സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jul 7th, 2017

ജി എസ് ടി : തീവെട്ടിക്കൊള്ള തടയാന്‍ ഐസക്കിനാവുമോ?

Share This
Tags

tt

ജിഎസ്ടിയും മറവില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ തീവെട്ടിക്കൊള്ള നടത്തുന്നതായുള്ള പരാതികള്‍ ഏറുകയാണ്. അനധികൃതമായ വിലക്കയറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജി.എസ്.ടി. നടപ്പായിട്ടും വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന അമിതലാഭ പ്രവണത ചെറുക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് ഫാക്‌സ് സന്ദേശവും അയച്ചിട്ടുണ്ട്. എന്നാല്‍ അതിലദ്ദേഹം എത്രമാത്രം വിജയിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.
ജി.എസ്.ടി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍പോലും അധികനികുതി ഈടാക്കുന്നതായാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. ജി.എസ്.ടി. പ്രകാരം നികുതിയില്ലാത്ത ഉത്പന്നങ്ങള്‍ക്കും മാളുകളില്‍ അധികനിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്.
17 ഇനം പരോക്ഷനികുതികള്‍ ഇല്ലാതാക്കിയാണു ജി.എസ്.ടി. നിലവില്‍വന്നത്. അതുകൊണ്ടുതന്നെ ജി.എസ്.ടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28% ചുമത്തിയാല്‍പോലും മിക്ക ഉത്പന്നങ്ങള്‍ക്കും വിലകൂടേണ്ട കാര്യമില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ഉണ്ടായിരുന്ന നികുതി നിരക്കുകളേക്കാള്‍ കുറഞ്ഞ നിരക്കാണ് ബഹുഭൂരിപക്ഷം ചരക്കുകള്‍ക്കും ജി.എസ്.ടിയിലുള്ളത്. എന്നാല്‍, ഇതു മറച്ചുവച്ചു പഴയനികുതി അടക്കമുള്ള വിലയില്‍ അധിക ജി.എസ്.ടി ഈടാക്കി ലാഭം കൊയ്യുന്ന പ്രവണതയാണ് വ്യാപാരമേഖലയില്‍ കാണുന്നത്. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഭക്ഷണത്തിനു 12-18% നികുതി ഈടാക്കുകയാണ്. ഒരു പ്രമുഖ ഹോട്ടലില്‍ 290 രൂപയുടെ ബില്ലിനു 18% നിരക്കില്‍ 52 രൂപ നികുതിയും ചേര്‍ത്ത് 342 രൂപയാണ് ഈടാക്കിയത്. ബില്ലില്‍ ജി.എസ്.ടി. രജിസ്‌ട്രേഷന്‍ നമ്പരും ഉണ്ടായിരുന്നില്ല. ഹോട്ടലുകളാണു ചൂഷണത്തില്‍ മുന്നില്‍. 20 ലക്ഷം രൂപവരെ വിറ്റുവരവുള്ള ഹോട്ടലുകളില്‍ അഞ്ചു ശതമാനവും 75 ലക്ഷം വരെ വിറ്റുവരവുള്ളവയില്‍ 18 ശതമാനവും നികുതിയാണു നല്‍കേണ്ടത്. എ.സി. ഹോട്ടലുകളിലെ ഭക്ഷണത്തിനും 18 ശതമാനമാണു നികുതി. എന്നാല്‍, 20 ലക്ഷത്തില്‍ താഴെ വാര്‍ഷികവിറ്റുവരവുള്ളതും എ.സിയില്ലാത്തതുമായ ഹോട്ടലുകള്‍പോലും 18% നികുതി ഈടാക്കുന്നതായാണു പരാതി. ജി.എസ്.ടി. രജിസ്‌ട്രേഷന്‍ നടത്താത്ത ഹോട്ടലുകളും ഇത്തരത്തില്‍ നികുതി ഈടാക്കുന്നു. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 100 രൂപ തറവില നിശ്ചയിച്ച് 14.5 ശതമാനം പ്രവേശന നികുതി പിരിച്ചിരുന്നത് ജി.എസ്.ടി. വന്നതോടെ ഇല്ലാതായി. എ.സിയില്ലാത്ത റെസ്‌റ്റോറന്റിലെ വെജിറ്റേറിയന്‍ ഊണിന് ജി.എസ്.ടിക്കു മുമ്പ് ഏകദേശവില 75 രൂപയായിരുന്നു. ജി.എസ്.ടി. നടപ്പാക്കുമ്പോള്‍ ഇത് പരമാവധി 75.13 രൂപയാകും. എ.സി. റെസ്‌റ്റോറന്റില്‍ ഇത് 79.21 രൂപയാകും. എ.സിയില്ലാത്ത റെസ്‌റ്റോറന്റിലെ ഒരു പൂര്‍ണ കോഴിവിഭവത്തിന് 350 രൂപയാണ് ഏകദേശ വില. ജി.എസ്.ടിയില്‍ ഇത് 329.70 രൂപയായി കുറയണം. എ.