സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sun, Aug 6th, 2017

ഹിന്ദുത്വരാഷ്ട്രവാദം വ്യാമോഹം മാത്രം

Share This
Tags

hhകെ വേണു / ഐ ഗോപിനാഥ്

ഇന്ത്യയില്‍ അക്രമാസക്തമായി വളരുമ്പോഴും ലോകതലത്തില്‍ മതേതര – ജനാധിപത്യ – ദേശീയ രാഷ്ട്രങ്ങളുടെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ ഹിന്ദുത്വരാഷ്ട്രവാദം അദികകാലം നിലനില്‍ക്കില്ലെന്ന് ചിന്തകന്‍ കെ വേണു

മനുഷ്യചരിത്രത്തില്‍ ഇന്നു നാം വിഭാവനം ചെയ്യുന്ന ദേശീയത എന്ന ആശയം ഉരുത്തിരിഞ്ഞത് എങ്ങനെയാണ്?
ദേശീയതയുടെ ദീര്‍ഘകാല ചരിത്രത്തെ കുറിച്ച് പലരും സംസാരിക്കാറുണ്ട്. എന്നാല്‍ ഇന്ന് നാം മനസ്സിലാക്കുന്ന രീതിയിലുള്ള ദേശീയത ആധുനിക രാഷ്ട്രീയ പ്രതിഭാസമാണ്. ഫ്യൂഡല്‍ കാലഘട്ടം രാജാക്കന്മാരുടേയും ചക്രവര്‍ത്തിമാരുടേയും വെട്ടിപ്പിടുത്തങ്ങളുടെ കാലമായിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ മാറി മാറി വന്നിരുന്നു. ജനങ്ങള്‍ മാറി മാറി വന്നിരുന്ന, വെട്ടിപ്പിടുത്തത്തില്‍ ജയിക്കുന്ന രാജാവിന്റെ പ്രജകള്‍ മാത്രമായിരുന്നു. എന്നാല്‍ ആധുനിക ദേശീയത അതല്ല. സ്ഥിരമായ അതിര്‍ത്തിയോടു കൂടിയ, സ്ഥിര ഭരണകൂടമുള്ള ദേശീയ രാഷ്ട്രങ്ങളാണ് ഇന്ന് നിലവിലുള്ളത്. മുതലാളിത്തത്തിന്റെ വളര്‍ച്ചയോടെയാണ് ഈ പ്രതിഭാസം ആരംഭിച്ചത്. തുടക്കം യൂറോപ്പില്‍ നിന്നുതന്നെയായിരുന്നു. ഫ്രഞ്ചുവിപ്ലവമാണ് ഇത്തരമൊരു മാറ്റത്തിന് തുടക്കമിട്ടതെന്നു പറയാം. രാജാവിന്റെ ദൈവദത്താധികാരം എന്ന സങ്കല്‍പ്പം തകര്‍ക്കപ്പെട്ടു. ജനങ്ങള്‍ വെറും പ്രജകള്‍ എന്നതില്‍ നിന്ന് സ്വതന്ത്ര പൗരന്മാരായി മാറി. അവരുടെ സാമൂഹ്യ അസ്തിത്വത്തിന്റെ പ്രതീകമായി ദേശീയത മാറി. അതോടാപ്പം ജനാധിപത്യ – മതേതര രാഷ്ട്രം എന്ന സങ്കല്‍പ്പത്തിന്റെ വളര്‍ച്ചക്ക് ഉതകുന്ന സാമൂഹ്യ അടിസ്ഥാനമായി ഭാഷ ഉയര്‍ന്നു വന്നു. സ്ഥിരമായ അതിര്‍ത്തിയും സാമൂഹ്യ അടിസ്ഥാനവുള്ള ജനത എന്ന രീതിയില്‍ ദേശീയ ജനവിഭാഗങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങി. രാജാവിന്റെ പ്രജകളുടെ സ്ഥാനത്ത് സ്ഥിരമായ ദേശീയതയെ പ്രതിനിധാനം ചെയ്യുന്ന പൗരന്മാരായി ജനങ്ങള്‍ മാറി.

ഭാഷയാണോ ദേശീയതയുടെ അടിസ്ഥാനമായി മാറിയത്?
ഭാഷ മാത്രമല്ല, ദേശീയതയുടെ അടിസ്ഥാനമായി മറ്റു പല ഘടകങ്ങളും ഉയര്‍ന്നുവന്ന രാഷ്ട്രങ്ങളുമുണ്ട്. എന്നാല്‍ അവിടങ്ങളിലും ഭാഷാസമൂഹങ്ങളുടെ തനതായ അസ്തിത്വപ്രശ്‌നം ഉയര്‍ന്നുവരുകയും പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. സമാന സാംസ്‌കാരികത, മതം തുടങ്ങി മറ്റു ഘടകങ്ങളും ദേശീയതയുടെ അടിത്തറയായി മാറിയിട്ടുണ്ട്. ആ ദിശയിലും രാഷ്ട്രങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന ദേശീയരാഷ്ട്രങ്ങള്‍ അധികകാലം നിലനിന്നിട്ടില്ല, നില നില്‍ക്കുകയുമില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട പാക്കിസ്ഥാന്‍ പോലും ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. യൂറോപ്പില്‍ ഭൂരിപക്ഷവും കൃസ്ത്യന്‍ മതവിശ്വാസികളായിട്ടും, പൊതുവായ സാംസ്‌കാരിക പാരമ്പര്യം നിലവിലുണ്ടായിട്ടും അവിടേയും ഭാഷാടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ രൂപം കൊണ്ടു. മതാടിസ്ഥാനത്തില്‍ ഇപ്പോള്‍ നിലവിലുള്ള അറബ് രാഷ്ട്രങ്ങള്‍ ഇതുപോലെ അധികകാലം തുടരാനിടയില്ല. ഇപ്പോഴത്തെ ഭീകരസംഘടനകള്‍ക്കും ആ ലക്ഷ്യം നേടാനാവില്ല. അതേസമയം ഭാഷയും മതവും അല്ലെങ്കില്‍ ഭാഷയും വംശീയതയും ഒന്നിച്ചു വരുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. സിക്കുകാരുടേത് ഭാഷയും മതവും ഒന്നിക്കുന്ന ദേശീയതയാണെങ്കില്‍ ജൂതരുടേത് ഭാഷയും വംശീയതയും ഒന്നിച്ചതിന് ഉദാഹരണമാണ്.

