സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jun 16th, 2017

സാഹിത്യവും പ്രതിരോധവും

Share This
Tags

lllസച്ചദാനന്ദന്‍

പ്രതിരോധം എന്ന വാക്ക് പ്രതേകിച്ച് നിര്‍വ്വചിക്കേണ്ടതില്ല. അതെ കുറിച്ച് സാമാന്യ സങ്കല്‍പ്പം നമുക്കുണ്ട്. നമുക്കു കൂടുതല്‍ പരിചിതമായ വിപ്ലവം എന്ന വാക്കില്‍ നിന്ന് പ്രതിരോധത്തെ വിച്ഛേദിച്ചു കാണണം. വിപ്ലവമെന്നത് ഒരു പ്രത്യക സമയത്തെ പ്രതിരോധങ്ങളുടെ വിസ്‌ഫോടനമാണ്. ഫ്രഞ്ച് വിപ്ലവവും ഒക്ടോബര്‍ വിപ്ലവവുമൊക്കെ ഉദാഹരണങ്ങള്‍. എന്നാല്‍ വിപ്ലവങ്ങളും എന്തിനെയാണോ പ്രതിരോധിച്ചത്, അതിലേക്കുതന്നെ തിരിച്ചുപോകുകയായിരുന്നു. അവ എന്തിനെതിരെ പോരാടിയോ അതു തന്നെയായി മാറിയ ചരിത്രമാണ് 20-ാം നൂറ്റാണ്ടിന്റേത്. അതിനാല്‍ പ്രതിരോധം എന്ന സംജ്ഞക്ക് പുതിയ അര്‍ത്ഥം കണ്ടെത്തേണ്ടിയിരിക്കുന്നു. അതൊരു പ്രത്യേക സംഭവമല്ല. മറിച്ച് ഒരവസ്ഥയാണ്. തുടരുന്ന അവസ്ഥ. അനീതിക്കെതിരായ പ്രതികരണം.
ഇന്ത്യയെപോലൊരു രാജ്യത്ത് പ്രതിരോധത്തിന്റെ പൊതുവായ ലക്ഷ്യം ജനാധിപത്യത്തെ ജനാധിപത്യമായി നിലനിര്‍ത്തുക എന്നതാണ്. ഇന്നത് സര്‍വ്വാധികാരവും പുരുഷാധികാരവും സവര്‍ണ്ണാധികാരവും മതാധികാരവും മൂലധനാധികാരവുമൊക്കെയായി ചേര്‍ന്നു പോകുന്ന അവസ്ഥയാണ്. അതിനെതിരായ സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടേയും ചെറുത്തുനില്‍പ്പിന്റെ ആകത്തുകയാണ് പ്രതിരോധം എന്ന് പൊതുവായി പറയാം. അടിസ്ഥാനപരമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന പരികല്‍പ്പനയാണ് പ്രതിരോധം. അധികാരത്തോട് സത്യം പറയാനുള്ള പ്രയത്‌നമാണ് പ്രതിരോധത്തിന്റെ കാതല്‍. ഈ പ്രതിജ്ഞാബദ്ധതയില്‍ നിന്നാണ് സാഹിത്യവും അതിന്റെ പ്രതിരോധ ഊര്‍ജ്ജം ആര്‍ജ്ജിക്കുന്നത്. അത് എഴുപതുകളില്‍ മുഴങ്ങിയ അനീതിക്കെതിരെ കലാപം ചെയ്യൂ എന്ന പോലെയുള്ള പ്രത്യക്ഷ മുദ്രാവാക്യങ്ങളാകണമെന്നില്ല. പുതിയ ബോധത്തിന്റെ സൃഷ്ടിയാകാം. പുതിയ ലോകം സ്വപ്‌നം കാണാന്‍ പഠിപ്പിക്കലാകാം.
