സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jul 25th, 2017

ആക്ഷന്‍ ഹീറോ ബിജുമാര്‍ കേരളപോലീസില്‍ ആവശ്യമില്ല.

Share This
Tags

vv

കേരളപോലീസിന്റെ ദളിത് പീഡന പരമ്പര അവസാനിക്കുന്നില്ല. ആ നിരയിലെ ഇപ്പോഴത്തെ സംഭവമാണ് കഴിഞ്ഞ വാരം തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ നടന്നത്. ദളിതനായി ജനിച്ചു, മുടിവെട്ടാണ് ജോലി എന്നതുതന്നെയായിരുന്നു വിനായകനില്‍ പോലീസ് കണ്ട പ്രധാന കുറ്റമെന്ന് സംശയാതീതമായി വ്യക്തമായിട്ടുണ്ട്. കൂടാതെ മുടിനീട്ടി വളര്‍ത്തിയതും പെണ്‍കുട്ടിയുമായി സംസാരിച്ചതും കുറ്റമായി. ഇതിന്റെയെല്ലാം പേരില്‍ ആരോ ചെയ്ത മാലമോഷണം ഏറ്റെടുക്കാനാവശ്യപ്പെട്ടുനടത്തിയ മര്‍ദ്ദനത്തിന്റെ അനന്തരഫലമായിരുന്നു വിനായകന്റെ ആത്മഹത്യ. അത് പോലീസ് നടത്തിയ കൊലയാണെന്നു വ്യക്തം. എന്നിട്ടും രണ്ടു സാധാരണ പോലീസുകാര്‍ക്കെതിരെ സാധാരണസസ്‌പെന്‍ഷനാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സ്റ്റേഷന്‍ ചാര്‍ജ്ജുള്ള എസ് ഐയടക്കമുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.
ലോക്കപ്പ് മര്‍ദ്ദനവും ദളിത് പീഡനവും സര്‍ക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവുപല്ലവിയാണ് സര്‍ക്കാരിനുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്ന ന്യായീകരണ തൊഴിലാളികളുടെ വാദം. സര്‍ക്കാരിന്റഎ പോലീസ് നയം എന്താണെന്നത് ഇവിടെ പ്രസക്തമല്ല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങള്‍ ഓരോ പൗരനും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണിവിടെ നിഷേധിക്കപ്പെടുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല താനും. ഈ സര്‍ക്കാരിന്റെ നയം ഇതല്ല എന്നു പറയുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം പോലീസ് നടത്തിയ ദളിത് മര്‍ദ്ദനങ്ങളുടെ പട്ടിക കാണുക. ‘പുലയന്മാരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല’ എന്ന് പറഞ്ഞുകൊണ്ടാണു തിരുവനന്തപുരം കഠിനംകുളം എസ് ഐ ഹേമന്ത് കുമാര്‍ ദളിതനായ കഠിനംകുളം സ്വദേശി സജിത്തിന്റെ കൈ ചവിട്ടി ഒടിച്ചത്, വസ്ത്രം അഴിപ്പിച്ച് നിലത്ത് കിടത്തി അടിവയറിനും നെഞ്ചിനും ചവിട്ടിയാണു പോലീസുകാരന്‍ സജിത്തിനെ ആക്രമിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 17 നു രാത്രി 2 മണിക്ക് കഠിനംകുളം സ്റ്റേഷനിലേക്ക് കൊണ്ടുപോയ സജിത്തിനെ എസ് ഐ ഹേമന്ത് കുമാര്‍ വന്നപാടെ മര്‍ദ്ദിക്കുകയായിരുന്നു
അടുത്ത ദിവസം ഒക്ടോബര്‍ 16 നാണു കൊല്ലം അഞ്ചാലും മൂട് സ്വദേശിയായ രാജീവിനെയും ഷിബുവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ പോലും ഹാജറാക്കാതെ 5 ദിവസമാണു പോലീസ് അവരെ മര്‍ദ്ദിച്ചത്. രാജീവ് പറയുന്നത് ചെന്ന ഉടനെ തന്നേ പോലീസ് ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി, പൂര്‍ണ്ണ നഗ്‌നനാക്കിയായിരുന്നു മര്‍ദ്ദനം, തലക്ക് ശക്തമായി മാറി മാറി ഇടിച്ചു, മുള കൊണ്ടുള്ള പീഢന ഉപകരണം കൈവിരലുകള്‍ക്കിടയില്‍ കയറ്റി ശക്തമായി ഞെരിച്ചു, രാജീവിന്റെ വിരലുകള്‍ നീരു വന്ന് ചീര്‍ത്തിരുന്നു, പോലീസുകാര്‍ വട്ടം ഇരുന്നിട്ട് ഒരാള്‍ കാലില്‍ ചവിട്ടി പിടിച്ചു മറ്റ് രണ്ട് പേര്‍ കൈ പിടിച്ച് തിരിച്ച് വച്ചശേഷം മസിലുകളില്‍ നിര്‍ത്താതെ ഇടിച്ചു, മുതുകത്ത് ചവിട്ടിയാണു ലോക്കപ്പിലേക്ക് വീഴ്ത്തിയത്, കാലുകള്‍ കവച്ച് വെച്ചശേഷം ഒരാള്‍ കാലുകള്‍ ചവിട്ടി പിടിച്ചു മറ്റുള്ളവര്‍ ജനനേന്ദ്രിയത്തില്‍ ആഞ്ഞടിക്കുകയും ക്ലിപ്പിട്ട് വലിക്കുകയുമൊക്കെ ചെയ്തു, കസ്റ്റഡിയില്‍ ഇരുന്ന അഞ്ച് ദിവസവും ഈ മര്‍ദ്ദനങ്ങള്‍ തുടര്‍ന്നു.
