സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jul 24th, 2017

ശ്രീ. എം.പി.വീരേന്ദ്രകുമാറിന് ഒരു തുറന്ന കത്ത്.

Share This
Tags

vvആറുമുഖന്‍ പത്തിച്ചിറ

പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതിയുടെ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്ന നിലയിലാണ് ഈ കത്തെഴുതുന്നത്. 2017 ജൂലൈ 15 ന് മാതൃഭൂമി ദിനപത്രത്തില്‍ പ്ലാച്ചിമടയെ സംബന്ധിച്ചു് വന്ന വാര്‍ത്തയാണ് ഈ കത്തിനാധാരം.

മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയെതുടര്‍ന്ന് നൂറുക്കണക്കിന് സമരപ്രവര്‍ത്തകരാണ് എന്നെ വിളിച്ചത്. സമരത്തെ സംബന്ധിച്ചു ഒരുപാട് വളച്ചൊടിക്കലുകള്‍ വര്‍ത്തയിലുണ്ടെന്നും, അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും വിശദമായ കുറിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെടുകയുണ്ടായി. അതിന്റെയും കൂടി അടിസ്ഥാനത്തിലാണീ കത്തെഴുതുന്നത്.
പ്ലാച്ചിമടയില്‍ പ്രദേശവാസികള്‍ സമരം തുടങ്ങുന്നതിന് 3 മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നടന്ന മുന്നൊരുക്കപ്രവര്‍ത്തനം മുതല്‍ നാളിതുവരെ സമരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എനിക്ക് ആധികാരികമായി പറയാന്‍ കഴിയുമെന്ന വിശ്വാസത്തിലാണീ കത്ത് എഴുതുന്നത്.

പ്ലാച്ചിമട സമരത്തിന് നേതൃത്വം കൊടുത്തതും, കോളകമ്പനിയെ കെട്ടുകെട്ടിച്ചതും മാതൃഭൂമിയും, ശ്രീ.എം.പി.വീരേന്ദ്രകുമാറായ താങ്കളുമാണെന്നാണ് പത്രത്തിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. ഈ കത്ത് എഴുതുന്ന നിമിഷം വരേയും പ്ലാച്ചിമടയിലെ സമരത്തിന് അണിയറയിലും, പരസ്യമായും നേതൃത്വം കൊടുത്ത ഒരു വെക്തിയെപ്പോലും ബോധപൂര്‍വം ഉയര്‍ത്തിക്കാണിക്കാന്‍ സമരസമിതിയോ, ഐക്യദാര്‍ഢ്യ സമിതിയോ ശ്രമിച്ചിട്ടില്ല. കാരണം ഈ സമരത്തില്‍ ആയിരക്കണക്കിന് ജനകീയസമര സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും, പ്രവര്‍ത്തകരുമാണ് പങ്കാളികളാവുകയും, അണിചേരുകയും ചെയ്തിട്ടുള്ളത്. അവരുടെയൊക്കെ ചോരയും, നീരുമൊഴുക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് പ്ലാച്ചിമടയിലെ കൊക്കകോളയെന്ന ബഹുരാഷ്ട്ര കുത്തകകമ്പനി തോറ്റോടിയത്. അല്ലാതെ കേവലം ഒരു മാതൃഭൂമിയോ, ഒരു വീരേന്ദ്രകുമാറോ വിചാരിച്ചതുകൊണ്ടോ, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതുകൊണ്ടോ അല്ല.

2001 മുതല്‍ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാതൃഭൂമി എഴുതി എന്നാണ് പത്രം അവകാശപ്പെടുന്നത്. കമ്പനിക്കെതിരെ സമരം തുടങ്ങിയത് തന്നെ 2002 ഏപ്രില്‍ 22 നാണ്. 2001 മുതല്‍ കോളയെക്കുറിച്ചു മാതൃഭൂമി പത്രത്തില്‍ വന്നത് കോളയുടെ പരസ്യമാവാനേ തരമുള്ളൂ. ലോകജലസമ്മേളനത്തിന് നേതൃത്വം കൊടുത്തത് സി.പി.എംഉം, ഡി.വൈ.എഫ്.ഐഉം ആണെന്ന് കൊളക്കമ്പനി പൂട്ടിയ പിറ്റേന്ന് ദേശാഭിമാനി അവകാശപ്പെട്ടു. തമാശയതല്ല, പ്ലാച്ചിമടയില്‍ ജനകീയസമരസമിതി രൂപീകരിച്ചു സമരം തുടങ്ങിയതും അവരാണത്രെ !!!

