സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jul 26th, 2017

ജനാധിപത്യോത്സവവും സിപിഎമ്മും

Share This
Tags

cc

ആസാദ്

ജനാധിപത്യോത്സവം എന്ന ഒരു പരിപാടി ആഗസ്തില്‍ കോഴിക്കോട്ടു സംഘടിപ്പിക്കുന്നുണ്ടല്ലോ. അതു സിപിഎം നേതൃത്വത്തിലാണെന്ന വിമര്‍ശമുണ്ടെന്നു കേട്ടു. അതിലെന്താണ് വിമര്‍ശിക്കാനുള്ളത്? ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണത്തിനും പൊതുവേദിക്കും സിപിഎം മുന്‍കൈയെടുക്കുകയാണെങ്കില്‍ അഭിനന്ദിക്കുകയും ഐക്യപ്പെടുകയുമല്ലേ വേണ്ടത്?
ശരിയാണ്. ഫാഷിസ്റ്റ് വിരുദ്ധവേദിക്ക് ആരു മുന്‍കൈയെടുത്താലും പിന്തുണയ്ക്കണം. മഹത്തായ മാനവികതയും ജനാധിപത്യവും പുലരണം. ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുണ്ടാക്കാന്‍ മറ്റാരെക്കാളും യോഗ്യത കമ്യൂണിസ്റ്റുകാര്‍ക്കാണുതാനും. ഭരണകൂടംതന്നെയില്ലാത്ത ജീവിതം സ്വപ്നം കാണുന്നവര്‍ വേറെയാരുണ്ട്?
ഫാഷിസം വംശ/വര്‍ണ മഹിമയുടെ ഏകശാസനാത്മകവും ഹിംസാത്മകവുമായ ഒരധികാരരൂപം മാത്രമല്ല. അത് മത്സരോത്സുക മൂലധനാധിനിവേശത്തില്‍നിന്നു മാത്രം ഊര്‍ജ്ജമൂറ്റി തഴയ്ക്കുന്ന കോര്‍പറേറ്റ് മുതലാളിത്ത ഭരണക്രമംകൂടിയാണ്. ഫാഷിസമെന്നാല്‍ ഇതില്‍ ഒന്നു മാത്രമാണെന്ന ചിന്ത അപക്വവും ഭാഗികവും ചരിത്രബോധമില്ലാത്തതും ആണ്. വംശ/വര്‍ണ ചിന്തകള്‍ക്കും അതിന്റെ നൃശംസകള്‍ക്കും എതിരെ പൊരുതാനുള്ള ആഹ്വാനവും അങ്ങനെയൊരു ജനകീയ പ്രതിരോധം കെട്ടിപ്പടുക്കാമെന്ന നിശ്ചയവും ലക്ഷ്യവേധിയാവുകയില്ല.
കോര്‍പറേറ്റ് മൂലധന ചൂഷണങ്ങളോടു സന്ധിചെയ്യുന്നവര്‍ക്ക് ഫാഷിസത്തിനെതിരായ പോരാട്ടം നയിക്കാനാവില്ല. വര്‍ണാധിപത്യത്തിനെതിരെ, അതിന്റെ മനുഷ്യത്വവിരുദ്ധമായ കടന്നാക്രമങ്ങള്‍ക്കെതിരെ ഉറക്കെ സംസാരിക്കാനായേക്കും. എന്നാല്‍ അതിന് ആഘാതമേല്‍ക്കണമെങ്കില്‍ അതു വളര്‍ന്നുപൊന്തിയ മൂലധനാടിത്തറ തകര്‍ക്കണം. നമുക്ക് നിവരാനും ആ അടിത്തറയാണ് ശരണം എന്നു കരുതുന്നവര്‍ മറ്റൊരു ഫാഷിസത്തെയാണ് മുലയൂട്ടുന്നത്.
ഏതു ഭക്ഷണം കഴിക്കണം, ആരെല്ലാം എവിടെയെല്ലാം വസിക്കണം, ഏതേത് നിയമങ്ങളനുസരിക്കണം, ഏതു വഴക്കങ്ങള്‍ പാലിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ഇന്ത്യയില്‍ സംഘപരിവാരങ്ങളും കോര്‍പറേറ്റുകളും ഒരുപോലെയാണ് മത്സരിക്കുന്നത്. പുറംതള്ളലും അകറ്റി നിര്‍ത്തലും ഇരുകൂട്ടരുടെയും രീതിയാണ്. ദുര്‍ബ്ബലരുടെയും കീഴാളരുടെയും അദ്ധ്വാനിക്കുന്നവരുടെയും ജീവിതങ്ങള്‍ ഇരുകൂട്ടരുടെയും അജണ്ടയിലില്ല. ഇരുകൂട്ടര്‍ക്കും വികസനം ന്യൂനപക്ഷത്തിന്റെ ഉത്സവമാണ്. ഇത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. രണ്ടും അന്യോന്യാശ്രിതമാകുന്നതിന്റെ പ്രകടനങ്ങളാണ്.
