സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jul 11th, 2017

വിശ്വാസപൂര്‍വം മന്‍സൂര്‍ തുറക്കുന്ന സംവാദത്തിന്റെ ജാലകം

Share This
Tags

vv

എന്‍ എസ് സജിത്

പൊതുബോധവും അവ സൃഷ്ടിക്കുന്ന മൂന്‍വിധികളും ഒരു സിനിമയില്‍ അദൃശ്യ കഥാപാത്രങ്ങളായി വരുന്ന അപൂര്‍വമായ കാഴ്ചാനുഭവമാകുകയാണ് പി ടി കുഞ്ഞുമുഹമ്മദ് സംവിധാന ചെയ്ത ‘വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമ. നമ്മുടെ കൊട്ടകകളിലും മള്‍ട്ടിപ്ലെക്‌സുകളിലും വലിയ ആരവങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെങ്കില്‍ പോലും സിനിമയെയും സിനിമ അടക്കമുള്ള ഏതു കലാസൃഷ്ടിയുടെ പിറവിക്ക് കാരണമാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും ഗൗരവപൂര്‍വം സമീപിക്കുന്നവര്‍ക്ക് സംവാദത്തിന്റെ ജാലകം തുറന്നിടുന്നുണ്ട് വിശ്വാസപൂര്‍വം മന്‍സൂര്‍.
സാമ്പത്തിക വിജയത്തിന്റെ സാമ്പ്രദായിക അളവുകോലുകള്‍ കൊണ്ട് ഈ സിനിമയുടെ റീലീസിനുശേഷമുള്ള അവസ്ഥയെ അളക്കാനാവില്ല. ഇത്തരം സിനിമകള്‍ കാണുക എന്നതിലുള്ളപോലെ തന്നെ കാണാതിരിക്കുന്നതിലും ഒരു ശക്തമായ രാഷ്ട്രീയ ധ്വനിയുണ്ടെന്ന് തോന്നിപ്പോകും നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍പോലും ഈ സിനിമിയില്‍ നിന്ന് അകന്നു നില്‍ക്കുന്നതു കാണുമ്പോള്‍.
ഫാസിസം, വര്‍ഗീയകലാപം, തീവ്രവാദം, എന്നീ സംജ്ഞകളെ ഉപരിപ്ലവമായി മാത്രം അല്ലെങ്കില്‍ സാമാന്യബോധത്തോട് ഒട്ടിനിന്നുകൊണ്ടു മാത്രം സമീപിക്കുന്നവര്‍ക്കുള്ളതല്ല ഈ സിനിമ. സിനിമാഹാളിലെ അധികമൊന്നും നിറയാത്ത കസേരകള്‍ അതാണ് നമ്മോടു പറയുന്നത്. സാമ്പത്തിക വിജയം കൊണ്ടല്ല നല്ല സിനിമയെ അളക്കേണ്ടെതെന്നും സിനിമ തുറന്നിടുന്ന സംവാദത്തിന്റെ പ്രതലം ചുട്ടുപൊള്ളിക്കുന്നതാണോ എന്നതാണ് പ്രശ്‌നമെന്നും സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് തന്റെ മുന്‍ സിനികളിലെന്നതുപോലെ ഈ സിനിമയിലും പറയുന്നു. വിശ്വാസപൂര്‍വം മന്‍സൂര്‍മലയാളിയുടെ ആസ്വാദനമണ്ഡലത്തില്‍ ചര്‍ച്ചചെയ്യാതെ പോകുന്നു എന്നത് ഈ സിനിമ പ്രശ്‌നവല്‍ക്കരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ പൊതുബോധത്തില്‍ എത്രത്തോളം വേരാഴ്ത്തിയിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാകുന്നകയാണ്. ഇത്തരമൊരു പൂര്‍വാപര വൈരുധ്യം കൂടി സിനിമ മുന്നോട്ടുവയ്ക്കുന്നു.
ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളുടെ വര്‍ത്തമാനങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ വിവിധങ്ങളായ പ്രശ്‌നങ്ങളെയാണ് മന്‍സൂര്‍ അഭിസംബോധനചെയ്യുന്നത്. മതനിരപേക്ഷവാദികളും പുരോഗമന പക്ഷത്തുള്ളവരുമടക്കം തങ്ങള്‍ തീവ്രവാദികള്‍ അല്ലെന്ന് വിളിച്ചു പറയേണ്ട ദാരുണമായ അവസ്ഥയാണ് വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമ ആവിഷ്‌കരിക്കുന്നത്. മുസ്ലിം നാമധാരിയായതിന്റെ പേരില്‍ മാത്രം ഇന്ത്യയില്‍ തീവ്രവാദിയായി മുദ്രകുത്തപ്പെടുന്ന അനേകം ചെറുപ്പക്കാരുടെ ജീവിതം നമുക്കു മുന്നിലുണ്ട്. അവരിലൊരാളാണ് മന്‍സൂറും.
