സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jun 19th, 2017

സ. സഖാവ് പിണറായി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പഠിക്കുകയാണോ?

Share This
Tags

ppസി.എന്‍.ജയരാജന്‍

ആധുനികത കടന്നു വരുന്നത് ഉല്‍പ്പാദനശക്തികളുടെ നിരന്തരമായ വികസനത്തിലൂടെയാണ് എന്ന മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട് ഇന്ന് മുഖ്യധാര കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ വികലീകരിച്ചു വായിച്ചെടുക്കുന്നതിലൂടെ യാന്ത്രികവും ജനദ്രോഹപരവുമായി തീര്‍ന്നു കൊണ്ടിരിക്കുന്നതിന്റെ വര്‍ത്തമാന ദൃഷ്ടാന്തം മാത്രമാണ് പുതുവൈപ്പിനിലെ ഐഓസി പദ്ധതിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍…
പശ്ചിമബംഗാളില്‍ ബുദ്ധദേബ് ചെയ്തതെന്താണ് ? കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തിട്ടാണെങ്കിലും ഉല്‍പ്പാദന ശക്തികളെ പരമാവധി വികസിപ്പിക്കുകയെന്ന തരത്തിലേക്ക് മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടുകളെ ദുര്‍വ്യാഖ്യാനം ചെയ്തതിന്റെ ഫലമായി തത്വത്തില്‍ കോര്‍പ്പറേറ്റ് അനുകൂല നടപടികള്‍ കൈക്കൊള്ളുകയായിരുന്നു അവിടെ. ചെറുകിട ഉല്‍പ്പാദകര്‍, കര്‍ഷകര്‍, പരമ്പരാഗത വ്യവസായങ്ങള്‍ തുടങ്ങിയവയൊക്കെ തകര്‍ച്ചയിലേക്ക് നീങ്ങുകയും ജനങ്ങള്‍ ദുരിതത്തിലാഴുകയും ചെയ്യുമ്പോള്‍ പോലും വന്‍കിട കോര്‍പ്പറേറ്റുകളിലൂടെ ഉല്‍പ്പാദന ശക്തികളുടെ വികാസം ലക്ഷ്യമിട്ടതിന്റെ ഫലം പശ്ചിമബംഗാളില്‍ പാര്‍ട്ടി ശരിക്കുമറിഞ്ഞതാണ്…
ആഗോളതലത്തില്‍ ഫാസിസം ശക്തിപ്പെടുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഗൌരവപൂര്‍വ്വം വിലിയിരുത്തുന്നുണ്ട്…ബ്രിട്ടണില്‍ ബ്രെകിസിറ്റും അമേരിക്കയില്‍ ട്രംപും ഇന്ത്യയില്‍ മോദിയും ലോകത്തെമ്പാടും ഭീഷണികള്‍ ഉയര്‍ത്തുന്ന ഐഎസും ഒക്കെ ഒരേ സമയം സംഭവിക്കുന്നത് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെയും ഫിനാന്‍സ് മൂലധനത്തിനെ അംഗീകരിച്ചു കൊണ്ടും അതിന്റെ ആധിപത്യത്തിന് അനുഗുണമായ ആഭ്യന്തര സൌകര്യങ്ങളൊരുക്കിക്കൊണ്ടുമാണെന്ന് നിരീക്ഷിക്കപ്പെടുന്നുമുണ്ട്…
