സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jun 23rd, 2017

ഇവര്‍ ചെയ്യുന്നതെന്താണെന്ന് ….

Share This
Tags

congress

ഇന്ത്യന്‍  നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചരിത്രം ആധുനിക ഇന്ത്യയുടെ ചരിത്രമാണ്. തിരിച്ചും. കോണ്‍ഗ്രസ്സ് വിമുക്ത ഭാരതം എന്നൊക്കെ സ്വപ്‌നം കാണുന്നവരുണ്ട്. നേരത്തെ കമ്യൂണിസ്റ്റുകാരാണ് ആ സ്വപ്‌നം കാണാറുള്ളത്. എന്നാലിന്നവര്‍ക്കതിനുള്ള ധൈര്യമുണ്ടെന്നു തോന്നുന്നില്ല. പ്രതേകിച്ച് അഖിലേന്ത്യാനേതൃത്വത്തിന്. ഇന്ന് ആ സ്വപ്‌നം കാണുന്നത് സംഘപരിവാറാണ്. തങ്ങളുടെ ഫാസിസ്റ്റ് രാഷ്ട്രീയ അജണ്ടയെ അഖിലേന്ത്യാതലത്തില്‍ ചെറുക്കാനാകുക കോണ്‍ഗ്രസ്സിനു മാത്രമാണെന്നു അവര്‍ക്കു കൃത്യമായി അറിയാം. അതിനാലാണ് അവരിപ്പോഴും ആ സ്വപ്‌നം കാത്തുസൂക്ഷിക്കുന്നത്.

