സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jun 17th, 2017

നമ്മുടെ പോലീസ് ഇനി എപ്പോഴാണ് കുട്ടികളെ കുട്ടികളായി കാണാന്‍ തുടങ്ങുന്നത് ?

Share This
Tags

pppദേവ് അരുണ്‍

ഇന്നലെ, അതായത് 2017 ജൂണ്‍ 16 ന് എറണാകുളം ജില്ലയില്‍ പുതുവൈപ്പ് എന്ന സ്ഥലത്ത് നടന്ന ഐ.ഒ.സി. സംഭരണ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ അനേകം കുട്ടികള്‍ക്ക് പരിക്കേറ്റു. അതില്‍ സാരമായി പരിക്കേറ്റ ഒന്‍പത് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ മര്യാദകള്‍ യാതൊന്നും പാലിക്കാതെ മൃഗീയമായി പരിക്കേല്‍പ്പിച്ചുകൊണ്ട് 62 കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും എറണാകുളം കസബ, കടവന്ത്ര, മുളവുകാട് പോലീസ് സ്റ്റേഷനുകളിലായി തടഞ്ഞു വെക്കുകയും ചെയ്തു. കസബ സ്റ്റേഷനില്‍ 43 കുട്ടികളെയും കടവന്ത്ര സ്റ്റേഷനില്‍ 11 കുട്ടികളെയും മുളവുകാട് സ്റ്റേഷനില്‍ ഒന്നര വയസുള്ള ഒരു കുട്ടിയടക്കം 8 കുട്ടികളെയുമാണ് രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ കസ്റ്റഡിയില്‍ വെച്ചത്. പല കുട്ടികളുടെയും അച്ഛനമ്മമാര്‍ വ്യത്യസ്തമായ സ്റ്റേഷനുകളില്‍ ആ സമയം കസ്റ്റഡിയില്‍ ആയിരുന്നു. പലകുട്ടികള്‍ക്കും ലാത്തികൊണ്ടുള്ള കുത്തേറ്റും പോലീസ് ബലപ്രയോഗത്തിലും പരിക്കേറ്റു. ചിലര്‍ക്ക് പോലീസ് ബൂട്‌സ് കൊണ്ടുള്ള ചവിട്ടേറ്റിട്ടുണ്ട്.
പല കുട്ടികളെയും കോളറിന് കുത്തിപ്പിടിച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്. പരിക്കേറ്റ കുട്ടികളില്‍ ജോയല്‍ (8), വിയാനിസ സുനില്‍ (6), ആല്‍ഫിന്‍ (9), ആര്യന്‍ (7), അനഘ (10), സാല്‍വിന്‍ (11) എന്നീ ആറു കുട്ടികളെ മാലിപ്പുറം സര്‍ക്കാര്‍ ആശുപത്രിയിലും മൂന്ന് പേരെ എറണാകുളം ജനറല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. തലയ്ക്ക് അടികൊണ്ട ചില കുട്ടികളെ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊടും കുറ്റവാളികള്‍ പോലും ജയിലിലും പോലീസ് കസ്റ്റഡിയിലും പലവിധ ആര്‍ഭാടങ്ങളും ആസ്വദിക്കുമ്പോള്‍ ഇന്നലെ കസ്റ്റഡിയിലായ കുട്ടികള്‍ക്ക് അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും നിഷേധിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിവരെ കസ്റ്റഡിയില്‍ ഉള്ള കുട്ടികള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കപ്പെട്ടില്ല. ആ സമയം വരെ ഭക്ഷണം നിഷേധിക്കപ്പെട്ട ആളുകള്‍ക്ക് കുടുവെള്ളവും ഭക്ഷണവുമായി എത്തിയ രാധാകൃഷ്ണന്‍ എന്ന പ്രദേശവാസി ഉള്‍പ്പടെ മൂന്ന് പേരെ പ്രിവന്റ്റീവ് കസ്റ്റഡിയില്‍ വെക്കുകയാണ് പോലീസ് ചെയ്തത്. സമരാനുകൂലികള്‍ കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ പോലും പോലീസ് കുട്ടികളെ അനുവദിച്ചില്ല. കൈ കഴുകുവാന്‍ ഉള്ള ടാപ്പ് ഉപയോഗിക്കുന്നതില്‍ നിന്നും പോലീസ് കുട്ടികളെ വിലക്കുകയും ചെയ്തു. ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ മൂത്രമൊഴിക്കുവാന്‍ പോലും അനുവദിക്കാതെ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുനിര്‍!ത്തി. കുട്ടികള്‍ ഉള്‍പ്പടെയുള്ള സമരക്കാരെ ഇരുത്തിയ സ്ഥലത്തിന് അടുത്തുള്ള ടോയിലറ്റിന്റെ വാതില്‍ താഴിട്ട് പൂട്ടിയാണ് പോലീസ് ഇവരെ നേരിട്ടത്.