എന്നാല്‍ ലോകമെമ്പാടുമുള്ള മുഖ്യധാരാ ഇടതുപക്ഷ ശക്തികളില്‍ പലതും ഇപ്പോള്‍ നവഉദാരീകരണ ശക്തികള്‍ക്ക് അധീശപ്പെട്ടിരിക്കുന്നുവെന്ന കാര്യം വേണ്ടത്ര കാണാതെ വിടേണ്ട കാര്യമല്ല. ഇത് മനസ്സിലാക്കാന്‍ യൂറോപ്യന്‍ ഇടതുപക്ഷ ശക്തികള്‍ സാമ്രാജ്യത്വ വികസന നയങ്ങള്‍ക്ക് ബദല്‍ മുന്നോട്ടു വെയ്ക്കാന്‍ ഒരു ശ്രമം പോലും നടത്തുന്നില്ല എന്നത് ഇടതു ശക്തികളെ സംബന്ധിച്ചിടത്തോളം ഇതൊരു ആഗോള തലത്തിലുള്ള ബലഹീനതയാണ് എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്…ഇതിന്റെ ഫലമായി യൂറോപ്പിലടക്കം ഇടതുപക്ഷം അധികാരത്തില്‍ വരുന്ന രാജ്യങ്ങളിലൊക്കെ തന്നെ തെരഞ്ഞെടുപ്പ് വേളകളില്‍ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയും നവ ഉദാരീകരണ , ആഗോളീകരണ നയങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയും ചെയ്തു കൊണ്ടിരിക്കുന്നതാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്…
ആഗോളീകരണ നയങ്ങളില്‍ മനം മടുത്ത ജനങ്ങളാണ് എവിടെയും ഇടതുപക്ഷത്തെ ജയിപ്പിച്ചിട്ടുള്ളത്. ആഗോളീകരണ, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കെതിരെ നിരവധി ജനകീയ സമരങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും അതിലുള്ളവരെ അധികാരത്തിന് പ്രാപ്തരായി ജനങ്ങള്‍ കാണുന്നില്ല. കന്യാകുമാരി ജില്ലയില്‍ ആണവനിലയത്തിനെതിരെ പോരാടിയ ഉദയകുമാറായാലും നര്‍മ്മദാ പദ്ധതിയ്‌ക്കെതിരെ പോരാടിയ മേധാപഠ്ക്കര്‍ ആയാലും ദശാബ്ദങ്ങള്‍ ഇന്ത്യന്‍ സൈനിക നിയമങ്ങള്‍ക്കെതിരെ നിരാഹാരം കിടന്ന് പ്രക്ഷോഭം നടത്തിയ ഇറോം ശര്‍മിള ആയാലും ജനങ്ങളുടെ വോട്ടുകള്‍ക്ക് പുറത്താണ് നിലകൊള്ളുന്നത് എന്നു തെളിഞ്ഞു കഴിഞ്ഞ കാര്യമാണ്..ഇത്തരത്തില്‍ വലതുപക്ഷ, കോര്‍പ്പറേറ്റ്, ഫിനാന്‍സ് മൂലധന താല്‍പ്പര്യങ്ങള്‍ക്കെതിരെ സമരങ്ങള്‍ നടത്തുകയും ജനങ്ങളുടെ സമ്മതിദാനം നേടിയെടുക്കുകയും ചെയ്തിട്ടുള്ള രാഷ്ട്രീയ ശക്തി ഇടതുപക്ഷ ശക്തികളാണ് എന്നതാണ് അവയുടെ ഇന്നത്തെ പ്രസക്തി….പക്ഷേ, അധികാരത്തില്‍ വരുന്നതോടെ ജനങ്ങളുടെ പ്രതീക്ഷകളെ അപ്പാടെ തകര്‍ക്കുകയാണ് പലയിടങ്ങളിലും ഇടതുപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത്….
ഇതു കൊണ്ടു കൂടി തന്നെയാണ്ഇന്ത്യയിലെ പോലുള്ളയിടങ്ങളില്‍ ഇടതുപക്ഷത്തിന് കോര്‍പ്പറേറ്റ് ശക്തികളെയും വലതുതീവ്രനയപരിപാടികളെയും പിന്തുണയ്ക്കുന്ന ഫാസിസത്തെ ആഗോളതലത്തില്‍ എവിടെയും പ്രതിരോധിക്കാന്‍ തക്ക ശക്തിയായി വളരാന്‍ കഴിയാത്തത് എന്നു കരുതേണ്ടിയിരിക്കുന്നു….കാരണം, മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടുകളെ വികലീകരിക്കകു വഴി ആത്യന്തികമായി ഇടതപക്ഷവും സേവിയ്ക്കുന്നത് വലതുപക്ഷ വികസന നയങ്ങളെയാണ്….
