സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Aug 12th, 2017

നമ്പര്‍ വണ്‍ സംസ്ഥാനത്ത് ആദിവാസികള്‍ ആത്മഹത്യ ചെയ്യുമ്പോള്‍

Share This
Tags

adi

കേരളം നമ്പര്‍ വണ്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ മുറുകുമ്പോഴായിരുന്നു കേരള നിയമസഭ അപമാനഭാരത്താല്‍ തല കുനിച്ചതായ വാര്‍ത്ത വന്നത്. 5 വര്‍ഷത്തിനുള്ളില്‍ ദളിതരും ആദിവാസികളുമായ 189 പേര്‍ ആത്മഹത്യ ചെയ്ത ഞാറനീലി കോളനിയെ കുറിച്ചുള്ള ചര്‍ച്ചാവേളയിലായിരുന്നു സംഭവം. പെരിങ്ങമല, ഞാറനീലി ആദിവാസിക്കോളനികളില്‍ തന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശനം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ അറിയിച്ചു. 2012 മുതല്‍ ആത്മഹത്യകള്‍ പെരുകിയിട്ടും അക്കാര്യം നിയമസഭയുടെയോ സമൂഹത്തിന്റെയോ മുന്നില്‍ കൊണ്ടുവരാന്‍ കഴിയാതെപോയത് എല്ലാവരുടെയും വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഉപക്ഷേപത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞു. സ്ഥലം എം.എല്‍.എയായ ഡി.കെ. മുരളിയും വിഷയം സഭയില്‍ അവതരിപ്പിച്ചു. അവിടെ ആദിവാസി മേഖലയിലുള്‍പ്പെടെ ആരോഗ്യ, പട്ടികക്ഷേമവകുപ്പുകളുടെയും എന്‍.ആര്‍.എച്ച്.എമ്മിന്റെയും സംയുക്ത നേതൃത്വത്തില്‍ വിശദമായ പഠനം നടത്തുമെന്നും മാനസികാരോഗ്യ സര്‍വേയും ലഹരിമുക്ത പ്രചാരണപരിപാടികള്‍ നടത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഈ സംഭവം അറിയാതെപോയതില്‍ നാം തലകുനിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
ലോക ആദിവാസി ദിനാചരണത്തിന്റഎ പിറ്റേന്നായിരുന്നു ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടത്. ‘ഭൂമി അമ്മയാണ്. ഈ ഭൂമിയുടെ ഓരോ ഭാഗവും എന്റെ ജനതയ്ക്കു പവിത്രമാണ്. പൂക്കള്‍ ഞങ്ങളുടെ പെങ്ങളാണ്, പുഴകള്‍ ഞങ്ങളുടെ ആങ്ങളമാരാണ്, പ്രാണവായു എല്ലാ ജീവജാലങ്ങള്‍ക്കും മൂല്യമാണ്’ എന്ന സിയാറ്റിന്‍ മൂപ്പന്റെ (അമേരിക്കയിലെ റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗ നേതാവ്) ലോകത്താകമാനമുള്ള ആദിവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച് യു.എന്‍. നടത്തിയ ചരിത്രപ്രധാനമായ പ്രഖ്യാപത്തിന്റഎ പത്താം വാര്‍ഷിക നാളില്‍. പ്രഖ്യാപനം അംഗീകരിച്ച 143 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. എന്നാല്‍ കേരളത്തിലടക്കം രാജ്യത്തെ ആദിവാസികളുടെ അവസ്ഥ പൊതുശരാശരിയേക്കാള്‍ എത്രയോ പുറകിലാണ്. ഉദാഹരണമായി പൂര്‍ണ്ണ സാക്ഷരതയുണ്ടെന്നു പറയുന്ന കേരളത്തിലെ ആദിവാസികളുടെ സാക്ഷരതാ നിരക്ക് 74.44 ശതമാനമാണ്. നിരക്ഷരരില്‍ 6-18 വയസിനിടയില്‍ 53.59 ശതമാനം കുട്ടികള്‍ വിദ്യാലയങ്ങളുടെ പടിപോലും കണ്ടിട്ടില്ലാത്തവരാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിലെ ആദിവാസികളില്‍ 15,146 പേര്‍ ഭൂരഹിതരാണ്. നിരന്തരമായി നടക്കുന്ന ിശുമരണങ്ങള്‍ക്ക് കാരണം പോഷകക്കുറവാണെന്ന് വ്യക്തം. അട്ടപ്പാടിയെ സോമാലിയക്കുപമിച്ച പ്രധാനമന്ത്രി ലക്ഷ്യമെന്തായാലും ഒരു പുനപരിശോധനയും സ്വയം വിമര്‍ശനവും നാം ചെയ്യേണ്ടതുണ്ട്. അല്ലാതെ നമ്പര്‍ വണ്‍ എന്നഹങ്കരിച്ച് പ്രശ്‌നങ്ങള്‍ മൂടുവെക്കുകയല്ല വേണ്ടത്.
