സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jun 13th, 2017

ഭാരതത്തിന്റെ ആത്മാവിലൂടെ കര്‍ഷകരക്തം ഒഴുകുമ്പോള്‍

Share This
Tags

fff

അഡ്വ. വി.സി. സെബാസ്റ്റിയന്‍

ഭാരതത്തിന്റെ ആത്മാവിനെ കുത്തിക്കീറുകയാണ് രാജ്യം ഭരിക്കുന്നവരെന്നു വേദനയോടെ പറയട്ടെ. അധികാരത്തിലേറാന്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകനെ ഉപകരണമാക്കിയവര്‍ കാര്‍ഷികപ്രശ്‌നങ്ങളില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന ധാര്‍ഷ്ട്യം അതിരുകടക്കുന്നു. പോലീസിനെ അയച്ച് സ്വന്തം ജനതയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുന്ന കൊടുംക്രൂരതയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും ശില്പികള്‍ ഇന്നലെകളില്‍ വിളിച്ചുപറയുകയും ഇന്നും ആവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വാക്യമുണ്ട്: ‘ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്.’ മണ്ണിനെ സ്‌നേഹിക്കുകയും വളര്‍ത്തുമൃഗങ്ങളെ പോറ്റുകയും പ്രകൃതിയെ സംരക്ഷിക്കുകയും നാടിന് അന്നംവിളമ്പിത്തരുകയും ചെയ്യുന്ന ജനസമൂഹത്തെ കശാപ്പുചെയ്യുന്ന ധിക്കാരം ഓരോ ദിവസവും ഭരണാധികാരികള്‍ ആവര്‍ത്തിക്കുമ്പോള്‍ മനസാക്ഷി മരവിക്കാത്തവര്‍ പ്രതികരിക്കണം.
തമിഴ്‌നാട്ടില്‍ തുടക്കമിട്ട കര്‍ഷകസമരങ്ങള്‍ പഞ്ചാബിലും മഹാരാഷ്ട്രയിലും അവിഭക്ത ആന്ധ്രയിലും ആവര്‍ത്തിച്ച് ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശില്‍ കര്‍ഷകരുടെ രക്തച്ചൊരിച്ചിലില്‍ എത്തിനില്‍ക്കുന്നു. വ്യവസായ ലോബികളെയും വന്‍കിട കോര്‍പ്പറേറ്റുകളെയും സംരക്ഷിക്കാന്‍ ഈ നാടിന്റെ സമ്പത്തായ കര്‍ഷകനെ കൊലയ്ക്കു കൊടുക്കുമ്പോള്‍ അവനുവേണ്ടി ശബ്ദിക്കാന്‍ ഇവിടെ ആരുണ്ട്?
കാലാവസ്ഥാ വ്യതിയാനവും വിലയിടിവും മൂലം ജീവിതം വഴിമുട്ടിനില്‍ക്കുന്ന കര്‍ഷകന്‍, കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുമ്പോള്‍ എങ്ങനെ രാജ്യദ്രോഹിയാകും? തന്റെ ഉല്‍പ്പന്നത്തിന് അടിസ്ഥാനവില നിശ്ചയിക്കാനും സംഭരിക്കാനും അവര്‍ കേഴുകയാണ്.
മൂന്നാഴ്ചയിലധികം ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ സമരം ചെയ്തിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്തതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ തുണിയുരിഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധിച്ചു. വായ്പകള്‍ എഴുതിത്തള്ളണമെന്നും കര്‍ഷകര്‍ക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കണമെന്നായിരുന്നു അവരുടെ മുഖ്യആവശ്യം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഏഴ് കര്‍ഷകരെ എത്തിച്ചെങ്കിലും നിവേദനം നല്‍കി മടങ്ങാന്‍ അറിയിപ്പു ലഭിക്കുകയായിരുന്നു. പരാതി ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു മടങ്ങുന്നതിനിടയില്‍ പോലീസ് വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി ഒരു കര്‍ഷകന്‍ തുണിയുരിഞ്ഞു. തുടര്‍ന്ന് മറ്റു കര്‍ഷകരും മുദ്രാവാക്യം മുഴക്കി തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. ദിവസങ്ങളോളം സമരം ചെയ്തിട്ടും ആരും തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും പ്രധാനമന്ത്രിയെ കാണാതെ മടങ്ങില്ലെന്നും കര്‍ഷകര്‍ വാശിപിടിച്ചു. മനുഷ്യന്റെ തലയോട്ടികൊണ്ടു മാലയണിഞ്ഞും സമരം ശക്തമാക്കി. രാഷ്ട്രീയക്കാര്‍ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചതല്ലാതെ യാതൊന്നും സംഭവിച്ചില്ലെന്നും മരണമല്ലാതെ തങ്ങളുടെ മുമ്പില്‍ മറ്റൊരുവഴിയില്ലെന്നും തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പറയുന്നു.
കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്കും ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്കും ദുരിതാശ്വാസം നല്‍കുക, വായ്പകള്‍ എഴുതിത്തള്ളുക, കാവേരി നദീജല പ്രശ്‌നപരിഹാരത്തിന് ഉന്നതാധികാര സമിതി രൂപവത്കരിക്കുക തുടങ്ങി പത്തൊന്‍പതിന ആവശ്യങ്ങളുമായി തമിഴ്‌നാട്ടില്‍ കര്‍ഷകബന്ദും നടന്നു. കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞുനില്‍ക്കുമ്പോള്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ വിവിധ രൂപങ്ങളില്‍ ആവര്‍ത്തിക്കുന്നു.
മധ്യപ്രദേശില്‍ കര്‍ഷകപ്രക്ഷോഭത്തിനു നേരേ നടത്തിയ പോലീസ് വെടിവയ്പിലും മര്‍ദനത്തിലുമായി ഇതിനോടകം ആറുപേര്‍ മരിച്ചു. വരള്‍ച്ചാക്കെടുതി അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കണമെന്നും കടങ്ങള്‍ എഴുതിത്തള്ളണമെന്നുമുള്ള നിരന്തര ആവശ്യത്തെ നിസാരവല്‍ക്കരിച്ച് നിസംഗസമീപനം സ്വീകരിച്ച സര്‍ക്കാരിനെതിരേയുള്ള കര്‍ഷകരോഷമാണ് മദ്‌ഡോര്‍ ജില്ലയില്‍ അണപൊട്ടിയൊഴുകിയത്. പ്രക്ഷോഭം ഇന്‍ഡോര്‍, ഉൈജ്വന്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇതേത്തുടര്‍ന്നു മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ ഭോപ്പാലിലെ ദസറ െമെതാനത്ത് നടത്തിയ സമാധാന സത്യഗ്രഹം പ്രഹസനമായി.
മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ തെരുവിലിറങ്ങിയിട്ട് ആഴ്ചകളായി. പാലും പച്ചക്കറികളും അവര്‍ തെരുവില്‍ വലിച്ചെറിഞ്ഞു പ്രതിഷേധിച്ചു. ഇതോടെ, മുംെബെ നഗരത്തില്‍ ജനജീവിതം പ്രതിസന്ധിയിലായി. വിവിധ മാര്‍ക്കറ്റുകളില്‍ പാലും കാര്‍ഷികോല്പന്നങ്ങളും ലഭ്യമല്ലാതെ വന്നു. കര്‍ഷകരോട് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടാത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിവാശിയിലായിരുന്നു. എന്നാല്‍, മറ്റൊരു പോംവഴിയുമില്ലാതെ 30,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷകസമരങ്ങളെയും ആത്മഹത്യകളെയും മുതലാക്കാന്‍ ശ്രമിക്കുമ്പോള്‍ വിദര്‍ഭ കര്‍ഷകരുടെ ശവപ്പറമ്പാണ്. 4291 കര്‍ഷകരാണ് 2015ല്‍ മാത്രം ഇവിടെ ആത്മഹത്യ ചെയ്തത്. ഇപ്പോഴും ആത്മഹത്യതുടരുകയാണ്. സോലപൂര്‍ ജില്ലയിലെ വീത് ഗ്രാമത്തില്‍ 45 വയസുള്ള ദാനാജി ജാദവ് എന്ന കര്‍ഷകന്‍ തന്റെ മൃതദേഹം കാണാന്‍ മുഖ്യമന്ത്രി എത്താതെ സംസ്‌കരിക്കരുതെന്ന് എഴുതിവച്ചാണ് കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിച്ചത്. കടമെടുത്ത 60,000 രൂപ തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് രണ്ടര ഏക്കര്‍ മാത്രം കൃഷിഭൂമിയുണ്ടായിരുന്ന ജാദവ് ആത്മഹത്യ ചെയ്തത്.
സാക്ഷരകേരളത്തിലും കഴിഞ്ഞ നാളുകളിലുണ്ടായ കര്‍ഷക ആത്മഹത്യകളെ ലഘൂകരിച്ച് കാണാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്. കടക്കെണിയും വിലയിടിവുംമൂലം തകര്‍ന്നടിഞ്ഞ കാര്‍ഷികസമ്പദ്ഘടനയാണ് കേരളത്തിന്റേതും. റബര്‍, നാളികേരം, ഏലം, തേയില, കുരുമുളക് തുടങ്ങി എല്ലാ ഉല്‍പ്പന്നങ്ങളുടെയും വിലയിടിഞ്ഞിരിക്കുന്നു. കാര്‍ഷികകടങ്ങള്‍ തിരിച്ചടയ്ക്കാനാവാതെ ജനങ്ങള്‍ വലയുന്നു. രാജ്യാന്തര കരാറുകളിലൂടെയുള്ള കാര്‍ഷിക ഇറക്കുമതി വരുംനാളുകളില്‍ വീണ്ടും വന്‍ വിലയിടിവ് സൃഷ്ടിക്കുമെന്നുറപ്പാണ്. റബറിന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തേജകപദ്ധതി താല്‍ക്കാലിക ആശ്വാസമായിട്ടുണ്ടെങ്കിലും അതിന്റെ ഭാവിയും ആശങ്കയിലാണ്.
അവിഭക്ത ആന്ധ്രയിലെ മുളക് കര്‍ഷകരും പ്രതിസന്ധിയിലാണ്. കൃഷിനാശത്തില്‍ സംരക്ഷണമേകാന്‍ മുഖ്യമന്ത്രിമാര്‍ക്കു സമയമില്ല. കര്‍ണാടകത്തിലും കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. കിസാന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ബംഗളുരുവില്‍ ആരംഭിച്ചിരിക്കുന്ന പ്രതിഷേധം വിവിധ ജില്ലകളിലേക്കു വ്യാപിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തയാറായിരിക്കുന്നു. കര്‍ഷകര്‍ക്കെതിരായ കേസുകളും പിന്‍വലിച്ചു.
പഞ്ചാബിലെ ഗോതമ്പുകര്‍ഷകരുടെ അവസ്ഥയും വിഭിന്നമല്ല. ബ്രിക്‌സ് രാജ്യങ്ങളിലെ കരാറുകളുടെ തുടര്‍ച്ചയായി റഷ്യയില്‍ നിന്നുള്ള അനിയന്ത്രിത ഗോതമ്പ് ഇറക്കുമതി പഞ്ചാബിന്റെ കാര്‍ഷിക സമ്പദ്ഘടന തകര്‍ത്തു. കഴിഞ്ഞ വര്‍ഷം ഇവിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ആറായിരത്തിലേറെ. കര്‍ഷകരോഷത്തിന്റെ ബാക്കിപത്രമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബി.ജെ.പിക്ക് ഏറ്റ കനത്ത പരാജയം.
ജനകീയ പ്രശ്‌നങ്ങളെ അവഗണിച്ച് ലോകംചുറ്റുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത്. ജീവിതം വഴിമുട്ടി, ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുമ്പോള്‍ കര്‍ഷകര്‍ യോഗ പരിശീലിക്കൂ എന്ന് നിര്‍ദേശിച്ച കേന്ദ്ര കൃഷിമന്ത്രിയുടെ വാക്കുകളില്‍ ധിക്കാരം അതിരുകടക്കുന്നു.
രാജ്യം അനുദിനം നേരിടുന്നത് വന്‍ കാര്‍ഷിക, സാമ്പത്തിക പ്രതിസന്ധിയാണ്. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം ഗ്രാമങ്ങളിലെത്തുവാന്‍ കാലതാമസമെടുത്തു. കാര്‍ഷിക വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞു. 201617 സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 7.1 ശതമാനം മാത്രമാണ് വളര്‍ച്ച. മുന്‍വര്‍ഷം എട്ടുശതമാനമായിരുന്നു. 2016 മാര്‍ച്ചില്‍ 10.7 ശതമാനമായിരുന്ന വ്യവസായവളര്‍ച്ചയും 3.8 ശതമാനമായി കുറഞ്ഞു. തൊഴില്‍ സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുന്നു.
രാജ്യാന്തര കരാറുകളിലൂടെ ആഗോളവിപണിയായി ഇന്ത്യയെ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ക്കായി ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളും കൃഷിഭൂമിയും തുറന്നുകൊടുക്കപ്പെടും. കോടാനുകോടി കര്‍ഷകമക്കളുടെ ഉല്പന്നങ്ങള്‍ക്കു വിലയില്ലാതാകും. രാജ്യം ഭരിക്കുന്നവര്‍ ജനങ്ങളുടെ അന്തകരാകുന്നു. കര്‍ഷകസമൂഹത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയവരുടെ എണ്ണം പെരുകുമ്പോള്‍ പട്ടിണിയും കൂട്ടമരണങ്ങളും സ്വതന്ത്രഭാരതം കാണേണ്ടിവരും.

(ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലാണു ലേഖകന്‍)
മംഗളം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>