ലാറ്റിനമേരിക്കയിലെ ഇടതു മുന്നേറ്റങ്ങളെ ഒരു പക്ഷേ ഇത്തരത്തില്‍ സാമ്രാജ്യത്വം തകര്‍ക്കുന്നത് മറ്റൊരു തരത്തിലായിരിക്കാം. പക്ഷേ, അധികാരത്തില്‍ ഇരുന്ന് ശക്തമായ ഒരു ബദല്‍ മുന്നോട്ടു വെയ്ക്കാന്‍ ലാറ്റിനമേരിക്കയിലും കഴിഞ്ഞിട്ടില്ല..
ഒരു കമ്മ്യൂണിസ്റ്റ് പോലുമല്ലാതായിരുന്ന ഹ്യൂഗോ ഷാവേസ് സ്വന്തം രാജ്യത്ത് ഫിനാന്‍സ് മൂലധന ശക്തികളോടും ബഹുരാഷ്ട്രക്കുത്തകകളോടും ചെയ്ത കാര്യം പോലും കമ്മ്യൂണിസ്റ്റുകാര്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ഇന്ത്യയിലും മറ്റും അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളില്‍ ഒന്നു ശ്രമിച്ചു നോക്കാന്‍ പോലും കഴിയാത്തെതന്തു കൊണ്ടാണ് എന്നത് ഇടതുപക്ഷക്കാര്‍ ആലോചിച്ചു നോക്കണം..
കേരളത്തിലും ബംഗാളിലും ഇന്നു വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷ വികസന പ്രേമത്തിന് കാരണം ഇവിടെയുള്ള മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികളില്‍ ഉണ്ടായ മാറ്റങ്ങളുടെ തുടര്‍ച്ചയായി കാണേണ്ടതാണ്. ഇവരെല്ലാം ഈ സംസ്ഥാനങ്ങളില്‍ നവ ഉദാരീകരണത്തിന്റെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞതിനാല്‍ തന്നെയാണ് ബംഗാളില്‍ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ നാശം എളുപ്പത്തിലാക്കിയത്. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉന്നത ജാതിയില്‍ നിന്നുള്ള ബുദ്ധിജീവികളായി തുടരുകയും തൊഴിലുകള്‍ സൃഷ്ടിക്കണമെങ്കില്‍ എന്തു വില കൊടുത്തും വ്യവസായങ്ങളും അനുബന്ധ സൌകര്യങ്ങളും ഒക്കെ വളരണമെന്ന വലതുപക്ഷ നയങ്ങളെ അതേപടി സ്വീകരിക്കണമെന്നുമുള്ള മദ്ധ്യവര്‍ഗ്ഗ കാഴ്ചപ്പാടുകളെ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായി കര്‍ഷകരുടെയും തൊഴിലാളികളുടെയും വിയര്‍പ്പില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടി തന്നെ അവരടെ താല്‍പ്പര്യങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന അവസ്ഥയിലേക്കെത്തി…സാസംകാരിക രംഗത്ത് വരേണ്യവര്‍ഗ്ഗത്തിന്റെ ഗണേശോല്‍സവങ്ങളില്‍ ബംഗാളിലെ പാര്‍ട്ടി സജീവമായി പങ്കെടുക്കുമ്പോള്‍ തന്നെയാണ് നന്ദിഗ്രാമിലെ പാവപ്പെട്ട കര്‍ഷകന് നേരെ വെടിയുണ്ടകള്‍ ഉതിര്‍ക്കപ്പെട്ടത്…പശ്ചിമബംഗാളിന്റെ മഹത്തരവും ഐതിഹാസികവുമായ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ അധികാരം കിട്ടി ഏറെ നാള്‍ കഴിഞ്ഞ് ഒടുവില്‍ എത്തിച്ചേര്‍ന്നത് എത്രത്തോളം ജനവിരുദ്ധതയിലായിരുന്നുവെന്നും അതിന്റെ ഫലമായി ഒടുവില്‍ ജനങ്ങള്‍ എത്രത്തോളം തള്ളിക്കളഞ്ഞുവെന്നതും കുറച്ചുകാലം മുന്‍പുള്ള ചരിത്ര വസ്തുതകള്‍ മാത്രമാണ്…
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എകെജിയുടെയും കൃഷ്ണപിള്ളയുടെയും കാലത്ത് താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വളര്‍ത്തിയെടുത്തതായിരുന്നു എന്നതിനാലാണ് ഇപ്പോഴും ഇതില്‍ നിന്ന് ജനങ്ങള്‍ക്ക് വിട്ടു പോകാന്‍ കഴിയാത്തത്….