ദേശീയത എന്ന പ്രതിഭാസം മനുഷ്യ ചരിത്രത്തില്‍ വഹിച്ച പങ്ക് പുരോഗമനപരമായിരുന്നോ നിഷേധാത്മകമായിരുന്നോ?
മനുഷ്യസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ നിര്‍ണ്ണായകഘട്ടമാണ് ദേശീയരാഷ്ട്ര രൂപീകരണം. ആദ്യകാലത്തെ ഗോത്രസമൂഹങ്ങളില്‍ ജനാധിപത്യത്തിന്റെ പല ഘടകങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് നടന്നത് ദീര്‍ഘകാലത്തെ പരമാധികാര വാഴ്ചകളായിരുന്നു. അതിനുശേഷം ജനാധിപത്യം പുനര്‍ അവതരിക്കുന്ന സന്ദര്‍ഭത്തിലാണ് കേന്ദ്രീകൃത പരമാധികാരത്തിനു പകരമായി ദേശീയവും ജനാധിപത്യപരവുമായ അധികാരം എന്ന സങ്കല്‍പ്പം നിലവില്‍ വന്നത്. അങ്ങനെ ഉയര്‍ന്നുവന്ന സാമൂഹ്യ സ്വത്വബോധം ജനാധിപത്യപരവും മതേതരവുമായ രൂപം കൈകൊണ്ടു. ആ അടിസ്ഥാനത്തില്‍ ദേശീയത പുരോഗമനപരമാണെന്നു കാണാം. അതേസമയം തീവ്രദേശീയവാദം ഫാസിസത്തിലേക്കും നയിക്കുമെന്നതിനു ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിരവധി. സത്യത്തില്‍ ഹിറ്റ്‌ലറുടേത് ദേശീയതയേക്കാള്‍ വംശീയതയായിരുന്നു എന്നു കാണാം. ആര്യവംശത്തിന്റെ കീഴില്‍ ലോകത്തെ കൊണ്ടുവരുകയായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം. മുസ്സോളിനിയുടെത് ഇറ്റാലിയന്‍ ജനതയുടെ ആധിപത്യത്തിനുള്ള ശ്രമമായിരുന്നു. അതിലും പ്രകടമായി കാണാവുന്നത് വംശീയത തന്നെ.

ഇപ്പോള്‍ ഇസ്രായേല്‍ ചെയ്യുന്നതോ?
ജൂതദേശീയതയിലും നിഷേധാത്മക ഘടകങ്ങള്‍ നിരവധിയാണ്. അതേസമയം അതിന്റെ മറുവശവും പ്രധാനമാണ്. ഒരു ജനത എന്ന രീതിയില്‍ ലോകത്തെവിടേയും സ്ഥാനം ലഭിക്കാതിരുന്നവരായിരുന്നല്ലോ ജൂതന്മാര്‍. ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടവര്‍. ചരിത്രപരമായ പാരമ്പര്യമുള്ള വംശീയ ജനത എന്ന രീതിയില്‍ അവര്‍ക്കും ഒരിടം ആവശ്യമാണ്. ഇത് പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ട അവസ്ഥയായിയരുന്നല്ലോ ഉണഅടായിരുന്നത്. ആ ഇടത്തിനായുള്ള പോരാട്ടമായിരുന്നു തീവ്രവാദവും സയണിസവുമൊക്കെയായി മാറിയത്. അതിനെ ചരിത്രപരമായി നോക്കി കാണണം. ജൂതന്മാരുടേയും പാലസ്തീന്‍ അറബ് ജനതയുടേയും പൊതു പശ്ചാത്തലമുള്ള ആ പ്രദേശത്ത് രണ്ടു രാഷ്ട്രവും നിലനില്‍ക്കണം. എന്നാല്‍ ഇസ്രായലിനെപോലെ പാലസ്തീനും അതനുവദിക്കാന്‍ തയ്യാരാകുന്നില്ല. ഇരുകൂട്ടര്‍ക്കും രണ്ടു രാഷ്ട്രങ്ങലായി നിലനില്‍ക്കാനുള്ള സാഹചര്യമാണ് ലോകം ഒരുക്കേണ്ടത്. അങ്ങനെയാണ് ഇത്തരം തീവ്രവാദങ്ങളെ മറികടക്കാനും കഴിയുക.

