സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jul 26th, 2017

പശ്ചിമഘട്ടത്തെ പാറമടമാഫിയ പൊട്ടിച്ചുകടത്തുന്നു

Share This
Tags

ppഎം.എസ്. സന്ദീപ്

സംസ്ഥാനത്തെ ജൈവസമ്പത്തിന്റെ ഉറവിടമായ പശ്ചിമഘട്ടത്തെയും പരിസ്ഥിതിയെയും തകര്‍ത്ത് പാറമട മാഫിയ മുന്നോട്ട്. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുന്‍ ജില്ലാ പോലീസ്‌മേധാവിയുടെയും മുന്നറിയിപ്പുകള്‍ സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചില്ല. കൈയേറ്റ, റിസോര്‍ട്ട് മാഫിയയില്‍ നിന്നു മൂന്നാറിനു പ്രതീക്ഷ നല്‍കിയ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കുടിയൊഴിക്കപ്പെടുന്നതിനു മുമ്പു നല്‍കിയ റിപ്പോര്‍ട്ടും പാറമട മാഫിയയുടെ പ്രകൃതിചൂഷണം തുറന്നുകാട്ടുന്നു.
കോടികളുടെ പാറയും അമൂല്യമായ ജലസ്രോതസുകളും മലനിരയും ഇല്ലാതാകുന്നതിന്റെ വിശദമായ കണക്കുകളാണ് ശ്രീറാം സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മംഗളത്തിനു ലഭിച്ചു. അനുവദിച്ചതിലധികം പാറ പൊട്ടിച്ചതിലൂടെ സര്‍ക്കാരിനുണ്ടായ വരുമാനനഷ്ത്തിന്റെ വിവരവും റിപ്പോര്‍ട്ടിലുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പോലും വീണ്ടെടുക്കാനാവാത്തവിധം പരമ്പരാഗത ജലസ്രോതസുകള്‍ പലതും ഇല്ലാതാക്കി.
റവന്യൂ, വനംവകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് പാറ ഖനനം നടന്നിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇടുക്കി തിങ്കള്‍ക്കാട് ക്വാറിയില്‍ നടക്കുന്ന അനധികൃത ഖനനം സബ് കലക്ടര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതിക്കു ദോഷകരമായി പ്രവര്‍ത്തിക്കുന്ന 29 പാറമടകള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. നാലു ക്വാറികളിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്.
കൊന്നത്തടി വില്ലേജില്‍ തിങ്കള്‍ക്കാട്അടിമാലിനെടുങ്കണ്ടം റോഡില്‍ സജി ഉലഹന്നാന്റെ ക്വാറി, ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലുള്ള മാര്‍ ബേസില്‍ മെറ്റല്‍ ക്രഷര്‍, മുഹമ്മദ് ഇക്ബാലിന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് മെറ്റല്‍ ക്രഷര്‍, ശാന്തമ്പാറ പുത്തടിത്താവളത്തിലുള്ള കരിങ്കല്‍ ക്വാറി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെങ്ങളില്‍ നിന്ന് 12,41,200 ഘനമീറ്റര്‍ പാറ അനധികൃതമായി ഖനനം നടത്തിയതായാണ് കണ്ടെത്തല്‍.
സജി ഉലഹന്നാന്റെ പേരിലുള്ള ക്വാറിയില്‍ 16,000 ഘനമീറ്റര്‍ പാറ പൊട്ടിക്കാന്‍ അനുമതിയുള്ളപ്പോള്‍ 78,000 ഘനമീറ്ററാണു പൊട്ടിച്ചെടുത്തത്. മാര്‍ ബേസില്‍ 42,000 ഘനമീറ്റര്‍ പാറ പൊട്ടിക്കാന്‍ അനുമതിയുള്ളപ്പോള്‍ 74,000 ഘനമീറ്റര്‍ പാറ കടത്തി. ശാന്തമ്പാറ മെറ്റല്‍ ക്രഷറിന് 68,000 ഘനമീറ്റര്‍ പാറയാണ് പൊട്ടിക്കാന്‍ അനുമതിയുണ്ടായിരുന്നത്. 2,800 ഘനമീറ്റര്‍ കൂടുതലായി പൊട്ടിച്ചു. ഹൈറേഞ്ച് മെറ്റല്‍ ക്രഷറില്‍ 1,40,000 ഘനമീറ്റര്‍ പാറയാണ് പൊട്ടിക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇവിടെനിന്ന് 35,900 ഘനമീറ്റര്‍ പാറ അധികമായി പൊട്ടിച്ചു. വിവിധ നിയമങ്ങള്‍ ലംഘിച്ചായിരുന്നു ഇവയുടെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതിയ്ക്കു ദോഷകരമാകുന്ന പാറമടകള്‍ നിര്‍ത്തിവയ്ക്കണമെന്നും, ഇതിന് ഒത്താശ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ തയാറാക്കി നല്‍കുന്ന സാക്ഷ്യപത്രങ്ങളുടേയും സ്‌കെച്ചുകളുടേയും അടിസ്ഥാനത്തിലാണ് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെ ഏലപ്പട്ടയ മേഖലകളിലും പരിസ്ഥിതി ദുര്‍ബല മേഖലകളിലും ക്വാറികള്‍ക്ക് അനുമതി നല്‍കി. ജിയോളജി വകുപ്പും ഇതിനു കൂട്ടുനിന്നു.
തിരുവിതാംകൂര്‍ മഹാരാജാവ് 1896 ലെ വിളംബരപ്രകാരം റിസര്‍വ് വനമായി പ്രഖ്യാപിച്ച സി.എച്ച്.ആര്‍. മേഖലയില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ കോടികളുടെ പാറയാണ് പൊട്ടിച്ചത്. ഈ പ്രദേശത്ത് എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ വനംവകുപ്പിന്റെ ഒത്താശയോടെ ആവാസവ്യവസ്ഥയെ തകര്‍ത്ത് ഖനനം നടത്തുകയാണ്. 2013ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഇതെല്ലാം മറികടന്നാണ് ക്വാറികളുടെ പ്രവര്‍ത്തനം നടക്കുന്നത്.
മുന്‍ ജില്ലാപോലീസ് മേധാവി എ.വി. ജോര്‍ജും ഇതു സംബന്ധിച്ച് സര്‍ക്കാരിന് മുന്‍കരുതല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മലകള്‍ ഇടിച്ചുനിരത്തി പാറകള്‍ പൊട്ടിക്കുന്നതുമൂലം പശ്ചിമഘട്ടം അപകടാവസ്ഥയിലേക്ക് പോകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയില്‍ നല്‍കിയ ഈ റിപ്പോര്‍ട്ടിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ശ്രീറാമിനെ നാടുകടത്തിയതിനു പിന്നില്‍ ക്വാറിമാഫിയയുടെയും കൈയേറ്റമാഫിയായുടെയും ഇടപെടലുണ്ടെന്ന ആരോപണത്തിനു ശക്തി കൂടുന്നു.

മംഗളം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>