സംഘപരിവാറിന്റെ സ്വപ്‌നം നടക്കാന്‍ പോകുന്നില്ല എന്നു തന്നെയാണ് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്. അടുത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഡെല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പിലുമെല്ലാം വ്യക്തമായ മുന്‍തൂക്കം നേടാന്‍ ബിജെപിക്കായെങ്കിലും കോണ്‍ഗ്രസ്സിനെ വട്ടപൂജ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറിയ തോതിലാണെങ്കിലും കോണ്‍ഗ്രസ്സ് തിരിച്ചു വരികതന്നെയാണ്. അതാകട്ടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും കരുത്താണ്.
കാര്യങ്ങളിങ്ങനെയാണെങ്കിലും സ്വന്തം വലുപ്പം ആനക്കറിയില്ല എന്ന അവസ്ഥയാണ് കോണ്‍ഗ്രസ്സിന്റേത്. രാജ്യത്തെ പ്രധാന പ്രതിപക്ഷമാണ് തങ്ങളെന്ന് ഇനിയും കോണ്‍ഗ്രസ്സ് നേതാക്കള്‍ തിരിച്ചറിയുന്നുണ്ടോ.? ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിക്കുക എന്ന ചരിത്രപരവും രാഷ്ട്രീയവുമായ കടമ നിര്‍വ്വഹിക്കുന്നതില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. കൃത്യവും വ്യക്തവുമായ അജണ്ടയോടെയാണ് സംഘപരിവാര്‍ ശക്തികള്‍ മുന്നോട്ടുപോകുന്നത്. ഗാന്ധിവധത്തെ തുടര്‍ന്ന് ഏതാനും ദശകങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ ഇന്ദിരാഗാന്ധിക്കു പറ്റിയ മഹാവിഡ്ഢിത്തമായിരുന്ന അടിയന്തരാവസ്ഥക്കെതിരായ സമരങ്ങളിലൂടെ വീണ്ടും സജീവമായ ജനസംഘം സത്യത്തില്‍ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. പടിപടിയായി വളര്‍ന്നാണ് അവര്‍ അധികാരത്തിലെത്തിയത്. ജനതാപാര്‍ട്ടിയില്‍ ലയിച്ച് ആദ്യം അധികാരത്തിലെത്തി, പിന്നീട് ബിജെപിയായി, അധികാരത്തിലെത്താന്‍ നാടെങ്ങും വര്‍ഗ്ഗീയത ഇളക്കിവിട്ടു, ബാബറി മസ്ജിദ് തകര്‍ത്തു, ആദ്യം എന്‍ ഡി എ അധികാരത്തിലെത്തി, ഗുജറാത്ത് കലാപം, പിന്നീട് പാര്‍ട്ടിക്ക് ഒറ്റക്കു ഭൂരിപക്ഷം, അടുത്ത ലക്ഷ്യം മൂന്നില്‍ രണ്ടു ഭൂരിപക്ഷം. ഇക്കാലയളവില്‍ ഇടക്കു കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎയും അധികാരത്തിലെത്തി. തൊഴിലുറപ്പു പദ്ധതിയും വിവരാവകാശനിയമവുമൊക്കെ കൊണ്ടുവരാനായെങ്കിലും അഴിമതിയായിരുന്നു മുഖ്യമായും അവര്‍ക്ക് പാരയായത്. പ്രതിപക്ഷത്തിരുന്നപ്പോഴാകട്ടെ ബിജെപിയുടെ ഹിന്ദുത്വ വര്‍ഗ്ഗീയതയെ ശക്തമായി ചെറുക്കാനായില്ല എന്നു മാത്രമല്ല, പലപ്പോഴും മൃദുഹിന്ദുത്വ സമീപനങ്ങളായിരുന്നു കോണ്‍ഗ്രസ്സിന്റേത്. ഫലമെന്തായിരുന്നു? പടിപടിയായി കോണ്‍ഗ്രസ്സ് തളര്‍ന്നു. ബിജെപി കൂടുതല്‍ തീവ്രമായി. അടുത്ത കാലത്തായി ബിജെപിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സില്‍ ചെറിയതോതിലെങ്കിലും കാണുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് വളരെ നേരിയ തോതിലാണെങ്കിലും കാണുന്ന ചെറിയ ചലനങ്ങള്‍. അതിനെ വളര്‍ത്തിയെടുക്കാനും വിവിധ സംസ്ഥാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മതേതര, പിന്നോക്ക – ദളിത് – ന്യൂനപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിച്ചും തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപീകരിച്ചും മുന്നോട്ടു പോകാനുമാവണം. അതാണ് കാലം കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെടുന്നത്. അതിനു നേൃതൃത്വം കൊടുക്കാനുള്ള കഴിവ് രാഹുല്‍ ഗാന്ധിക്കുണ്ടോ എന്നതാണ് പ്രശ്‌നം. അതിനുള്ള ശ്രമം അദ്ദേഹം നടത്തുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും നെഹ്‌റു കുടുംബത്തെ മറികടന്നുള്ള ജനാധിപത്യവല്‍ക്കരണത്തിനു ഇന്നു പാര്‍ട്ടിക്ക് കഴിയുമെന്ന് കരുതാനാവില്ല. കൂട്ടായ നേതൃത്വത്തില്‍ മുന്നോട്ടുപോകാനുള്ള തീരുമാനമാണ് കോണ്‍ഗ്രസ്സ് എടുക്കേണ്ടത്. അല്ലാത്ത പക്ഷം അത് കോണ്‍ഗ്രസ്സിന്റെ മാത്രമല്ല, രാജ്യത്തിന്റേയും പരാജയമായിരിക്കും.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തുമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്ഥമാണ്. അതിനാല്‍തന്നെ അതനുസരിച്ചുള്ള നയപരിപാടികളായിരിക്കണം വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ടത്. വൈവിധ്യങ്ങളെ തകര്‍ത്ത്, ഇന്ത്യയെ ഏകശിലാഖണ്ഡമാക്കാനാണ് ബിജെപിയുടെ ശ്രമം. അവിടെയാണ് ഹിന്ദുമത്തതിനോ ഇന്ത്യാരാജ്യത്തിനോ അത്തരമൊരു ഏകീകൃത സ്വഭാവമില്ലെന്ന് പ്രഖ്യാപിച്ച്, കൃത്യമായ സവര്‍ണ്ണവിരോധപക്ഷവും പ്രാദേശികതാല്‍്പ്പര്യങ്ങളും സ്വീകരിക്കേണ്ടതിന്റെ പ്രസക്തി. അതനനുസൃതമായിരിക്കണം ഓരോ പ്രദേശത്തും കോണ്‍ഗ്രസ്സ് സ്വീകരിക്കേണ്ട സഖ്യകക്ഷികള്‍. കേരളത്തിലാകട്ടെ സ്ഥിതി വളരെ വ്യത്യസ്ഥമാണ്. ഇവിടെ ഇപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം സിപിഎമ്മും രണ്ടാം സ്ഥാനം കോണ്‍ഗ്രസ്സും. പൊതുവില്‍ പറയുന്ന പോലെ ബിജെപിക്കെതിരെ മറ്റെല്ലാവരും ഐക്യപ്പെടുക എന്ന സമീപനം കേരളത്തിന് യോജിച്ചതാകില്ല. അതു സഹായിക്കുക ബിജെപിയെയായിരിക്കും.
കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള നാളുകളാണ് കടന്നു പോകുന്നത്. ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനു ഏറ്റവും ശക്തി ഇന്ന് കേരളത്തിലാണ്. കോണ്‍ഗ്രസ്സിനെ മറികടക്കാനുള്ള ശക്തമായ ശ്രമത്തിലാണ് ബിജെപി. അതിനുള്ള എല്ലാ അടവുകളം അവര്‍ പയറ്റുമ്പോള്‍ അതു വേണ്ടത്ര തിരിച്ചറിയാന്‍ ഇവിടത്തെ കോണ്‍ഗ്രസ്സിന്റെ വലിയ നീളമുള്ള നേതൃനിരക്കു കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം. പ്രതിപക്ഷമെന്ന രീതിയില്‍ അതിശക്തമായി പ്രവര്‍ത്തിക്കുക എന്നതാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം. അതുവഴി സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ ഉത്തരവാദിത്തബോധത്തോടെയുള്ള പ്രതിപക്ഷമായി മാറുക എന്ന ഉത്തരവാദിത്തത്തിനുപുറമേ, ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കുക എന്ന ഉത്തരവാദിത്തവുമാണ് കോണ്‍ഗ്രസ്സിനു നിറവേറ്റാനാകുക. അതാകട്ടെ ഇക്കാലഘട്ടത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. എന്നാലതു വേണ്ടത്ര നിര്‍വ്വഹിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. പലരും പറയുന്ന പോലെ ഗ്രൂപ്പിസമല്ല അതിനു കാരണം. ഗ്രൂപ്പിസം കോണ്‍ഗ്രസ്സിനു ശാപമല്ല, അനുഗ്രഹമാണ്. എന്നാണ് കോണ്‍ഗ്രസ്സില്‍ ഗ്രൂ്പ്പിസമില്ലാതിരുന്നത്. കേരളം കണ്ട ഏറ്റവും വലിയ ഗ്രൂപ്പിസം ആന്റണിയും കരുണാകരനും തമ്മിലുള്ളതായിരുന്നു. തുല്ല്യശക്തികളുടെ പോരാട്ടമായി എത്രയോ വര്‍ഷമത് നീണ്ടുനിന്നു. പാര്‍ട്ടിക്കകത്തു തന്നെ പ്രതിപക്ഷമുണ്ടാകുക എന്നത് ജനാധിപത്യത്തില്‍ എത്രയോ ഗുണകരമാണ്. സിപിഎം പോലുള്ള സ്റ്റാലിനിസ്റ്റ് സംഘടനക്ക് അതനുവദിക്കാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതല്ല. ഒരു ഘട്ടത്തിന്‍ മകനും മകള്‍ക്കും അനര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചതാണ് കരുണാകരവിഭാഗത്തെ ദുര്‍ബ്ബലമാക്കാന്‍ കാരണമായത്. ഇന്നുപക്ഷെ ഏറെക്കുറെ ശക്തമായി രണ്ടു ഗ്രൂപ്പുകളുമുണ്ട്. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകളുമുണ്ട്. കൂടാതെ സുധീരന്റെ നേതൃത്വത്തില്‍ ഗ്രൂപ്പില്ലാ ഗ്രൂപ്പുമുണ്ട്. അവരോടാണ് ഹൈക്കമാന്റിന് കൂടുതല്‍ താല്‍പ്പര്യം. സ്ഥാനമാനങ്ങള്‍ക്കായി പരസ്പരം പോരടിക്കുമ്പോഴും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഗ്രൂപ്പുകള്‍ ഒന്നിക്കാറുണ്ട്. എന്നാല്‍ ആ ഗുണകരമായ പ്രവണതക്ക് ഇപ്പോള്‍ മങ്ങലേറ്റതായി തോന്നുന്നു. പിണറായി സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ ചടുലമായി പ്രതികരിക്കാന്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതേകിച്ച് പ്രതിപക്ഷനേതാവ് ചെന്നിത്തലക്ക് അവസരത്തിനൊത്ത് ഉയരാനാകുന്നില്ല. മറുവശത്ത് മിക്കവിഷയങ്ങളിലും ചടുലമായാണ് ബിജെപി ഇടപെടുന്നത്. നിയമസഭയില്‍ മുഖ്യപ്രതിപക്ഷമല്ലെങ്കിലും തെരുവുകളില്‍ മുഖ്യപ്രതിപക്ഷമായി അവര്‍ മാറുന്ന കാഴ്ചയാണ് കാണുന്നത്. ്അതിന്റെ തുടര്‍ച്ചയായി ചാനലുകളിലും ബിജെപി നേതാക്കള്‍ നിറഞ്ഞുനില്‍ക്കുന്നു. അടുത്ത ലോകസഭതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് സീറ്റുകള്‍ നേടാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം എന്നതും കണക്കിലെടുക്കണം. അറിഞ്ഞോ അറിയാതേയോ അതിനെ സഹായിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്. ഇന്ത്യയില്‍ സംഘപരിവാറിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന അവകാശവാദത്തോടെ സിപിഎം നടത്തുന്ന ഒപ്പത്തിനൊപ്പമുള്ള അക്രമങ്ങള്‍ ഫലത്തില്‍ ബിജെപിയെ വളര്‍ത്തുകയാണ്. ഒരു ഫാസിസത്തെ മറ്റൊരു ഫാസിസം കൊണ്ട് നേരിടാനാകില്ലല്ലോ. അതിനിടയിലാണ് പ്രതിപക്ഷമെന്ന രാഷ്ട്രീയ ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിക്കാതെ കോണ്‍ഗ്രസ്സും അതേ ദൗത്യം നിര്‍വ്വഹിക്കുന്നത്. ചില യുവനേതാക്കള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനും സിപിഎം ഫാസിസത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുന്നുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം പേരുടേയും അവസ്ഥ അതല്ല. ഇരുകൂട്ടരോടും അല്ലെങ്കില്‍ ഒരു കൂട്ടരോട് മൃദുമനോഭാവം വെച്ചുപുലര്‍ത്തുന്നവരാണ് ഭൂരിഭാഗവും. അതിന്റെ ഫലം അതിഗുരുതരമായിരിക്കുമെന്ന് തിരിച്ചറിയാന്‍ ഇവര്‍ക്കാകുന്നില്ല. ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല.. ഇവരോട്…….!!!

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>