ലോകമഹായുദ്ധങ്ങള്‍ ദേശീയതയുടെ ചരിത്രത്തെ എങ്ങനെയാണ് സ്വാധീനിച്ചത്?
മനുഷ്യചരിത്രത്തിന്റെ പൊതുഗതി പരിശോധിക്കുമ്പോള്‍ ഏറെക്കുറെ ഗോത്രകാലത്തിനുശേഷം നവീനശിലായുഗമാരംഭിച്ചതോടെ പഴയ ഗോത്രത്തലവന്മാര്‍ക്കു പകരം രാജ്യവംശങ്ങള്‍ നിലവില്‍ വരുകയായിരുന്നു. തുടര്‍ന്ന് വെട്ടിപ്പിടുത്തത്തിന്റെ രാഷ്ട്രീയത്തിന് മേധാവിത്തം ലഭിക്കുകയായിരുന്നു. ആ ചരിത്രം രണ്ടാം ലോകമഹായുദ്ധം വരേയും നീണ്ടു. ഭരണാധികാരികള്‍ തമ്മില്‍ തമ്മിലുള്ള സംഘട്ടനങ്ങളായിരുന്നു അവയിലധികവും. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മില്‍ സംഘട്ടനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചരിത്രത്തില്‍ മുഴച്ചുനിന്നത് അധികാരി വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളായിരുന്നു. രാജവാഴ്ചകാലം മുഴുവന്‍ അത്തരം സംഘട്ടനങ്ങള്‍ നിലനിന്നിരുന്നു. മുതലാളിത്തകാലഘട്ടവും ദേശീയരാഷ്ട്രരൂപീകരണവും യാഥാര്‍ത്ഥ്യമായ ശേഷവും അവ തുടര്‍ന്നു. അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപമായിരുന്നു ലോകമഹായുദ്ധങ്ങള്‍. ലെനിനും മറ്റും ചൂണ്ടികാട്ടിയപോലെ ലോകകമ്പോളതതിനായുള്ള മത്സരത്തിന്റെ ഭാഗം കൂടിയായിരുന്നു അവ. അതേസമയം ലോകത്തെമ്പാടും ദേശീയരാഷ്ട്ര രൂപീകരണ പ്രക്രിയയും ഇക്കാലഘട്ടത്തില്‍ ഏറെ മുന്നോട്ടുപോയി. 20-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തോടെ അവ ഏറെക്കുറെ പൂര്‍ണ്ണമായി. അതോടുകൂടി വെട്ടിപിടുത്തത്തിനു പകരം പുതിയ രാഷ്ട്രീയ ഘടന ആഗോളതലത്തില്‍ രൂപം കൊണ്ടു. അത് രാജ്യങ്ങള്‍ക്കിടയിലെ ജനാധിപത്യം എന്ന പുതിയ ചരിത്ര പ്രക്രിയയാണ്. ഐക്യരാഷ്ട്രസംഘടനയും ലോകവ്യാപാരസംഘടനയും മറ്റും രൂപീകരിക്കപ്പെട്ടു. ലോകയുദ്ധങ്ങള്‍ അപ്രസക്തമായി. ഓരോ ദേശീയരാഷ്ട്രത്തിന്റേയും ജനാധിപത്യപരമായ ഇടങ്ങള്‍ അംഗീകരിക്കപ്പെടാന്‍ തുടങ്ങി. യു എന്നില്‍ വീറ്റോ പോലുള്ള ജനാധിപത്യ വിരുദ്ധ സംവിധാനം നിലനില്‍ക്കുമ്പോഴും രാജ്യങ്ങള്‍ക്കിടയിലുള്ള ജനാധിപത്യ പ്രക്രിയ മുന്നോട്ടുതന്നെയാണ് പോകുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണം യൂറോപ്യന്‍ യൂണിയന്‍ തന്നെയാണ്. സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങളായി മാറിയ 30ഓളം രാഷ്ട്രങ്ങളുടെ ജനാധിപത്യപരമായ ഏകീകരണ പ്രക്രിയയാണത്. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് എവിടെപോകാനും സാമ്പത്തികവിനിമയം നടത്താനുമുള്ള അവകാശം ചെറിയ കാര്യമല്ല. ദേശീയരാഷ്ട്രങ്ങളുടെ ജനാധിപത്യപരമായ പരിണാമത്തിലെ നാഴികകല്ലാണ് ഈ മാറ്റം. ഈ പ്രക്രിയ ആഗോളതലത്തിലേക്കു വ്യാപിക്കമണം. അപ്പോള്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുതകള്‍ ഇല്ലാതാകും. ഇപ്പോള്‍ ഇതൊരു കാല്‍പ്പനിക ഭാവനയായി തോന്നാം. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ അനുഭവം അത്തരമൊരു സാധ്യതയെ തള്ളിക്കളയാന്‍ അനുവദിക്കുന്നില്ല.

ദേശീയതയെ കുറിച്ചുള്ള കമ്യൂണിസ്റ്റ് നിലപാടിനെ കുറിച്ച് എന്തുപറയുന്നു?
മാര്‍ക്‌സടക്കമുള്ള മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ ദേശീയതയെ കുറിച്ച് ഗൗരവപരമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മുതലാളിത്ത വിപണിയുടെ സൃഷ്ടിയായാണ് മാര്‍ക്‌സ് ദേശീയതയെ നോക്കി കണ്ടത്. ദേശീയ സാമൂഹ്യ സ്വത്വബോധത്തെ അദ്ദേഹം അവഗണിച്ചു. അതിനാല്‍ സോഷ്യലിസ്റ്റ് പരിണാമത്തോടെ വിപണി ഇല്ലാതാകുന്നതോടെ ദേശീയതയും അപ്രസക്തമാകുമെന്നു കരുതി. അതുവരെയുള്ള താല്‍ക്കാലിക പ്രതിഭാസം മാത്രമായാണ് ദേശീയതയെ മാര്‍ക്‌സിസറ്റുകള്‍ പരിഗണിച്ചത്. റഷ്യയില്‍ ഒരു പ്രായോഗികപ്രശ്‌നം എന്ന രീതിയില്‍ ലെനിന്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെയാണ് ദേശീയ സ്വയംനിര്‍ണ്ണയാവകാശം എന്ന ആശയം ഉയര്‍ന്നു വന്നത്. അപ്പോഴും കമ്യണിസ്റ്റ് ഏകീകരണ പ്രക്രിയയിലൂടെ അതിനെ മറികടക്കണമെന്നും ഉന്നയിക്കപ്പെട്ടിരുന്നു. അതായത് ദേശീയസ്വയം നിര്‍ണ്ണയാവകാശം ഉള്ളപ്പോഴും വിട്ടുപോകാതെ ദേശീയതകള്‍ സ്വമേധയാ ഒന്നിക്കണം എന്നര്‍ത്ഥം. പക്ഷെ യഥാര്‍ത്ഥത്തില്‍ സോവിയറ്റ് യൂണിയനില്‍ മുകളില്‍ നിന്ന് അടിച്ചേല്‍പ്പിച്ച ഐക്യമാണ് നടപ്പായത്. അതാണ് പിന്നീടത് വിവിധ ദേശീയ രാഷ്ട്രങ്ങളായി പിരിയാന്‍ കാരണമായത്. യൂറോപ്പില്‍ സ്വയം പരമാധികാരരാഷ്ട്രങ്ങളായി മാറിയ രാജ്യങ്ങള്‍ സ്വന്തം കാലില്‍ ഉറച്ചുനിന്ന് ജനാധിപത്യപരമായ ഏകീകരണത്തിനു തയ്യാറായപ്പോള്‍ സോവിയറ്റ് യൂണിയനിലെ കൃത്രിമമായ ഐക്യം തകര്‍ന്നടിയുകായിരുന്നു. അതിന്റെ മറുവശമായിരുന്നു ജര്‍മ്മനിയില്‍ ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ച.