എന്നാല്‍ ഇന്ന് ഗീതാഗോപിനാഥിന്റെ സാമ്പത്തിക ഉപദേശങ്ങള്‍ നേടി അദാനിയെ സ്വാഗതം ചെയ്യുന്ന സഖാവ് പിണറായി കേരളത്തെ ബുദ്ധദേബിന്റെ പശ്ചിമബംഗാളാക്കിത്തീര്‍ക്കാന്‍ ജോലിയെടുക്കുന്ന അവസ്ഥയിലേക്ക് മാറുകയാണോ?.
പശ്ചിമബംഗാളില്‍ ഭംഗാറില്‍ പവര്‍ഗ്രിഡിന്റെ സബ് സ്റ്റേഷനെതിരെ അവിടത്തെ ജനങ്ങള്‍ നടത്തുന്ന സമരത്തിന് ചില തോതിലെങ്കിലും സമാനമാണ് വൈപ്പിന്‍കരയിലെ ജനങ്ങള്‍ ഐഓസിക്കെതിരെ നടത്തുന്ന സമരം…..തേഭാഗ പ്രക്ഷോഭത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഭംഗാറിലെ കര്‍ഷകരെ പോലെയാണ് കുടിവെള്ളി സമരമടക്കം നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തിയ പാരമ്പര്യമുള്ള വൈപ്പിനിലെ സാധാരണക്കാര്‍…..
വൈപ്പിന്‍ നിവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. ഹരിത ട്രിബ്യൂണലിന്റെ വിധി വരുന്നതു വരെ കാത്തിരിക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ തന്നെ അതിനിടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചതും അതിനെ തടയാന്‍ വന്ന സ്ത്രീകളെയും കുട്ടികളെയും വരെ പോലീസിനെ വിട്ട് തല്ലിച്ചതും ഒക്കെ ഇപ്പോള്‍ സഖാവ് പിണറായിയുടെ ചുമലില്‍ വെച്ചു കെട്ടാമെങ്കിലും വികസനത്തെ കുറിച്ച് പൊതുവേ മുഖ്യധാരാ ഇടതുപക്ഷത്തിനുള്ള പ്രത്യയശാസ്ത്രപരമായതും ബദലിന്റേതുമായ ഉത്തരം മുട്ടലുകളുടെ ഫലമായിട്ട് തന്നെ ഇതിനെ കാണുന്നതായിരിക്കും ഉചിതം.
പണ്ട് വൈപ്പിന്‍ മദ്യദുരന്തം നടന്ന സമയത്ത് അതിന്റെ കാരണക്കാരായ അബ്കാരികളെ രക്ഷിക്കാന്‍ ശ്രമിച്ചു രംഗത്തു വന്ന കരിങ്കാലികളെ ഇഷ്ടികയും കരിങ്കല്‍ച്ചീളുകളും കല്ലുകളും എടുത്തെറിഞ്ഞായിരുന്നു വൈപ്പിനിലെ ഉശിരുള്ള പെണ്ണുങ്ങള്‍ ഓടിച്ചു വിട്ടത്….ചാനലുകളില്‍ ഇരുന്നാല്‍ രക്ഷിതമായി എന്ന് കരുതുന്നവരെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി ഇക്കാര്യം എഴുതിയെന്നേയുള്ളൂ….

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>