരെ ഒന്നും ഇതിന് മുന്‍പ് മുകളില്‍ സൂചിപ്പിച്ച സിനിമകളുടെ വഴിയേ കണ്ടിട്ടില്ല…. ഇപ്പോള്‍ ഈ ആദ്യ സംവിധായക സ്നേഹവും നല്ല സിനിമയാണെങ്കില്‍ കാണും എന്ന ടാഗും ഒക്കെ എന്തിനാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും.. കുറച്ച് ആദ്യ സംവിധായകര്‍ പിന്നാലെ വരാനുണ്ട്…ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും മലയാള സിനിമയുടെ യശസ്സ് ഉയര്‍ത്താന്‍ പ്രാപ്തിയുള്ളവര്‍ .കോടി ക്ലബ്ബ് നിര്‍മാതാക്കളുടെ പിന്തുണ ഒന്നുമില്ലാത്ത ചില കുഞ്ഞു സ്വതന്ത്ര സിനിമകള്‍..ഇപ്പോള്‍ നടന്നു വരുന്ന നാടകങ്ങളുടെ സംഘാടകര്‍ സെപ്തംബര്‍ 28 ന് ശേഷവും ഇവിടെയൊക്കെ ഉണ്ടാകുമല്ലോ….’
നടിയെ തട്ടിയെടുത്ത് വാഹനത്തില്‍ നടത്തിയ ബലാല്‍ക്കാരത്തെ, അതിനു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയെന്നു നിയമം സംശയിക്കുന്ന ഒരാളാണ് സിനിയുടെ എല്ലാം എന്നു മറക്കരുത്. കുറ്റം ചെയ്യാതെ കുറ്റവാളികളെപ്പോല്‍ തടവറയില്‍ തളയ്ക്കപ്പെട്ടവരുണ്ട്. വിചാരണയില്ലാതെ വര്‍ഷങ്ങളോളം കരുതല്‍ തടങ്കലില്‍ കഴിഞ്ഞവരുണ്ട്. ജനകീയ സമരങ്ങള്‍ നയിച്ചതിന് മര്‍ദ്ദനവും ജയില്‍വാസവും ലഭിച്ചവരുണ്ട്. അപ്പോഴൊന്നും ഉണര്‍ന്നിട്ടില്ലാത്ത ധാര്‍മിക രോഷം കിരീടമില്ലാത്ത സിനിമാ രാജാവിനുവേണ്ടി ഉയരുന്നത് കൗതുകകരമാണ്. ഇത്തരമൊരാള്‍ പരിശുദ്ധ നായകവേഷത്തില്‍ അഴിഞ്ഞാടുന്നത് കാണണ്ട എന്നു പറയുന്നതില്‍ തെറ്റെന്താണ്? കുറ്റാരോപിതരെ ഏതു ജോലിയിലും സസ്‌പെന്റ് ചെയ്യാറുണ്ടല്ലോ. അതുപോലെ കണ്ടാല്‍ മതി. മുഖ്യധാരാസിനിമ ഉദാത്തമായ കലയൊന്നുമല്ലല്ലോ. ഇന്‍ഡസ്ട്രി എന്ന വാക്കുതന്നെയല്ലേ ഇവര്‍ തന്നെ ഉപയോഗിക്കുന്നത്.. !!!

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>