ലോകചരിത്രത്തില്‍ അമേരിക്കയുടെ വളര്‍ച്ചയെ എങ്ങനെ നോക്കികാണുന്നു?
ചരിത്രപ്രക്രിയകള്‍ എപ്പോഴും നടക്കുന്നത് കര്‍ക്കശമായ നിയമങ്ങളംഗീകരിച്ചല്ല. ചരിത്രം സഞ്ചരിക്കുന്നത് ഋജുരേഖയിലുമല്ല. പലപ്പോഴും യാദൃശ്ചികമായ സംഭവങ്ങള്‍ ചരിത്രത്തെ ശക്തമായി സ്വാധീനിക്കാറുണ്ട്. അത്തരമൊരു പ്രതിഭാസമാണ് ലോകചരിത്രത്തില്‍ അമേരിക്കയുടെ ഉദയം. തികച്ചും യാദൃശ്ചികമായി ഇന്ത്യക്കുപകരം കണ്ടെത്തിയ അമേരിക്കയിലേക്കുണ്ടായ കുടിയേറ്റമാണ് വ്യത്യസ്ഥമായ ഈ ചരിത്രപ്രക്രിയയെ സൃഷ്ടിച്ചത്. രണ്ടു അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും വ്യത്യസ്ഥരീതിയിലാണ് കൊളോയണലിസ്റ്റ് കാലം ആരംഭിച്ചത്. തെക്കെ അമേരിക്കയില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ രാജ്യങ്ങളായിരുന്നു ഇത്തരമൊരു പ്രക്രയക്ക് തുടക്കമിട്ടത്. തദ്ദേശീയജനതയെ ഉള്‍ക്കൊണ്ടായിരുന്നു അവിടെ കൊളോയണലിസത്തിന്റെ വളര്‍ച്ച. എന്നാല്‍ തെക്കെ അമേരിക്കയില്‍ മുഖ്യമായും കുടിയേറ്റം നടന്നത് ഇംഗ്ലണ്ടില്‍ നിന്നുള്ളവരുടെ നേതൃത്വത്തിലായിരുന്നു. തദ്ദേശവാസികളെ ക്രൂരമായി പുറത്താക്കിയായിരുന്നു അവര്‍ മേധാവിത്വം സ്ഥാപിച്ചത്. ലോകത്തൊരിടത്തും നടക്കാത്ത രീതിയിലുള്ള അധിനിവേശമായിരുന്നു അവിടെ നടന്നത്. ഏറ്റവും പരിഷ്‌കൃതരാണെന്നവകാശപ്പെട്ടിരുന്ന വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു അധിനിവേശക്കാര്‍. അതിനാല്‍തന്നെ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും ആധുനികമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തികശക്തിയായി മാറാനും കഴിഞ്ഞു. ലോകയുദ്ധങ്ങളിലും കാര്യമായ പോറലുകള്‍ ഉണ്ടായില്ല. വിവിധ കൊളോണിയല്‍ രാജ്യങ്ങളില്‍ നടന്ന വിമോചനസമരങ്ങളുമായി ബന്ധമില്ലാത്ത പ്രക്രിയകളായിരുന്നു അവിടെ നടന്നത്. അധിനിവേശക്കാരും തദ്ദേശീയ അധികാരികളും എല്ലാം പങ്കുവെക്കുകയായിയരുന്നു. അങ്ങനെ വലിയ നേട്ടങ്ങളായിരുന്നു കുടിയേറ്റക്കാര്‍ക്ക് ലഭിച്ചത്. ഇന്നും അമേരിക്ക വന്‍ശക്തിയായി തുടരുന്നതിനു പുറകില്‍ ഈ ചരിത്രങ്ങളെല്ലാം കാരണമാണ്.

ദേശീയതയുടെ വളര്‍ച്ച പലപ്പോഴും അപരരെ സൃഷ്ടിച്ചുകൊണ്ടാണെന്നു പറയാറുണ്ടല്ലോ?
യഥാര്‍ത്ഥ ദേശീയതയുടെ വളര്‍ച്ചക്ക് അപരന്റെ ആവശ്യമില്ല. ഏറ്റവും നല്ല ഉദാഹരണം ഫ്രാന്‍സ് തന്നെ. റൂസോയുടെ കാലം മുതലേ അവിടെ അവിടെ പുതിയ ജനാധിപത്യബോധത്തിന്റെ പിറവിയുണ്ടായിരുന്നു. നവോത്ഥാനവും ബുദ്ധിപരമായ വികാസവും സാമൂഹ്യവളര്‍ച്ചയുമെല്ലാം അതിനു കാരണമായി. ഇംഗ്ലണ്ടിലാകട്ടെ പാര്‍ലിമെന്റേറിസമാണ് ഇത്തരമൊരു വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചത്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അതാതുരാജ്യത്തെ രാജവാഴ്ചക്കെതിരായ സമരങ്ങളിലൂടെയായിരുന്നു ദേശീയവികാരം ശക്തിപ്പെട്ടത്. അല്ലാതെ അപരനിലൂടെയല്ല.