അറസ്റ്റിലായവരും സാമൂഹ്യ പ്രവര്‍ത്തകരും പ്രധിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട 321 ആളുകള്‍ക്ക് ഉച്ചതിരിഞ്ഞ് ഏതാനും പാക്കറ്റ് ബ്രഡും പഴവും പോലീസ് എത്തിച്ചു. എന്നാല്‍ തങ്ങളെ നിയമവിരുദ്ധമായി മര്‍ദ്ധിച്ചതിലും കസ്റ്റഡില്‍ എടുത്തതിലും പ്രതിഷേധിച്ച് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ അത് കഴിച്ചില്ല. വൈകീട്ടോടുകൂടി കേരള സംസ്ഥാന ബാലവകാശ കമ്മീഷനിലെ എറണാകുളത്ത് നിന്നുള്ള അംഗം ശ്രീ. എം.പി. ആന്റണിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരികയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ശ്രീമതി. സൈന എറണാകുളം കസബ സ്റ്റേഷനില്‍ എത്തിയെങ്കിലും കുട്ടികള്‍ നേരിട്ട പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കുവാന്‍ കുട്ടികളോടോ അവിടെ ഉണ്ടായിരുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരോടോ സംസാരിക്കാന്‍ തയ്യാറായില്ല എന്നതും കുട്ടികള്‍ക്ക് പ്രസ്തുത ഓഫീസറെ കണ്ടു സംസാരിക്കണം എന്ന് പറഞ്ഞപ്പോള്‍ പോലീസ് സ്റ്റേഷന്റെ അകത്തേക്ക് പ്രവേശിച്ച ഓഫീസറെ കാത്ത് മുന്‍ വശത്ത് കാത്തിരുന്ന കുട്ടികള്‍ കാണാതെ മറ്റൊരുവഴി ഒളിച്ചു പോയത് അത്യന്തം അപലപനീയമായ പ്രവര്‍ത്തനമാണ്. അത്രയും കുട്ടികളെ പോലീസ് സ്റ്റേഷനില്‍ കാണുന്ന ഏതൊരു വ്യക്തിയും ഒരു സാമാന്യ മര്യാദയുടെ പേരില്‍ അവരോട് സംസാരിക്കുകയും അവരോട് പ്രശ്‌നങ്ങള്‍ തിരക്കുകയും ചെയ്യും എന്നിരിക്കെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥ കുട്ടികള്‍ നേരിട്ട അത്യന്തം ഗുരുതരമായ അവകാശ ലംഘനങ്ങള്‍ നേരിട്ടപ്പോള്‍ അവരെ തിരിഞ്ഞു നോക്കാതെ ഒളിച്ചുപോയി എന്നത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്.
തങ്ങളെ മര്‍ദ്ദിക്കുകയും അന്യായമായി കസ്റ്റഡില്‍ എടുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് കാണിച്ച് കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സനും എല്ലാ അംഗങ്ങള്‍ക്കും അന്‍പതിലധികം കുട്ടികള്‍ ഒപ്പിട്ട ഒരു പരാതി കുട്ടികള്‍ നല്‍കിക്കഴിഞ്ഞു.
ഒരുവശത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഓ.ആര്‍.സി., തുടങ്ങിയ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി കുട്ടികളെ പോലീസ് സംവിധാനത്തോട് ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് കുട്ടികളുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരെ പോലീസ് തന്നെ മര്‍ദ്ദിക്കുകയും അന്യായമായി തടങ്കലില്‍ വെക്കുകയും ചെയ്യുക എന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത കുട്ടികള്‍ ആരും തന്നെ ‘കുട്ടി കുറ്റവാളികള്‍’ എന്ന് വിളിക്കപ്പെടാന്‍ പറ്റുന്നവരല്ല. അവരാരും തന്നെ നിലവിലുള്ള നിയമങ്ങള്‍ ഒരു വിധത്തിലും ലംഘിച്ചവരല്ല. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമാധാനപരമായി സമരം ചെയ്യുന്നവരായിരുന്നു അവര്‍. പോലീസിനെതിരെയോ മറ്റ് അധികാരികള്‍ക്കെതിരെയോ ഒരു ചെറിയ കല്ല് പോലും അവര്‍ എറിഞ്ഞട്ടില്ല. നിയമം പാലിക്കണമെന്ന്, നിലവിലുള്ള സി.ആര്‍.ഇസഡ്. നിയമങ്ങള്‍ പ്രകാരം വേലിയേറ്റ രേഖയില്‍ നിന്ന് നിശ്ചിത ദൂരം വിട്ട് മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ എന്ന നിയമം അനുസരിക്കണമെന്ന് ഐ.ഒ.സി. യോട് ആവശ്യപ്പെടുക മാത്രമേ അവര്‍ ചെയ്യുന്നുള്ളൂ. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ പത്തിലധികം വര്‍ഷത്തിലായി സമരം ചെയ്തു വരുന്നവരും കഴിഞ്ഞ 121 ദിവസങ്ങളായി അനിശ്ചിതകാല ഉപരോധ സമരം ചെയ്തു വരികയുമാണ് ഇവര്‍. വളരെയേറെ പ്രകോപനങ്ങളും ദ്രോഹങ്ങളും ഇവര്‍ക്കുനേരെ ഉണ്ടായിട്ടും നാളിതുവരെ യാതൊരുവിധ അക്രമങ്ങളും നടത്താതെ സമാധാനപരമായി സമരം ചെയ്തു വന്ന ഒരു ജനതയ്ക്ക് നേരെയാണ് പോലീസ് പൊടുന്നനെ ക്രൂരമായ അക്രമം അഴിച്ചുവിട്ടത്.