2016 ജുലൈ ഒന്നിനു കള്ളപരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത ഇടകൊച്ചിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ സുരേഷിനെ എറണാകുളം ഹാര്‍ബര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് നടു ചവിട്ടി ഒടിക്കുകയാണു ചെയ്തത്, ഇപ്പോഴും സുരേഷ് തുടര്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ സുരേഷിനെ സന്ദര്‍ശിച്ച പോലീസ് പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ് ഉത്തരവാദികളായ എസ് ഐ മാരായ ജോസ് സാജന്‍, പ്രകാശന്‍ എന്നിവരെയും കോണ്‍സ്റ്റബിള്‍ രാജീവിനെയും സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, ഒന്നുമുണ്ടായില്ല. 2016 സെപ്റ്റംബര്‍ 25 പാലാരിവട്ടം ജനമൈത്രി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ 6 അംഗ കുടുംബത്തിന്റെ ഏക അത്താണിയായ സുരേഷ് എന്ന 19 വയസുകാരന്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി, വെല്‍ഡിംഗ് തൊഴിലാളിയായ സുരേഷിന്റെ പരാതി അന്വേഷിച്ച ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞത് ‘ ഇത് ജനമൈത്രി പോലീസല്ല ജനദ്രോഹി പോലീസ് ‘ എന്നായിരുന്നു.
2016 സെപ്റ്റംബര്‍ 26 നു മുവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ പ്രദീഷിനെ കസ്റ്റഡിയില്‍ എടുത്ത എസ് ഐ യും 6 പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി കണ്ണിലും രഹസ്യഭാഗങ്ങളിലും പച്ചമുളക് അരച്ച് തേക്കുകയായിരുന്നു, കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തിളച്ച വെള്ളം തലയിലൊഴിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊന്ന് റെയില്‍ ട്രാക്കിലിടുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
2016 സെപ്റ്റംബര്‍ 19 നു കൊല്ലം ശൂരനാട് പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവായ ബിനുവിനെ എസ് ഐ പ്രജുവും പോലീസുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു, ജോലികഴിഞ്ഞ് മടങ്ങവേ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസാണു ബിനുവിനെ കസ്റ്റഡിയില്‍ എടുത്തത്.
2016 സെപറ്റംബര്‍ 24 തായ്ക്കാട്ടുകര ചേരാട്ടുപറമ്പില്‍ ശെലവന്‍ എന്ന ഓട്ടോ ഡ്രൈവര്‍ കഞ്ചാവ് മാഫിയ വെട്ടി പരികേല്‍പ്പിച്ചയാളെ ആശുപത്രിയിലെത്തിച്ചതിനാണു കളമശേരി പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റത്.
2016 സെപറ്റംബറില്‍ തന്നെയാണു പറവൂര്‍ പട്ടണം കണ്ണാട്ടുപാടത്ത് മോഹനന്‍ എന്ന 61 വയസുകാരന്‍ മര്‍ദ്ദിക്കപ്പെട്ടത്. 2016 ജൂലൈയില്‍ തൊഴിലാളിയും ദളിതനുമായ കുട്ടമ്പുഴ സ്വദേശി ഷിജോ മോന്‍ എന്ന യുവാവിനെ അങ്കമാലി പോലീസാണു മര്‍ദ്ദിച്ചവശനാക്കിയത്. സെപ്റ്റംബര്‍ 18 നു മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ലത്തീഫ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 9 നു തമിഴ്‌നാട് സേലം സ്വദേശി കാളിമുത്തു തലശേരി പോലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു, ഒക്ടോബര്‍ 7 നു കസ്റ്റഡിയില്‍ എടുത്ത കാളിമുത്തുവിനെ രണ്ട് ദിവസം ആയിട്ടും കോടതിയില്‍ ഹാജറാക്കിയിരുന്നില്ല. കൊല്ലത്ത് ബൈക്ക് യാത്രികനായ സന്തോഷ് ഫെലിക്‌സിനെ വയര്‍ലസ് സെറ്റ് കൊണ്ടടിച്ച് ചെവിയുടെ കേള്‍വി കേള്‍വി ശക്തി കളഞ്ഞത് മാഷ് ദാസ് എന്ന പോലീസുകാരനാണ്.