സാഹിത്യചരിത്രത്തെ ഒന്നടങ്കം തന്നെ വായനയുടെ പക്ഷത്തുനിന്ന് പ്രതിരോധത്തിന്റെ ചരിത്രമായി നിര്‍വ്വചിക്കാന്‍ കഴിഞ്ഞേക്കാം. ഒരേകൃതിയെ പല രീതിയില്‍ വായിക്കാമല്ലോ. മഹാഭാരതം ഏകലവ്യനെ മുന്‍നിര്‍ത്തി ദളിത് പക്ഷത്തുനിന്ന് വായിക്കാം. സീതയെ മുന്‍നിര്‍ത്തി സ്ത്രീപക്ഷത്തുനിന്ന് വായിക്കാം. ഗോല്‍വാക്കറെ പോലെയല്ല ഗാന്ധി ഭഗവത് ഗീത വായിച്ചത്. കൃതികള്‍ ബഹുസ്വരമാണ്. അവയെ വിമോചനപക്ഷത്തുനിന്ന് വായിക്കാം. മാര്‍ക്‌സ് അതിനായിരുന്നു ശ്രമിച്ചത്. ആധിപത്യസംസ്‌കാരത്തെ പ്രതിരോധിച്ച് പ്രതിസംസ്‌കാരം സൃഷ്ടിക്കാനുള്ള ശ്രമമായി സാഹിത്യത്തെ കാണാനാകും. ശൂദ്രനായ എഴുത്തച്ഛന്റെ രാമായണ രചന അതായിരുന്നു.
ബദല്‍ സമൂഹത്തെ മുന്നില്‍ കണ്ട് അതിനായി ബോധപൂര്‍വ്വം പ്രതിരോധത്തിന്റെ സാഹിത്യരചനയും സജീവമാണ്. സമകാലീന സമസ്യകളോട് ഭാവിയുടെ പക്ഷത്തുനിന്നുള്ള കാഴ്ചയാണത്. വൈലോപ്പിള്ളി പരഞ്ഞപോലെ സൗവര്‍ണ്ണ പ്രതിപക്ഷം.. വിയോജിപ്പിന്റെ സാഹിത്യം. ഇതുപക്ഷെ പരിശോധിക്കേണ്ടത് എഴുത്തകാരിലല്ല, കൃതികളിലാണ്. ഒരേ എഴുത്തുകാരന്‍ തന്നെ എഴുതുന്ന എല്ലാ കൃതികളും പ്രതിരോധത്തിന്റെ സാഹിത്യമാകണമെന്നില്ല.
മലയാളത്തില്‍ പ്രതിരോധത്തിന്റേതായ, വിയോജിപ്പിന്റേതായ മൂന്നു സാഹിത്യകാലഘട്ടങ്ങള്‍ കാണാന്‍ കഴിയും. അവ പരസ്പരപൂരകം കൂടിയാണ്. ജീവല്‍ സാഹിത്യം, എഴുപതുകളിലെ പുരോഗമന സാഹിത്യം, ഇന്നത്തെ വൈവിധ്യമാര്‍ന്ന സാഹിത്യം. ഇവ പരസ്പര വിരുദ്ധമല്ല. മറിച്ച് അനസ്യൂതമാണ്. പ്രതിരോധസാഹിത്യത്തെ മനസ്സിലാക്കാന്‍ ഏറ്റവും അനുയോജ്യമായ മാതൃക മുന്നണി സാഹിത്യം എന്ന വാക്കാണ്. പുതിയ ദര്‍ശനം രൂപീകരിക്കാന്‍ ശ്രമിക്കലാണത്. അതിനായി പുതിയ ഭാവുകത്വം കണ്ടെത്തുന്നത്. അതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഭാഷയെ നവീകരിക്കലാണ്. അത് പക്ഷെ നിഷേധാത്മകമല്ല. കല കലക്കുവേണ്ടി എന്നു പറയുമ്പോല്‍ അത് യുദ്ധത്തിനല്ല, ചൂഷണത്തിനല്ല, ഭരണകൂടത്തിനല്ല എന്നെല്ലാം അര്‍ത്ഥമുണ്ടല്ലോ. അപ്പോഴും അതിന്റെ ശ്രദ്ധ ഭാഷയിലാണ്. അതോടൊപ്പം ഭാവുകത്വവും മാറുമ്പോഴാണ് മുന്നണി സാഹിത്യമാകുക. വിയര്‍പ്പു പിടിച്ച അവിശുദ്ധ കവിതയുണ്ടാകുന്നത് അങ്ങനെയാണ്. സാഹിത്യത്തെ കുറിച്ചുള്ള യാഥാസ്ഥിതിക സങ്കല്‍പ്പത്തെ അത് പൊളിക്കുന്നു. ദേശത്തെ ഭാഗധേയത്തെ അഭിസംബോധന ചെയ്യുന്നു. നിയമങ്ങള്‍ ലംഘിക്കും. പുതിയ നിയമങ്ങള്‍ ഉണ്ടാക്കണമെന്നില്ല.