സി. റസ്‌റ്റോറന്റില്‍ 350 രൂപ 308.70 രൂപയായി കുറയണമെന്നാണ് വാണിജ്യ നികുതി വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്.പല നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിലും നികുതി കുറയും. പക്ഷേ ഹോട്ടലുകള്‍ ഭക്ഷണത്തിന് നിലവിലെ നിരക്കു തന്നെ ഈടാക്കി അതിനു നികുതി കൂടി ചുമത്തുകയാണ്. ഹോട്ടലുകളില്‍ ജി.എസ്.ടി. പിരിക്കുന്നതു ശരിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കുകയും ചെയ്തിരുന്നു. വ്യാപാരികള്‍ അമിതലാഭം കൊയ്യാന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അതിനുള്ള അധികാരമില്ല. ഈ പഴുതു മുതലെടുത്താണു വ്യാപാരികള്‍ തോന്നിയ നിരക്കില്‍ നികുതി ചുമത്തി വില്‍പന നടത്തുന്നതെന്നാണ് ആരോപണം..
അതിനിടെ ജി.എസ്.ടി പ്രബാല്യത്തില്‍വന്നതോടെ നികുതി കുറഞ്ഞ 814 മരുന്നുകളുടെ വില്‍പന മുടങ്ങിയതായും പരാതിയുണ്ട്. എട്ടു ശതമാനത്തോളമാണു നികുതിയില്‍ കുറവുണ്ടായതെങ്കിലും ജി.എസ്.ടി. നിലവില്‍വരുംമുമ്പ് ഉയര്‍ന്ന നികുതിനിരക്കില്‍ വാങ്ങിയ മരുന്നുകള്‍ സ്‌റ്റോക്ക് ചെയ്ത മൊത്ത, ചെറുകിട സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ഈ മരുന്നുകളുടെ വില്‍പന ഭാഗികമായി നിര്‍ത്തിയിരിക്കുകയാണ്. കൂടിയ വിലക്കു വാങ്ങിയ മരുന്നുകള്‍ നഷ്ടം സഹിച്ചു വില്‍ക്കാനാവില്ലെന്ന നിലപാടിലാണു മരുന്നുവ്യാപാരികള്‍. ടി.ടി. ഇന്‍ജെക്ഷന്‍ മിക്കയിടങ്ങളിലും ലഭ്യമില്ല. മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജിഗും പ്രതിസന്ധിയിലാണെന്നു റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ജിഎസ്ടിയുടെ മറവില്‍ നടക്കുന്ന കൊള്ളക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കപ്പെടണം. ജി.എസ്.ടി. വരുമ്പോള്‍ ലഭിക്കുന്ന നികുതിയിളവ് മറച്ചു വച്ച് എം.ആര്‍.പിയുടെ മുകളില്‍ പിന്നെയും നികുതി ചുമത്തുന്നുവെന്ന പരാതികളില്‍ നികുതി വകുപ്പ് കര്‍ശനമായി ഇടപെടും. അത്തരം ബില്ലുകള്‍ ലഭിച്ചാല്‍ നികുതിവകുപ്പിന്റെ ഫെയ്‌സ് ബുക്ക് പേജിലേക്ക് അപ്‌ലോഡ് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സാധാരണയായി ഉപയോഗിച്ചു വരുന്ന 100 ഉല്‍പന്നങ്ങളുടെ നിലവിലുണ്ടായിരുന്ന ആകെ നികുതിയും പുതിയ ജി.എസ്.ടി. നിരക്കും തമ്മിലുള്ള താരതമ്യപ്പട്ടിക പത്രങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പതിനാലര ശതമാനം മുതല്‍ അര ശതമാനം വരെ നികുതിയില്‍ കുറവുണ്ടായിട്ടുണ്ട്. പതിനാലര ശതമാനമായിരുന്ന കോഴിയിറച്ചിയുടെ നികുതി ഇപ്പോള്‍ പൂജ്യമാണ്. ടൂത്ത് പേസ്റ്റിനും സോപ്പിനുമൊക്കെ 12 ശതമാനം വരെ നികുതി കുറഞ്ഞിട്ടുണ്ട്.
ഇതുപോലെ വില കുറയുകയും കൂടുകയും ചെയ്യുന്ന ഉല്‍പന്നങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഐസക്കിന്റെ ആവശ്യത്തോടുള്ള പ്രതികരണം ലഭ്യമായിട്ടില്ല. ജി എസ് ടി നടപ്പാക്കാന്‍ കാണിച്ച ഉത്സാഹം ഉപഭോക്താക്കള്‍ക്ക് നീതി ലഭിക്കാനും കാണിക്കാന്‍ കേന്ദ്രം തയ്യാറാകണം. എങ്കിലേ വ്യാപാരികളുടെ തീവെട്ടിക്കൊള്ളക്ക് കടിഞ്ഞാണിടാന്‍ കഴിയൂ. അതിനായി കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തിനു ഗുണകരമായതിനാല്‍ ജി എസ്ടിയെ സ്വാഗതം ചെയ്യുന്ന ഐസക്കിനാവണം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>