ഇന്ത്യയിലോ?
പരമ്പരാഗതമായി ഇന്ത്യന്‍ ദേശീയത എന്ന പ്രതിഭാസത്തിന്റെ വളര്‍ച്ചക്ക് രാഷ്ട്രീയ അടിസ്ഥാനം ഇല്ലായിരുന്നു. പല ഘട്ടങ്ങളില്‍ വലിയ വെട്ടിപ്പിടുത്തങ്ങള്‍ നടത്തിയ ചക്രവര്‍ത്തിമാര്‍ പോലും ഇപ്പോഴത്തെ ഇന്ത്യയുടെ പകുതിഭാഗം പോലും കീഴടക്കിയിരുന്നില്ല. അതുപോലും വളരെ കുറഞ്ഞ കാലത്തേക്കായിരുന്നു. സത്യത്തില്‍ അനവധി രാജാക്കന്മാരുടേയും ചക്രവര്‍ത്തിമാരുടേയും ഭരണമേഖലകളായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡം. പൊതുവായ ദേശീയതക്ക് അടിസ്ഥാനമായി ഒന്നുമുണ്ടായിരുന്നില്ല. അപ്പോഴും യൂറോപ്പിനെ പോലെ സാംസ്‌കാരികമായ ചില സമാനതകള്‍ ഉണ്ടായിരുന്നു. പുരാണങ്ങളുടേയും വേദങ്ങളുടേയും സ്വാധീനവും ജാതിവ്യവസ്ഥയും മറ്റും നിലവിലുണ്ടായിരുന്നു. അതൊന്നും പക്ഷെ ദേശീയ ഏകീകരണത്തിനു കാരണമാകുന്നില്ല.
അതേസമയം ലോകത്തുപലഭാഗത്തും ആധുനിക രാഷ്ട്ര രൂപവല്‍ക്കരണങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രാദേശിക ഭാഷകള്‍ വളരാന്‍ തുടങ്ങിയിരുന്നു. യൂറോപ്പില്‍ നിലനിന്നിരുന്ന ലാറ്റിന്‍ ആധിപത്യത്തിനെതിരെ പ്രാദേശികഭാഷകള്‍ വളര്‍ന്നുവരുകയും അവസാനം ദേശീയരാഷ്ട്രരൂപീകരണത്തില്‍ എത്തുകയും ചെയ്തപോലുള്ള സംഭവവികാസങ്ങള്‍ ഇവിടേയും ആരംഭിക്കാന്‍ തുടങ്ങിയിരുന്നു. ഇവിടെയത് ഭക്തിപ്രസ്ഥാനത്തിന്റെ രൂപത്തിലായിരുന്നു. 15-16ാം നൂറ്റാണ്ടിലാരംഭിച്ച ഈ പ്രസ്ഥാനം ഭക്തിയുടെ കാര്യങ്ങളിലെങ്കിലും ജനാധിപത്യാവകാശം സ്ഥാപിച്ചുകിട്ടാനായിരുന്നു. ജാതിവ്യവസ്ഥ സൃഷ്ടിച്ചിരുന്ന ജനാധിപത്യവിരുദ്ധതക്കെതിരായ ആദ്യകലാപമായിരുന്നു അത്. സംസ്ൃതമേധാവിത്വത്തിനെതിരായ പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയും ആ കാലഘട്ടത്തില്‍ പ്രകടമാണ്.
എന്നാല്‍ ഈ പ്രക്രിയ ഇന്ത്യയില്‍ മുന്നോട്ടു പോയില്ല. കാരണം കൊളോണിയല്‍ ആധിപത്യം. ചരിത്രഗതിയെതന്നെ അത് വഴിമാറ്റിവിട്ടു. പിന്നീട് ഇവിടെ ജനാധിപത്യപ്രക്രിയ മുന്നേറിയത് കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ രൂപത്തിലായിരുന്നു. യൂറോപ്പില്‍ ജനാധിപത്യ പ്രക്രിയ, ഫ്യൂഡല്‍ മേധാവിത്വത്തെ തകര്‍ത്തെങ്കില്‍ ഇവിടെ കോളോണിയലസിത്തിനെതിരായ സമരത്തിലൂടെ ജനാധിപത്യവല്‍ക്കരണത്തിന് തുടക്കമിട്ടത് ഫ്യൂഡലിസ്റ്റ് മുന്‍കൈയിലായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരം തന്നെ ഉദാഹരണം. പാശ്ചാത്യവിദ്യാഭ്യാസം നേടിയ ഫ്യൂഡല്‍ സവര്‍ണ്ണ പശ്ചാത്തലമുള്ള നേതാക്കളുടെ മുന്‍കൈയിലായിരുന്നു ജനാധിപത്യവല്‍ക്കരണ പ്രക്രിയ മുന്നോട്ടുപോയത്. സമാന്തരമായി നേരത്തെ സൂചിപ്പിച്ച ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയുമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ഫൂലേ പ്രസ്ഥാനമായിരുന്നു അതിന്റെ ഏറ്റവും മികച്ച രൂപം. കേരളത്തിലെ നവോത്ഥാനപ്പസ്ഥാനങ്ങളും പൊതുവില്‍ പറഞ്ഞാല്‍ ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗം തന്നെ. സ്വാതന്ത്യസമരപ്രസ്ഥാനത്തിനു സമാന്തരമായി ഈ ധാരയും വളര്‍ന്നു. ആ സമാന്തരപ്രക്രിയയുടെ രാഷ്ട്രീയരൂപമാണ് അംബേദ്കര്‍ പ്രസ്ഥാനത്തിലൂടെ പിന്നീട് ശക്തമായത്.

ഇതിലേതുധാരയാണ് കൂടുതല്‍ ശക്തം?
ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയില്‍ രണ്ടു ധാരകളും ശക്തമായിരുന്നു. എങ്കിലും ആദ്യധാര തന്നെയായിരുന്നു കൂടുതല്‍ ശക്തം. ജാതിവ്യവസ്ഥക്കെതിരെയുള്ള പോരാട്ടത്തിലൂടെ മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറയുണ്ടാകൂ എന്ന അംബേദ്കര്‍ വീക്ഷണം അടുത്ത കാലത്താണ് പ്രായോഗികരൂപം കൈകൊള്ളാന്‍ തുടങ്ങിയത്. ഈ ജനാധിപത്യവല്‍ക്കരണപ്രക്രിയകള്‍ക്കിടിയല്‍ ദേശീയരൂപവല്‍ക്കരണ പ്രക്രിയയും പലവിധ പരിണാമങ്ങള്‍ക്ക് വിധേയമായി. ഭാഷാദേശീയതകള്‍ എന്നു കൃത്യമായി പറയാനാകില്ലെങ്കിലും ഭാഷാസമൂഹങ്ങള്‍ എന്ന അവസ്ഥ ഇവിടെ 19-ാം നൂറ്റാണ്ടില്‍ തന്നെ ഉണ്ടായിരുന്നു. പ്രമുഖഭാഷാ സമൂഹങ്ങള്‍ സംഘടിക്കാനും തുടങ്ങിയിരുന്നു. ഗാന്ധിജിയായിരുന്നു ഈ വിഷയം അതിന്റെ ഗൗരവത്തോടെ തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തി ഗുജറാത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹത്തിന് ഈ വിഷയത്തിന്റെ പ്രാധാന്യം പിടികിട്ടിയിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വം താന്‍ ഏറ്റെടുക്കണമെങ്കില്‍ അതിനെ ഭാഷാടിസ്ഥാനത്തില്‍ പുനസംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയാണ് ഐക്യകേരളത്തിനുമുമ്പെ കെ പി സി സി നിലവില്‍ വന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ദേശീയതകളുടെ സ്വയം നിര്‍ണ്ണയാവകാശം ആവശ്യപ്പെട്ടു. അതേസമയം തന്നെ കോളോണിയല്‍ വിരുദ്ധ സമരത്തിലൂടെ രൂപം കൊണ്ട അഖിലേന്ത്യാ ഐക്യം എന്ന ആശയവും ശക്തിപ്പെട്ടു. ഇതാണ് ഇന്ത്യയുടെ സവിശേഷ അവസ്ഥക്കു കാരണമായത്. ഭാഷാസമൂഹങ്ങള്‍ക്ക് സ്വന്തം അസ്തിത്വവും ഒപ്പം ബ്രിട്ടീഷ് വിരുദ്ധ സമരത്തിലൂടെ ഏകീകരിച്ച രാജ്യം എന്ന സങ്കല്‍പ്പവും പരസ്പരപൂരകം എന്ന രീതിയില്‍ വളര്‍ന്നു. ഇതാണ് ഇന്ത്യയിലെ ഫെഡറല്‍ ഘടനക്ക് അടിസ്ഥാനമായത്.