കോര്‍പറേറ്റാശ്രിത ജനവിരുദ്ധ വികസന സങ്കല്‍പ്പം തിരുത്താന്‍ സിപിഎമ്മിനു സാധിക്കുമോ? അദാനിക്കു മാത്രം ലാഭമുണ്ടാകുന്ന വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ തിരുത്തിക്കുറിക്കുമോ? റയില്‍വേ സ്വകാര്യവത്ക്കരണത്തെ വിമര്‍ശിക്കുന്ന അതേ ആവേശത്തോടെ ദേശീയപാതാ സ്വകാര്യവത്ക്കരണത്തെ എതിര്‍ക്കുമോ? പുനരധിവാസത്തിനു ശേഷമല്ലാതെ ഒരുവിധ പുറംതള്ളലിനും അനുവദിക്കുകയില്ലെന്നു പറയാനാവുമോ? പൊതുഭൂമിയും വിഭവവും കൈയേറാന്‍ ആരെയും അനുവദിക്കില്ലെന്നും കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിക്കാനാവുമോ? റെഡ് കാറ്റഗറിയില്‍പെട്ട അപായകരമായ സംരംഭങ്ങള്‍ ജനസാന്ദ്രതയേറിയ പ്രദേശത്ത് തുടങ്ങാന്‍ അനുവദിക്കില്ലെന്നു ഉറപ്പു നല്‍കാനാവുമോ? ജാതിക്കോളനികളില്‍നിന്നു ദളിതരെ പൊതുജീവിത സാധ്യതകളിലേയ്ക്ക് സ്വാഗതം ചെയ്യുമോ? ആദിവാസികള്‍ക്ക് അവരുടെ ഭൂമി നല്‍കുമോ? അതിജീവനത്തിനു പൊരുതുന്ന സാധാരണ മനുഷ്യരെ മനസ്സിലാക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും ശ്രമിക്കുമോ?
ഫാഷിസ്റ്റു വിരുദ്ധ സമരത്തിന്റെ ഐക്യവും ശക്തിയും ഈ നിശ്ചയങ്ങളില്‍നിന്നേ രൂപപ്പെടുത്താനാവൂ. അത്രയും ധാരണയില്ലാതെ നടത്തുന്ന ഉത്സാഹങ്ങള്‍ കോമാളി നാടകങ്ങളായി പരിണമിക്കും. സാധാരണ ജനങ്ങള്‍ക്കൊപ്പമാണ്, കോര്‍പറേറ്റുകള്‍ക്കൊപ്പമല്ല എന്ന തീരുമാനമാവും ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുക. ഞങ്ങള്‍ ഫാഷിസത്തിനെതിരാണ് എന്നലറി വിളിച്ചതുകൊണ്ടായില്ല. പ്രയോഗത്തില്‍ അതു കാണണം. ഏതു ഭക്ഷണം കഴിക്കണം അഥവാ കഴിക്കരുത് എന്ന സംഘപരിവാര തിട്ടൂരം മാത്രമല്ല ഭക്ഷണം,തൊഴില്‍,ജീവിതസാഹചര്യം എന്നിവയില്‍നിന്നെല്ലാം എക്കാലത്തേക്കുമായി ആട്ടിയകറ്റുന്ന കോര്‍പറേറ്റ് വികസനാഹ്വാനവും തള്ളിക്കളയാന്‍ ത്രാണി കാട്ടണം. അത്രയും സിപിഎമ്മിനു സാധിക്കുമെങ്കില്‍ വിമര്‍ശനമില്ല. നന്ദിഗ്രാം മുതല്‍ വിഴിഞ്ഞം വരെയുള്ള അനുഭവം അതല്ല ചൂണ്ടിക്കാട്ടുന്നത്.
ഫാഷിസത്തിനെതിരെന്ന പേരിലുള്ള പ്രതിരോധ ഉത്സവങ്ങള്‍ ആരുടെ നേതൃത്വത്തിലെന്നത് പ്രസക്തമാകുന്ന സാഹചര്യമിതാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലാണെങ്കില്‍ അത് ഫാഷിസത്തെ താങ്ങി നിര്‍ത്തുന്ന കോര്‍പറേറ്റ് കാലുകളെ വേദനിപ്പിക്കുകയില്ല. അതിനര്‍ത്ഥം ഫാഷിസത്തെ ഒരുകൈകൊണ്ട് തല്ലുകയും മറുകൈകൊണ്ട് താലോലിക്കുകയും ചെയ്യുന്ന അഭ്യാസമായി അതു മാറുമെന്നാണ്.
സമരങ്ങള്‍ അടിയറവെച്ചവരല്ല, സമരങ്ങള്‍ നയിക്കുന്നവരാണ് ഏതു മാറ്റത്തിനും നേതൃത്വം നല്‍കേണ്ടത്. ആ അവസ്ഥയിലേക്ക് ഉയരുമെങ്കില്‍മാത്രമേ സിപിഎമ്മിന് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കാനുള്ള ശേഷിയുണ്ടാകൂ.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>