ജൂലയ് മാസത്തില്‍ തന്നെയാണു കൊല്ലം സ്വദേശി പൂര്‍ണ്ണ എറണാകുളം സ്വദേശി ആയിഷ എന്നീ ട്രാന്‍സ് ജെന്റേഴ്‌സിനെ എറണാകുളത്ത് വെച്ച് 15 ഓളം വരുന്ന പോലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയായ ദളിത് യുവതി സുനിത ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായ എസ് ഐ പി ആര്‍ സന്തോഷ് ജനകീയ സമരത്തെ തുടര്‍ന്ന് സ്ഥലം മാറ്റം കിട്ടി മരട് സ്റ്റേഷനില്‍ എത്തിയിട്ട് അവിടെ വെച്ച് സുഭാഷ് എന്ന ചെറുപ്പകാരനെ മര്‍ദ്ദിച്ച് അവശനാക്കി മരണത്തിലേക്ക് തള്ളിവിട്ടു, കോട്ടയം മരങ്ങാട്ടു പള്ളിയില്‍ സിബി എന്ന ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന എസ് ഐ ജോര്‍ജ്ജ് കുട്ടിക്കെതിരെ ജസ്റ്റിസ് നാരായണകുറുപ്പ് നടപടി ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. വൈപ്പിന്‍ നായരമ്പലത്ത് ശിവപ്രസാദ് എന്ന ദളിത് യുവാവിനെ മര്‍ദ്ദിച്ച എസ് ഐ അനൂപിനെ അങ്കമാലിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും അവിടെയും ദളിത് ബാലനെ മര്‍ദ്ദിച്ച് അയാള്‍ അക്രമം തുടര്‍ന്നു നടപടി ഒന്നും ഉണ്ടായില്ല.
പഴയ നക്‌സല്‍ നേതാവ് വര്‍ഗ്ഗീസിന്റെ കൊലക്കു നേതൃത്വം നല്‍കിയ ലക്ഷ്മണ എന്ന ഉദ്യോഗസ്ഥന് പതിറ്റാണ്ടുകള്‍ക്കുശേഷം ലഭിച്ച ശിക്ഷപോലെ അത്യപൂര്‍വ്വമാണ് ഇത്തരം സംഭവങ്ങളില്‍ പോലീസ് ശിക്ഷിക്കപ്പെട്ട സംഭവങ്ങള്‍. തല്‍ക്കാലം ഒരു സസ്‌പെന്‍ഷന്‍. പിന്നീട് കേസില്‍ നിന്ന് പോലീസ് ഭംഗിയായി രക്ഷപ്പെടും. സസ്‌പെന്‍ഷന്‍ കാലത്തെ മുഴുവന്‍ വേതനവുമടക്കം സര്‍വ്വീസില്‍ തിരിച്ചെത്തും. അതാണ് ഇവിടേയും സംഭവിക്കുക. പോലീസ് സ്‌റ്റേഷനുകളിലെ ലോക്കപ്പുകളിലടക്കം സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതെങ്കിലുമുണ്ടായിരുന്നെങ്കില്‍ ആക്ഷന്‍ഹീറോ ബിജുമാരുടെ പരാക്രമങ്ങള്‍ കോടതിക്കു കാണാമായിരുന്നു.
വാസ്തവത്തില്‍ കേരളീയ സാഹചര്യത്തിലെ രോഹിത് വെമുലയാണ് വിനായകന്‍. രോഹിത് വെമുലമാരെ കേരളത്തിനു പുറത്ത് മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന മലയാളിയുടെ വംശീയ ബോധത്തിനു വിനായകന്മാര്‍ കാഴ്ചയല്ലാതാകുന്നു. ആ കാഴ്ചയില്ലായ്മയിലാണ് നിറത്തിന്റേയും മുടിയുടേയും തൊഴിലിന്റേയും പേരില്‍ വിനായകന്മാര്‍ ഭരണകൂടത്താല്‍ തന്നെകൊല ചെയ്യപ്പെടുന്നത്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>