ഇന്ത്യയില്‍ ഫെഡറലിസം നിലവിലുണ്ടെന്നാണോ പറയുന്നത്?
ഇന്ത്യയിലെ ഫെഡറല്‍ ഘടനക്ക് വേണ്ടത്ര ഫെഡറല്‍ സ്വഭാവമില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. അതില്‍ ശരിയുണ്ട്. കൂടുതല്‍ കൂടുതല്‍ കേന്ദ്രീകരണമാണ് നടക്കുന്നത്. അതിനെതിരെ പലപ്പോഴും പല രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. അപ്പോഴും അടിസ്ഥാനപരമായ ഫെഡറല്‍ ഘടന അസംബ്ലിയുടേയും മറ്റും രൂപത്തില്‍ ശക്തമാണ്. സോവിയറ്റ് യൂണിയനെ പോലെ ഈ ഘടന തകരാനിടയില്ല. വെറും രണ്ടുഭാഷ മാത്രം നിലനില്‍ക്കുന്ന ശ്രീലങ്കയുമായി താരതമ്യം ചെയ്യുമ്പോഴും നമ്മുടെ സംവിധാനം എത്രയോ മെച്ചമാണെന്നു കാണാം. ഇത്രയും വൈവിധ്യങ്ങളോടെ ഈ രാജ്യം ഒന്നിച്ചു നില്‍ക്കുന്നത് ആഗോളതലത്തില്‍ തന്നെ വ്യത്യസ്ഥമായ രാഷ്ട്രീയ അനുഭവമാണ്.

കാശ്മീര്‍ ഇപ്പോഴും പുകയുകയാണല്ലോ? അതിനൊരു പരിഹാരം സാധ്യമാണോ?
എളുപ്പമല്ല. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ഇന്ത്യാ – പാക് വിഭജനം മുതല്‍ അതാരംഭിക്കുന്നു. അന്ന് ജമ്മു കാശ്മീരില്‍ മുസ്ലിങ്ങളായിരുന്നു കൂടുതലെങ്കിലും ഹിന്ദുക്കളും ധാരാളമായിരുന്നു. ഭരിച്ചിരുന്നത് ഹിന്ദുരാജാവായിരുന്ന ഹരിസിംഗായിരുന്നു. ജനസംഖ്യാധിഷ്ഠിതമായി വിഭജനം കഴിഞ്ഞപ്പോള# സ്വാഭാവികമായും കാശ്മീര്‍ പാക്കിസ്ഥാനിലും ജമ്മു ഇന്ത്യയിലും വരുമായിരുന്നു. പക്ഷെ രാജാവ് ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. പ്രതേക പദവിയോടെയാണ് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്. പിന്നീടാ പദവി ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു. അത്തരം പദവി നല്‍കാന്‍ പാടില്ലായിരുന്നു എന്ന വാദം ഇപ്പോള്‍ ശക്തമാണ്. അതില്‍ ശരിയില്ല എന്നു പറയാനാകില്ല. മുസ്ലിം ഭൂരിപക്ഷമായതിനാല്‍ വിഭജനസമയത്തെ തത്വമനുസരിച്ച് കാശ്മീരിനെ തങ്ങള്‍ക്കു ലഭിക്കണമെന്നാണ് പാക്കിസ്ഥാന്‍ നിലപാട്. എന്നാല്‍ ഇപ്പോള്‍ അവിടത്തെ മുസ്ലിമുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന വാദവും ശക്തമാണ്. അതിനിടയില്‍ ഇരുരാജ്യത്തിന്റേയും ഭാഗമാകാതെ സ്വതന്ത്ര ജമ്മുകാശ്മീര്‍ എന്ന വാദവും ഉയര്‍ന്നിരുന്നു. പക്ഷെ ഇന്ത്യാ – പാക് സംഘര്‍ഷത്തിനും ഭീകരപ്രസ്ഥാനങ്ങള്‍ക്കുമിടിയല്‍ അതിന്റെ വക്താക്കള്‍ക്ക് നിലനില്‍ക്കുക എളുപ്പമായിരുന്നില്ല. പ്രശ്‌നം വളരെ രൂക്ഷവും സങ്കീര്‍ണ്ണവുമായി തുടരുകതന്നെയാണ്. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ഒത്തുതീര്‍പ്പുണ്ടാക്കുക മാത്രമാണ് പോംവഴി. അതിനുള്ള ആര്‍ജ്ജവം പക്ഷെ ഇരുകൂട്ടര്‍ക്കും കാണാനില്ല.

ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് അനുകൂലമായ സാഹചര്യമെന്താണ്?
ഇന്ത്യന്‍ രാഷ്ട്രീയഘടനയുടെ സവിശേഷത ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവയാണ്. അവ പരസ്പരപൂരകമാണ്. ഇതിലേതെങ്കിലും ദുര്‍ബ്ബലമായാല്‍ ഇന്നത്തെ അന്തരീക്ഷം തന്നെ മാറും. സമീപകാലത്തു ശക്തമാകുന്ന മതാധിഷ്ഠിതദേശീയത എന്ന സങ്കല്‍പ്പം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഇവക്കെല്ലാം ഭീഷണിയാണ്. ഇതുവരെയുള്ള ഇന്ത്യന്‍ ചരിത്രത്തെ നിഷേധിക്കുന്ന രീതിയിലാണത് വളരുന്നത്. തീര്‍ച്ചയായും അതൊരു വലിയ ഭീഷണിയുമാണ്. എന്നാല്‍ ചരിത്രപരമായി പരിശോധിക്കുമ്പോള്‍ അത്തരമൊരു പ്രക്രിയക്ക് വളരാനുള്ള സാഹചര്യം അനുകൂലമല്ല എന്നു കാണാം. ഒന്നാമതായി ഭാഷാസമൂഹങ്ങളുടെ അസ്തിത്വം. പിന്നെ ഹിന്ദുത്വത്തിന്റെ ആന്തരിക ശിഥിലീകരണം. വര്‍ണ്ണ ജാതി വ്യവസ്ഥയിലെ വൈരുദ്ധ്യങ്ങള്‍ രൂക്ഷമാക്കുന്ന രീതിയിലാണ് ഹിന്ദുത്വ ദേശീയത മേധാവിത്വത്തിനു ശ്രമിക്കുന്നത്. അടിസ്ഥാനവിഭാഗത്തിലെ വലിയൊരു ഭാഗം ഈ പ്രക്രിയയില്‍ പങ്കാളികളാകാന്‍ പോകുന്നില്ല. സംഘപരിവാറിന് താല്‍ക്കാലിക നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും ഹിന്ദുരാഷ്ട്രം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുമെന്ന് കരുതാനാകില്ല. ഈ ദൗര്‍ബ്ബല്ല്യം തിരിച്ചറിയുന്നതിനാല്‍ തന്നെയാണവര്‍ കൃത്രിമമായ ദേശീയബോധം വളര്‍ത്താന്‍ ശ്രമിക്കുന്നത്. പാക്കിസ്ഥാനേയും ചൈനയേയും ശത്രുരാജ്യങ്ങളായി കാണുന്നതും മുസ്ലിമുകളെ ശത്രുക്കളും അപരരുമായി കാണുന്നതും ആ ലക്ഷ്യത്തിലാണ്. ബാബറി മസ്ജിദ് മുതല്‍ ഗോവധനിരോധനം വരെയുള്ള സംഭവങ്ങളും അതിനുവേണ്ടിയാണ്. മറ്റു മതങ്ങളെപോലെ കേന്ദ്രീകൃത ആശയ സംഹിതയോ നേതൃത്വമോ സംഘടനാരൂപമോ ഇല്ലാത്ത ഒന്നാണ് ഹിന്ദുമതം എന്നു വിളിക്കപ്പെടുന്ന സങ്കല്‍പ്പം. ഏകീകൃതമാണെന്നു തോന്നുന്ന ഏകഘടകം നിഷേധാത്മകമായ ജാതിവ്യവസ്ഥയാണ്. അതിനാല്‍ പുതിയ ഹിന്ദുത്വബിംബങ്ങള്‍ അവര്‍ക്ക് അനിവാര്യമാണ്. ചരിത്രപരമായി ഒരടിസ്ഥാനവുമില്ലാത്ത ഗോമാതാസങ്കല്‍പ്പം അതിന്റെ ഭാഗമാണ്. ബ്രാഹ്മണര്‍പോലും വലിയൊരു ഭാഗം മാംസഭുക്കുകളായിരുന്നു എന്ന് പ്രശസ്തചരിത്രകാരന്മാര്‍ പോലും ചൂണ്ടികാട്ടിയിട്ടുണ്ട്. ഹിന്ദുത്വസത്വബോധം വളര്‍ത്താനുള്ള പല ശ്രമങ്ങളില്‍ ഒന്നാണ് കൃത്രിമമായി വളര്‍ത്തിയെടുക്കുന്ന ഗോമാതാ സങ്കല്‍പ്പം. പക്ഷെ വലിയൊരു വിഭാഗം ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം പോലും അടക്കുന്ന ഈ നീക്കം വിജയിക്കാനിടയില്ല.

ഹിന്ദുത്വരാഷ്ട്രവാദത്തെ എങ്ങനെയാണ് പ്രതിരോധിക്കാനാവുക?
ഹിന്ദുത്വരാഷ്ട്രീയം അടിസ്ഥാനപരമായി മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരാണ്. ഏതു മതാധിഷ്ഠിതരാഷ്ട്രീയത്തിനും അങ്ങനെയേ നിലനില്‍ക്കാനാകൂ. ഈ ഫാസിസം വെല്ലുവിളിക്കുന്നത് മതേതര ജനാധിപത്യ ശക്തികളെ തന്നെയാണ്. അവയുയര്‍ത്തിപിടിക്കുന്ന ശക്തികളുടെ ഐക്യത്തിലൂടേയേ ഇതിനെ പ്രതിരോധിക്കാനാവൂ. ഇക്കാര്യത്തില്‍ രണ്ടുവീക്ഷണം നിലനില്‍ക്കുന്നുണ്ട്. ഹിന്ദുത്വത്തിനെതിരായ നിലപാടെടുക്കുന്ന എല്ലാവരും ഒന്നിക്കണമെന്നതാണ് ഒരു വീക്ഷണം. മതേതര ജനാധിപത്യ ശക്തികള്‍ മാത്രമാണ് ഈ പോരാട്ടം നടത്തേണ്ടതെന്നതാണ് രണ്ടാമത്തെ വീക്ഷണം. ഹിന്ദുത്വത്തെ എതിര്‍ക്കുന്നവരില്‍ മതേതരനിലപാടില്ലാത്ത വിഭാഗങ്ങളുണ്ട്. അതുപോലെ ജനാധിപത്യത്തെ ആശയപരമായി അംഗീകരിക്കാത്ത, അടവുപരമായി മാത്രം കാണുന്ന വിഭാഗങ്ങളുണ്ട്. താല്‍ക്കാലികമായി ഇവരെല്ലാം ഐക്യപ്പെടണമെന്നു പറയാം. പ്രായോഗികരംഗത്ത് അത്തരം ഐക്യങ്ങള്‍ ആവശ്യവുമാകാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രണ്ടാമത്തെ നിലപാടാണ് ശരി

ഇത്തരം പ്രതിരോധത്തിന് ദളിത് നേതൃത്വം അനിവാര്യമാണെന്ന നിലപാടിനെ കുറിച്ച്?
ഇത്തരം പ്രതിരോധത്തിന് ദളിത് നേതൃത്വം വേണമെന്ന വാശി ശരിയല്ല. സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ളവരാണ് തൊഴിലാളിവര്‍ഗ്ഗമെന്നതിനാല്‍ സാമൂഹ്യവിപ്ലവം അവരുടെ നേതൃത്വത്തില്‍ എന്നു പറയുന്നപോലെയാണിതും. ശരിയാണ്. ഇന്ത്യനവസ്ഥയില്‍ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന വിഭാഗം ദളിതരാണ്. തീര്‍ച്ചയായും ഈ പോരാട്ടത്തില്‍ അവര്‍ക്കും പ്രധാന പങ്കുണ്ട്. എന്നാല്‍ നേതൃത്വത്തെ കുറിച്ചുള്ള ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമാണ്. ജനാധിപത്യ മതേതരശക്തികള്‍ ഒന്നടങ്കം നടത്തേണ്ട പോരാട്ടമാണിത്.