പത്തുവര്‍ഷത്തിനിടെ നടന്ന പല തീവ്രവാദി ആക്രമണക്കേസുകളിലും പിടിക്കപ്പെട്ട് പൊലീസിന്റെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും ഭീകരമായ പീഡനങ്ങള്‍ക്ക് ഇരയായ ആയിരക്കണക്കിന് നിരപരാധികള്‍ ഇന്ന് പല സംസ്ഥാനങ്ങളിലുമുണ്ട്. മഹാരാഷ്ട്രയിലെ മാലേഗാവ് സ്‌ഫോടനം, ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനം, സംഝോത എക്‌സ്പ്രസ് സ്‌ഫോടനം തുടങ്ങിയ നിരവധി സംഭവങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആര്‍എസ്എസ്സുകാര്‍ നേതൃത്വം നല്‍കുന്ന സനാതാന്‍ സന്‍സ്ഥ എന്ന സംഘടനയാണെന്ന് തെളിഞ്ഞിട്ടും സംഭവം നടന്നയുടന്‍ പിടിക്കപ്പെട്ട മുസ്ലിം ചെറുപ്പക്കാര്‍ക്കുമേല്‍ ചാര്‍ത്തപ്പെട്ട തീവ്രവാദമുദ്ര മാഞ്ഞിട്ടില്ല. അവരില്‍ പലരും കേസിന്റെ രാവണന്‍കോട്ടകളില്‍നിന്ന് പുറത്തിറങ്ങാനാവാതെ ഉഴറുകയാണ്. ചിലരാവട്ടെ കേസുകള്‍ ഒഴിഞ്ഞെങ്കിലും സമൂഹത്തില്‍ ഭ്രഷ്ടരായി തുടരുന്നു. അവിഭക്ത ആന്ധ്രപ്രദേശിലെ നക്‌സല്‍വേട്ടയ്ക്ക് രൂപീകരിച്ച ഗ്രേ ഹൗണ്ട്‌സ് എന്ന പൊലീസ് കമാന്റോ ദളത്തിനുവേണ്ടി സജ്ജമാക്കിയ പീഡനമുറികളില്‍ പലവിധത്തില്‍ ഭേദ്യംചെയ്യപ്പെട്ട നൂറുകണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയില്‍ ഇന്നും ജീവച്ഛവങ്ങളായി കഴിയുന്നു. മക്ക മസ്ജിദ് സ്‌ഫോടനത്തിനു പിന്നാലെ തീവ്രവാദിക്കുറ്റം ചാര്‍ത്തി പിടിക്കപ്പെട്ട ഡോക്ടര്‍മാര്‍ മുതല്‍ ചുമട്ടു തൊഴിലാളികള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. ഹൈദരാബാദ് ഒരുദാഹരണം മാത്രം.
ഇസ്ലാം സമം ഭീകരവാദം എന്ന് സദാ ജപിക്കുന്ന പൊലീസും മറ്റു ഭരണകൂട ഉപാധികളും അതേറ്റുപാടുന്ന മാധ്യമങ്ങളും സൃഷ്ടിച്ച പൊതുബോധം ജനാധിപത്യവിശ്വാസികളെയും മതനിരപേക്ഷവാദികളെയും കൂടി കെണിയില്‍വീഴ്ത്തുകയാണ്. ഹിന്ദുത്വ ഭീകരര്‍ നിരന്തരമായ നടത്തിയ സ്‌ഫോടനങ്ങളും ഗാന്ധിജി മുതല്‍കല്‍ബുര്‍ഗിയും അഖ്‌ലാക്കും ജുനൈദും ഉള്‍പ്പെടെയുള്ളവരുടെയും കേരളത്തിലെ നിരവധി കമ്യൂണിസ്റ്റുകാരുടെ രക്തസാക്ഷിത്വങ്ങളുമൊന്നും ഹിന്ദുത്വ ഭീകരത ഒരു വസ്തുതയാണെന്ന് സ്വയം ബോധ്യത്തിലെത്തുന്നുതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ്. പൊതുബോധമെന്നത് നിഷ്‌കളങ്കമായ ബോധമല്ലെന്നും അത് ഭരണവര്‍ഗ പ്രത്യയശാസ്ത്രത്തിന്റെ നാട്ടചാരമാണെന്ന് വിളിച്ചു പറയുകയാണ് മന്‍സൂര്‍. ഭീകരവാദത്തിനെതിരെ പൊരുതുന്നവരെ പോലും തീവ്രവാദികളായി മുദ്രകുത്തന്നതിനെയും അവരെ സംശയത്തിന്റെ അവിശ്വാസത്തിന്റെയും നിഴലില്‍ നിര്‍ത്തുന്നതിനെയുമാണ് ഈ സിനിമ വിചാരണ ചെയ്യുന്നത്.
മുംബൈയിലെ ഒരു കലാപത്തീയില്‍നിന്ന് രക്ഷപ്പെട്ട് തലശേരിയിലെ ഒരു മുസ്ലിം തറവാട്ടില്‍ എത്തുന്ന വീട്ടമ്മയ്ക്കും മകള്‍ക്കും അഭയം നല്‍കുന്ന സിനിമാ പ്രവര്‍ത്തകും പൊതുപ്രവര്‍ത്തകനും മുന്‍വിദ്യാര്‍ഥി സംഘടനാ നേതാവുമായ മന്‍സൂര്‍ എന്ന ചെറുപ്പക്കാരനെ പൊലീസും സമൂഹവും വേട്ടയാടുന്നതിനെക്കുറിച്ചാണ് ഈ സിനിമ. മഗ്രിബ്, ഗര്‍ഷോം, പരദേശി, വീരപുത്രന്‍എന്നീ സിനിമകളിലെല്ലാം പി ടി കുഞ്ഞുമുഹമ്മദ് മുന്നോട്ടുവച്ച പ്രമേയങ്ങളുടെ സാര്‍വലൗകികത മന്‍സൂറിലും അനുഭവവേദ്യമാകുന്നുണ്ട്. മലയാളത്തില്‍ ഒരു സിനിമാ പ്രവര്‍ത്തകനും ഏറ്റെടുക്കാന്‍ മടിച്ച ഒരു വിഷയത്തെയാണ് ഈ സിനിമയിലൂടെ പി ടി ഉയര്‍ത്തിപ്പിടിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>