ലോകജലസമ്മേളനത്തിന് നേതൃത്വം കൊടുത്തത് മാതൃഭൂമിയാണ് എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു തര്‍ക്കവുമില്ല. പക്ഷെ അത് പ്ലാച്ചിമട സമരത്തെ ഹൈജാക്ക് ചെയ്യുന്നതിന് വേണ്ടിയായിരുന്നു എന്നുള്ളതില്‍ ഇപ്പോഴും ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല. കോളകമ്പനി ഉടമകളുമായി സന്ധി ചെയ്ത് പ്ലാച്ചിമടയില്‍ കോളകമ്പനിക്കു മാമ്പഴ പാനീയ നിര്‍മാണത്തിനായി പരിവര്‍ത്തനം നടത്താന്‍ ഇടനിലക്കാരനായി നിന്നതു താങ്കളാണെന്നും ഞങ്ങള്‍ മറന്നിട്ടില്ല. കോളകമ്പനിക്ക് ടാങ്കറിന് 500 രൂപ നിരക്കില്‍ ആയിരക്കണക്കിന് ടാങ്കര്‍ ലോറികളില്‍ വെള്ളം വിറ്റ കെ.കൃഷ്ണന്‍കുട്ടിയെ മഹത്വല്‍ക്കരിക്കുന്നതെന്തിനാണെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും മനസിലാവുന്നില്ല.

പ്ലാച്ചിമട സമരം തുടങ്ങിയത് മുതല്‍ നിത്യവും മാധ്യമം ദിനപത്രത്തിലൂടെ വാര്‍ത്തയെഴുതിയത് വി.എം.ഷണ്‍മുഖദാസ് മാത്രമാണ്. 50 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് മറ്റ് പത്രങ്ങള്‍ വാര്‍ത്ത എഴുതാന്‍ തുടങ്ങിയത്. താങ്കളുടേതടക്കമുള്ള മാതൃഭൂമി പത്രവും, ജനതാദളും അപ്പോഴും സമരത്തിനെതിരായിരുന്നു എന്ന് പറയാന്‍ ഞങ്ങളുടെ നാവ് ആരും ഇതുവരെ അരിഞ്ഞെടുത്തിട്ടില്ല.

ആയിരക്കണക്കിന് ജനകീയസമര സംഘടനകളോടൊപ്പം, നിലവിലെ മിക്കവാറുമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും പ്ലാച്ചിമട സമരത്തില്‍ പലഘട്ടങ്ങളിലായി അണിചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ചില വ്യക്തികളുടെ പേര് മാത്രം പറഞ്ഞു കൊണ്ട് പ്ലാച്ചിമട സമരചരിത്രത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല.

വിളയോടി വേണുഗോപാല്‍, മയിലമ്മ, വേലൂര്‍ സ്വാമിനാഥന്‍, കന്നിയമ്മ, പാപ്പമ്മാള്‍, മാരിയപ്പന്‍ നീളിപ്പാറ, വിജയനഗരം ശാന്തി, കണ്ണദാസന്‍, ശക്തിവേല്‍, മുരുകേശന്‍, മേധാപട്കര്‍, ഇന്ത്യന്നൂര്‍ ഗോപി, വിജയരാഘവന്‍ ചേലിയ, എന്‍.പി.ജോണ്‍സണ്‍, അമ്പലക്കാട് വിജയന്‍, ആര്‍.അജയന്‍, റോബിന്‍, സി.എന്‍.ബ്രഹ്മപുത്രന്‍, സി.ആര്‍.ബിജോയ്, സുരേഷ് ജോര്‍ജ്, കെ.വി.ബിജു, ഡോ.പി.എസ്.പണിക്കര്‍, എം.സുലൈമാന്‍, സണ്ണി പൈകട, മുണ്ടൂര്‍ രാവുണ്ണി, ഹേമ ടീച്ചര്‍, സി.ആര്‍.നീലകണ്ഠന്‍, യേശുദാസ് വാരാപ്പുഴ, ജോഷി ജേക്കബ്, ടി.കെ.വാസു, എം.സുബ്രമണ്യന്‍ മാസ്റ്റര്‍, മുതലാംതോട് മാണി, വി.എസ്.രാധാകൃഷ്ണന്‍, ഇസാബിന്‍ അബ്ദുല്‍കരീം, റാംമോഹന്‍, പി.ടി.എം.ഹുസൈന്‍, ടി.പീറ്റര്‍, ഫാ.അഗസ്റ്റിന്‍ വട്ടോളി, ജിയോ ജോസ്, ഷഫീക് താമരശ്ശേരി, സന്തോഷ്‌കുമാര്‍, കേരളീയം ശരത്, നീതുദാസ്, സുന്ദര്‍രാജന്‍, എം.എന്‍.ഗിരി, പുതുശ്ശേരി ശ്രീനിവാസന്‍, ജേക്കബ് വടക്കഞ്ചേരി, മലമ്പുഴ ഗോപാലന്‍, സനോജ് കൊടുവായൂര്‍, വിളയോടി ശിവന്‍കുട്ടി, സി.ഭാനു, പത്രപ്രവര്‍ത്തകരായ വി.എം.ഷണ്‍മുഖദാസ്, സുരേഷ്, മധുരാജ് തുടങ്ങിയവരുടെയെങ്കിലും പേരുകള്‍ (അപൂര്‍ണമാണെങ്കില്‍ പോലും) പറയാത്ത പ്ലാച്ചിമട സമരചരിത്രം അപൂര്‍ണമായിരിക്കും.