ഹിന്ദുത്വശക്തികളും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ബന്ധം ഇവിടെ വളരെ ശക്തമാണല്ലോ?
കോര്‍പ്പറേറ്റുകള്‍ ലോകത്തെവിടെയായാലും ശ്രമിക്കുക വളരുന്ന രാഷ്ട്രീയശക്തികളുമായി ഐക്യപ്പെടുക തന്നെയാണ്. എന്നിട്ട് ആ അവസരം ഉപയോഗിക്കുക. അതിനപ്പുറമൊരു രാഷ്ട്രീയമൊന്നും അവര്‍ക്കില്ല. ഇന്ത്യയില്‍ ഇപ്പോള്‍ ഹിന്ദുത്വശക്തികള്‍ മുന്‍കൈ നേടിയതിനാല്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു.

കേരളത്തില്‍ ഹിന്ദുത്വശക്തികള്‍ക്കെതിരായ പ്രതിരോധം സാധ്യമാകുക കമ്യൂണിസ്റ്റ് നേതൃത്വത്തിലാണോ?
കേരളത്തില്‍ ശക്തമായ ആധിപത്യമുള്ളതിനാല്‍ സിപിഎം നേതൃത്വത്തിലാണ് സംഘപരിവാറിനെ പ്രതിരോധിക്കാനാകുക എന്ന വാദം ശക്തമാണ്. കായികമായി അവരെ നേരിടാന്‍ സിപിഎം ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ അതു സ്ഥായിയല്ല. ഹിന്ദുത്വശക്തികളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ അടിത്തറ അവര്‍ക്കില്ല. അഖിലേന്ത്യാതലത്തില്‍ ഹിന്ദുത്വശക്തികളെ പ്രതിരോധിക്കുന്നതില്‍ മുമ്പില്‍ അംബേദ്കര്‍ – ലോഹ്യയിസ്റ്റുകളാണ്. E രാഷ്ട്രീയത്തെ കേരളത്തില്‍ തടഞ്ഞു നിര്‍ത്തിയത് കമ്യൂണിസ്റ്റുകളാണ്. അതോടെ ദളിത് – പിന്നോക്ക വിഭാഗങ്ങള്‍ പല പാര്‍ട്ടികളിലായി ചിന്നിച്ചിതറി. അതാണ് ബിജെപിയുടെ സമകാലിക വളര്‍ച്ചക്ക് പ്രധാന കാരണം.

അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സിന്റെ റോളെന്താണ്?
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ സീറ്റുകള്‍ നേടിയെങ്കിലും ബിജെപിക്ക് കിട്ടിയത് 40 ശതമാനത്തിന്‍ കീഴെ വോട്ടുമാത്രമാണല്ലോ. ബാക്കി വോട്ടില്‍ ഭൂരിഭാഗവും നേടിയത് കോണ്‍ഗ്രസ്സ് തന്നെ. സംഘപരിവാറിനെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ്സിനു വലിയ റോളുണ്ട്. ജനാധിപത്യ – മതേതരപ പിന്നോക്ക ശക്തികളെ ഐക്യപ്പെടുത്തുന്നതില്‍ നേതൃത്വപരമായ പങ്കു വഹിക്കേണ്ടത് കോണഅ#ഗ്രസ്സാണ്. എന്നാല്‍ ശക്തമായ നേതൃത്വമില്ലാത്തതാണ് അവരുടെ പ്രശ്‌നം.

ഇന്ത്യിയല്‍ ഫാസിസം ഉടലെടുത്തോ ഇല്ലയോ എന്ന ചര്‍ച്ചയെ കുറിച്ചെന്തു പറയുന്നു?
ഇന്ത്യയില്‍ ഫാസിസം വന്നോ ഇല്ലയോ എന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് സിപിഎം ആണ്. അതിനു കാരണം ആശയപരമല്ല, പ്രായോഗികമാണ്. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണെന്ന് അംഗീകരിച്ചാല്‍ അതിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സുമായി ഐക്യപ്പെടേണ്ടിവരും. അതിന് കേരളത്തിലെ പാര്‍ട്ടി തയ്യാറല്ല. കേരളത്തിനാണല്ലോ ഇന്ന് പാര്‍ട്ടയില്‍ ആധിപത്യം. അതിനാല്‍ കേരള നേതാക്കളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അഖിലേന്ത്യാനേതാക്കളും ആ നിലപാടുകാരാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം നോക്കിയാണ് ഫാസിസമാണോ എന്ന് വിലയിരുത്തേണ്ടത്. ആര്‍ എസ് എസ് നേതൃത്വത്തിള്ള സംഘപരിവാര്‍ രാഷ്ട്രീയം കൃത്യമായും ഫാസിസമാണ്. ജനാധിപത്യസംവിധാനത്തില്‍ കൂടി അധികാരത്തില്‍ വരുന്നു എന്നതുകൊണ്ട് ഫാസിസമല്ല എന്നു പറയാനാകില്ല.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലും മോദി വിജയിക്കാനിടയുണ്ടോ?
അടുത്ത തെരഞ്ഞെടുപ്പിലും മോദി വിജയിച്ചുവരുമെന്നാണ് പൊതു അഭിപ്രായമെങ്കിലും അത് പൂര്‍ണ്ണമായും ഉറപ്പിക്കാനാവില്ല. വികസനത്തെ കുറിച്ചുള്ള മോദിയുടെ പ്രസ്താവനകളുടെ തട്ടിപ്പ് ജനം തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യമെങ്ങും ഉയരുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ അതിനു തെളിവാണ്. അതുപോലെ ഹിന്ദുത്വവാദത്തിനെതിരെ ദളിത് ശക്തികളും ശക്തമായി രംഗത്തുണ്ട്. ഈ പോരാട്ടങ്ങള്‍ ശക്തിപ്പെടുകയും മതേതര ജനാധിപത്യ ശക്തികള്‍ ഒന്നിക്കുകയും ചെയ്താല്‍ ചിലപ്പോള്‍ മോദിയുടെ വ്യാമോഹം മിഥ്യയായിതീരും. ഒപ്പം ഹിന്ദുദേശീയത എന്ന വാദവും.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>