മലയാളിയുടെ ജീവിതത്തെ മാറ്റിമറിച്ച നവോത്ഥാന കാലഘട്ടത്തിലാണ് ജീവല്‍ സാഹിത്യത്തിന്റെ ജനനം. നാടുവാഴിത്തത്തിനെതിരെ, മുതലാളിത്ത ജനാധിപത്യത്തിനായി, സാമ്രാജ്യത്വത്തിനെതിരെ സോഷ്യലിസ്റ്റ് സ്വപ്‌നങ്ങളുമായി സാഹിത്യത്തെ റാഡിക്കലൈസ് ചെയ്ത കാലമായിരുന്നു അത്. മികച്ച എഴുത്തുകാരെല്ലാം അതിന്റെ ഭാഗമായിരുന്നു. കലയേയും ജീവിതത്തേയും ഒരേ സമയം പുതുക്കിയ സാഹിത്യം. സമകാലിക യാഥാര്‍ത്ഥ്യത്തെ അത് അഭിമുഖമായി നിര്‍ത്തി. പുറത്തായിരുന്നവര്‍ അകത്തായി, കഥാപാത്രങ്ങളായി. സാമാന്യജനതക്ക് ഇടം ലഭിച്ചു. പ്രാദേശികശൈലി സാഹിത്യ ഭാഷയായി. കവിതയില്‍ സംസ്‌കൃതസ്വാധീനം കുറഞ്ഞു. നിരവധി പരിഭാഷകള്‍ വന്നു. നാടകത്തെ ജനകീയവല്‍ക്കരിച്ചു എന്നിങ്ങനെ ഇക്കാലഘട്ടത്തെ മാറ്റങ്ങള്‍ നീളുന്നു. അപ്പോഴും ലോകസാഹിത്യത്തോടോ അന്നത്തെ മാര്‍ക്‌സിസ്റ്റ് സൗന്ദര്യ ശാസ്ത്രത്തോടോ അത് സംവദിച്ചില്ല. ലോകനിലവാരത്തില്‍ നടന്നിരുന്ന സംവാദങ്ങളെ ശ്രദ്ധിച്ചില്ല. റിയലിസത്തിനപ്പുറം പോയില്ല. ഏകമാന മനുഷ്യ സങ്കല്‍പ്പമായിരുന്നു അതിന്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് പിന്നീട് ആധുനിക സാഹിത്യം രൂപം കൊണ്ടത്. അത് പുതിയ ഭാഷയും ശൈളിയും സമീപനവും സൗന്ദര്യബോധവുമെല്ലാം സൃഷ്ടിക്കപ്പെട്ടു. കേരളീയ സമൂഹം മധ്യവല്‍ക്കരിക്കപ്പെട്ടിരുന്നു. ഉല്‍പ്പാദനം ഇല്ലെങ്കിലും ഉപഭോഗത്തില്‍ നാം മുന്നിലെത്തുകയായിരുന്നു. നഗരവല്‍കകരണവും രാജ്യത്തെ മഹാനഗരങ്ങളുടെ സ്വാധീനവും സാഹിത്യത്തെ മാറ്റി മറിച്ചു. നാടുവാഴിത്തും തളര്‍ന്നെങ്കിലും മുതലാളിത്തം വളരാത്തത് സൃഷ്ടിച്ച പ്രതിസന്ധിയും പ്രശ്‌നവല്‍ക്കരിക്കപ്പെട്ടു. പാശ്ചാത്യസാഹിത്യവുമായുള്ള പരിചയവും മറ്റൊരു സ്വാധീനമായിരുന്നു. എങ്കിലും പൂര്‍ണ്ണമായ രാഷ്ട്രീയബോധത്തോടെ ജീവിതത്തെ സമീപിച്ചതായി പറയാനാകില്ല. അവിടെയാണ് എഴുപതുകളിലെ സാഹിത്യത്തിന്‍െ പ്രസക്തി. അത് ആധുനികതയുടെ പരോക്ഷരാഷ്ട്രീയത്തെ പ്രത്യക്ഷമാക്കി. സമകാലിക ഭാവുകത്വബോധത്തേയും പുരോഗമന ദര്‍ശനത്തേയും സമന്വയിപ്പിച്ചു. രാജ്യത്തെങ്ങും നടന്ന പല പോരാട്ടങ്ങളും ദളിത് – ആദിവാസി – ഭൂഹിത – തൊഴിലാളി വിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ ഈ സ്വാധീനത്തിനു കാരണണമായി. ഒപ്പം വിപ്ലവ സ്വപ്‌നങ്ങളും ന്യൂലെഫ്റ്റ് വീക്ഷണങ്ങളും പ്രാദേശികകലാപങ്ങളും. ആധുനികത ഏകശിലയല്ല എന്നത് തെളിയിച്ചു. ദേശവും ഭരണകൂടവുമായുള്ള ബന്ധത്തെ പുനനിര്‍വ്വചിക്കുകയും ജനകീയ ദേശീയത എന്ന സങ്കല്‍പ്പം നിര്‍വചിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കുമുന്നെ അതിനെ നേരിടാന്‍ ഈ സാഹിത്യം സജ്ജമായിരുന്നു. ആധുനികതയെ രാഷ്ച്രീയവല്‍ക്കരിക്കുകയും പില്‍കാലത്തേക്കുള്ള ഭാഷ സൃഷ്ടിക്കുകയും ചെയ്തു. അപ്പോഴും സവിശേഷതകളെ അവഗണിച്ച് സാമാന്യവല്‍ക്കരിക്കല്‍ എന്ന പരിമിതി അതിനുണ്ടായിരുന്നു.
ഈ പരിമിതിയെ മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് സൂക്ഷ്മവും സവിശേഷവുമായി പ്രതിരോധരൂപങ്ങളിലേക്ക് അത് മാറികഴിഞ്ഞു. പല മണ്ഡലങ്ങളിലായി നടക്കുന്ന സൂക്ഷ്മസമരങ്ങളില്‍ നിന്നാണ് അത് ഊര്‍ജ്ജം കണ്ടെത്തുന്നത്. അത് കേന്ദ്രീയ സ്ഥാനമില്ല. വിഗ്രഹങ്ങളില്ല. ബൃഹത് ആഖ്യാനങ്ങളില്ല. ദേശം, ദളിത്, സ്ത്രീ, പരിസ്ഥിതി എന്നിങ്ങനെ എല്ലാം ചേര്‍ന്നതാണ് പുതിയ കാലത്തെ മുന്നണി സാഹിത്യം. ദൈനംദിനഭാഷതന്നെയാണ് കാവ്യഭാഷ. അനശ്വരതയില്‍ അതിനു താല്‍പ്പര്യമില്ല. എല്ലാ തരം ഹിംസകള്‍ക്കും അത് എതിരാണ്. അവനവനേയും ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ അനിവാര്യമായും ഈ പ്രതിജ്ഞാബദ്ധത അനിവാര്യമാണ്. വൈവിധ്യങ്ങള്‍ക്ക് സമന്വയിച്ചേ പറ്റൂ. അതാണ് ഇപ്പോള്‍ നടക്കുന്നത്.

(സാഹിത്യ അക്കാദമി വാര്‍ഷികാഘോഷചടങ്ങില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്)

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>