വി.ചാമുണ്ണി, വി.സി.കബീര്‍, എം.ബി.രാജേഷ്, ബിനോയ് വിശ്വം, കുട്ടി അഹമ്മദ്കുട്ടി, എം.പി.അബ്ദുല്ല, കളത്തില്‍ അബ്ദുല്ല, എന്‍.എന്‍.കൃഷ്ണദാസ് തുടങ്ങി നിരവധി (പേരുകള്‍ അപൂര്‍ണമാണ്) രാഷ്ട്രീയ നേതാക്കളും പ്ലാച്ചിമട സമരപ്രവര്‍ത്തനത്തില്‍ സക്രിയമായി ഇടപെട്ടു.

അതുകൊണ്ട് താങ്കളോട് ഞങ്ങള്‍ക്ക് വിനയത്തോടെ പറയാനുള്ളത്. മാതൃഭൂമിയും, താങ്കളും മറ്റുള്ളവരെപ്പോലെതന്നെ സമരത്തില്‍ അണിചേരുകയും, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ശേഷം സമരത്തെ അനുകൂലിച്ചു ഒട്ടനവധി വാര്‍ത്തകളും, ഫീച്ചറുകളും മാതൃഭൂമി എഴുതി. അതില്‍ ഞങ്ങള്‍ക്ക് മാതൃഭൂമിയോട് അങ്ങേയറ്റം മതിപ്പുണ്ടായിരുന്നു. പക്ഷെ അതെല്ലാം ഒറ്റദിവസം കൊണ്ട് താങ്കളും, താങ്കളുടെ പത്രവും കൂടി ചവറ്റുകൊട്ടയില്‍ തള്ളിയതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്.
എട്ടുകാലി മമ്മൂഞാകാന്‍ ശ്രമിച്ചതിന്റെ തിക്ത ഫലം താങ്കള്‍ ഭാവിയില്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

മാതൃഭൂമിക്ക് ഇനിയും തിരുത്താം. അതില്‍ ദുരഭിമാനത്തിന്റെ പ്രശ്‌നമുദിക്കുന്നേയില്ല. തിരുത്താന്‍ തയാറായില്ലെങ്കില്‍ പേരും പ്രതാപവും നഷ്ടപ്പെടുമെന്ന് മാത്രമല്ല, ചരിത്രം വളചൊടിച്ചൂവെന്ന അപഖ്യാതിയും കൂടി ലഭിക്കും. പതിറ്റാണ്ടുകളുടെ പാരമ്പര്യവും, അഭിമാനവുമാണ് നഷ്ടപ്പെടുന്നതെന്ന് ഓര്‍ക്കുക. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട മാതൃഭൂമി പത്രത്തെ ഒരുപാട് സമര പോരാളികള്‍, പ്രതേകിച്ചു് മലയാളികള്‍ ഹൃദയത്തില്‍ കൊണ്ട് നടക്കുന്നുണ്ട്. അതൊക്കെ ഈ തരംതാണ പണി കാണിച്ച് ഇല്ലാതാക്കരുത്.

15 വര്‍ഷത്തിലേറെ കാലം പ്ലാച്ചിമട സമരത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച വിളയോടി വേണുഗോപാലനടക്കമുള്ള നിരവധി സമര പോരാളികള്‍ക്ക് വേണ്ടിയാണ് ഈ കത്ത്. സമരപോരാളികളുടെ ത്യാഗത്തെക്കുറിച്ച് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണമെന്നില്ല. പ്ലാച്ചിമട സമരത്തിന്റെ ജനകീയ കൂട്ടായ്മയുടെ യഥാര്‍ത്ഥ ചരിത്രം സത്യസന്ധമായി യാഥാര്‍ത്ഥ്യ ബോധത്തോടെ ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഇപ്പോള്‍ മാതൃഭുമിയുടെ മുന്നിലുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
അത് നിറവേറ്റുമെന്നും പ്രതീക്ഷിക്കുന്നു.

സ്‌നേഹപൂര്‍വ്വം

ആറുമുഖന്‍ പത്തിച്ചിറ
സംസ്ഥാന ജനറല്‍ കണ്‍വീനര്‍, പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>