ഇനി ഈ കുട്ടികള്‍ കുറ്റം ചെയ്തവരാണ് എന്ന് ആരോപിക്കുകയാനെങ്കില്‍ തന്നെ അത്തരക്കാരെ കൈകാര്യം ചെയ്യേണ്ടത് കൊടും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ അല്ല. അവരെ കസ്റ്റഡിയില്‍ എടുക്കേണ്ടത് തല്ലിയും കുത്തിയും ചവിട്ടിയും പരിക്കെല്‍പ്പിച്ചുകൊണ്ട് വലിച്ചിഴച്ച് പോലീസ് വാനിലേക്ക് എടുത്തെറിഞ്ഞു കൊണ്ടല്ല. കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ട്. അതൊന്നും കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല എന്നുണ്ടോ ? അതോ അതൊന്നും കേരള പോലീസിന് ബാധകം അല്ല എന്നുണ്ടോ ?
കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥരും അവരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്ന കാഴ്ച്ചയാണ് ഈ വിഷയത്തില്‍ കണ്ടത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരടക്കമുള്ളവര്‍ ഈ പ്രശ്‌നത്തില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തിയില്ല. ഇത്രയധികം കുട്ടികള്‍ക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിട്ടും അതിനെതിരെ ഒരു ചെറുവിരല്‍ പോലും അവര് ഉയര്‍ത്തിയില്ല.
ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളും ഈ വിഷയത്തോട് കടുത്ത നിസംഗതയാണ് ആദ്യം മുതല്‍ കാണിച്ചത്. അടുത്ത ദിവസം കൊച്ചിയില്‍ നടക്കുന്ന മെട്രോ ഉദ്ഘാടനം എന്ന മാമാങ്കം സംബന്ധിച്ച വാര്‍ത്തകള്‍ കവര്‍ ചെയ്യാനാണ് അവരുടെ ഭൂരിഭാഗം സമയവും ചെലവഴിച്ചത്. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ഗുരുതരമായ ആക്രമണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും ഈ വിഷയത്തിന് മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല എന്നത് ഖേദകരമാണ്.
ജനാധിപത്യ കേരളത്തിന് ഒട്ടും ഭൂഷണമായ സംഭവം അല്ല കഴിഞ്ഞ ദിവസം നടന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി സംഭവിക്കരുത്. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എങ്ങിനെ ഇടപെടണം എന്നത് സംബന്ധിച്ച് നമ്മുടെ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് മതിയായ പരിശീലനം നല്‍കണം. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണം. ഈ സംഭവം ഇത്തരത്തിലുള്ള അവസാന സംഭവമാകട്ടെ എന്നാഗ്രഹിക്കുന്നു.

(ഇന്നലെ രാവിലെ പ്രശ്‌നം ഉണ്ടായ സമയം മുതല്‍ രാത്രി 11 മണിവരെ ഈ കുട്ടികളോടൊപ്പം വിവിധ സ്റ്റേഷനില്‍ കഴിഞ്ഞും കുട്ടികളോടും കേരള സംസ്ഥാന ബാലവകാശ കമ്മീഷനിലെ എറണാകുളത്ത് നിന്നുള്ള അംഗം ശ്രീ. എം.പി. ആന്റണി, എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ശ്രീമതി. സൈന, വിവിധ ശിശു സംരക്ഷ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, നിയമ വിദഗ്ദര്‍ എന്നിവരോടും നേരിട്ട് സംസാരിച്ചും കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണ് ഈ കുറിപ്പ്).

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>