ഒരു സമൂഹത്തിന്റെ ശാക്തീകരണം/വികസനം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അളവുകോല്‍, അവിടുത്തെ ആദിവാസി ദലിതുകളടങ്ങുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ഭൂവധികാരം, ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച എത്രത്തോളം സാധ്യമായി എന്നതിനെ ആശ്രയിച്ചായിരിക്കും. കേരളത്തില്‍ നടന്ന പ്രധാന ആദിവാസി ഭൂസമരങ്ങളെല്ലാം ഉയര്‍ന്നുവന്നിട്ടുള്ളത് പട്ടിണിമരണങ്ങളെ തടുര്‍ന്നാണ്. 33 പണിയ വിഭാഗക്കാരായ ആദിവാസികളുടെ മരണത്തെ തുടര്‍ന്നാണ് പ്രധാന സമരമായ സെക്രട്ടേറിയറ്റ് കുടില്‍കെട്ടി സമരവും മുത്തങ്ങാ സമരവും ഉണ്ടായത്. അട്ടപ്പാടിയിലെ ഇരുന്നൂറോളം കുഞ്ഞുങ്ങളുടെ പോഷണശോഷണം മൂലമുള്ള മരണങ്ങളെ തുടര്‍ന്നാണ് 165 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരം നടത്തിയത്. അതിനെ തുടര്‍ന്നാണ് വനാവകാശനിയമവും പെസ നിയമവും കേരളത്തില്‍ വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ വനാവകാശം നടപ്പാക്കിയ സ്ഥലങ്ങളില്‍ പോലും അത് നടപ്പാക്കപ്പെടുന്നില്ല. ആദിവാസിവിഭാഗങ്ങളുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കം തന്നെ ഉദാഹരണം.
സ്വാതന്ത്ര്യാനന്തരം ആദിവാസികളോട് കാണിച്ച ചരിത്രപരമായ അനീതിക്കുള്ള പ്രായശ്ചിത്തമായാണ് വനാവകാശനിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്ന് നിയമത്തിന്റെ മുഖവുര സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടി നാളിതുവരെയായിട്ടും പരമ്പരാഗതമായി െകെമാറിവന്ന ഭൂമി കൈവശം വയ്ക്കുന്നതിനും അതിലെ ചെറുകിട വിഭവങ്ങള്‍ ജീവസന്ധാരണത്തിനായി ശേഖരിക്കുന്നതിനും സ്വതന്ത്രമായി വിപണനം ചെയ്യുന്നതിനും അതിലൂടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള അധികാരം ആദിവാസി ജനതയ്ക്കും അവരുടെ ജനാധിപത്യ സംവിധാനമായ ഊരുസഭകള്‍/ ഊരുകൂട്ടങ്ങള്‍ എന്നിവയ്ക്ക് നല്‍കിയിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലം മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഊരുകൂട്ടങ്ങള്‍ക്ക് സ്വതന്ത്രമായ നിര്‍ണ്ണയാധികാരം ഉണ്ടായിരുന്നു. അവിടെ സ്വതന്ത്ര്യാനന്തരം ഇത് ഭരണഘടനയുടെ അഞ്ചും ആറും പട്ടികയില്‍പ്പെടുത്തി പ്രത്യേക അധികാരം നിലനിര്‍ത്തി. അതാണ് ഷെഡ്യൂള്‍ഡ് ഏരിയ. എന്നാല്‍ ഇതെല്ലാം മിക്കവാറും കടലാസില്‍ ഒതുങ്ങുന്നു. കേരളത്തില്‍ വനാവകാശനിയമപ്രകാരം സാമൂഹ്യാവകാശം അനുവദിക്കുന്നതില്‍ വീഴ്ച വരുത്തി. സാമൂഹ്യാവകാശം നല്‍കുക വഴി ആദിവാസി ജനതയുടെ അതിജീവന പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പ്രധാന ആദിവാസി മേഖലകളായ അട്ടപ്പാടി, വയനാട് എന്നിവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോഷണശോഷണം മൂലമുള്ള കുഞ്ഞുങ്ങളുടെ മരണങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നു. വനാവകാശനിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ വീഴ്ച വരുത്തിയതിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ രണ്ട് പ്രാവശ്യം കേന്ദ്രസര്‍ക്കാര്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അവസ്ഥ മാറിയിട്ടില്ല. കേരളത്തെ കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ ആദ്യം പരിശോധിക്കേണ്ടത് ഇത്തരം വിഷയങ്ങളാണ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>