സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jun 13th, 2017

സോറി യെച്ചൂരി, യു ആര്‍ റോങ്ങ്.

Share This
Tags

yy

ഫാസിസത്തിനെതിരായ പോരാട്ടങ്ങളുടെ ഏകനേതൃത്വം ഇടതുപക്ഷമാണെന്നും അതിന്റെ മാതൃകയാണ് കേരളം എന്നും സീതാറാം യെച്ചൂരി. ഇന്ത്യയില്‍ യെച്ചൂരിയുടെ പാര്‍ട്ടി അവശേഷിക്കുന്ന സ്ഥലങ്ങളില്‍ പ്രധാനം എന്ന നിലയില്‍ അതു പറഞ്ഞതില്‍ അല്‍ഭുതമില്ല. പക്ഷെ ഫാസിസത്തിനെതിരെ എന്ന പേരില്‍ പ്രസ്തുത പാര്‍ട്ടി കേരളത്തില്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളും ഈ പ്രസ്താവനയും തമ്മില്‍ പുലബന്ധം പോലുമില്ല എന്നു പറയാതിരിക്കാന്‍ കഴിയില്ല. മാത്രമല്ല ഫലത്തിലത് ഫാസിസത്തെ വളര്‍ത്തുകയുമാണ്.
കേരളത്തിലെ പൊതുജീവിതം കലുഷിതമായിരിക്കുകയാണ്. ബിജെപി – സി പി എം സംഘട്ടനമാണ് അതിനുള്ള പ്രധാന കാരണം. ഡെല്‍ഹിയില്‍ യെച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റശ്രമത്തോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലാണ്. ഇരുപാര്‍ട്ടികളുടേയും പ്രവര്‍ത്തകരെ മാത്രമാണ് അത് ബാധിക്കുന്നതെങ്കില്‍ പോട്ടെ എന്നു വെക്കാം. എന്നാല്‍ അതല്ലല്ലോ നടക്കുന്നത്. അടിച്ചേല്‍പ്പിക്കുന്ന ജനവിരുദ്ധ – ജനാധിപത്യവിരുദ്ധ ഹര്‍ത്താലുകളെ കൊണ്ടും അക്രമങ്ങളെ കൊണ്ടും കേരളത്തിലെ സ്വെരജീവിതം നഷ്ടപ്പെട്ടിരിക്കുന്നു ഈ വര്‍ഷം ആറുമാസമാകുന്നതിനു മുമ്പ് 60ല്‍പരം ഹര്‍ത്താലുകള്‍ നടന്നു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ദളിത് – കര്‍ഷക സമരങ്ങളെ പിന്തുണച്ച് ഹര്‍ത്താലുകള്‍ നടക്കുമ്പോഴാണ് കേരളത്തില്‍ ഈ അസംബന്ധം നടക്കുന്നതെന്നതാണ് വൈരുദ്ധ്യം. ഏതാണാവോ യഥാര്‍ത്ഥ ഫാസിസ്റ്റ് വിരുദ്ധപോരാട്ടം?
ഫാസിസം എത്തിക്കഴിഞ്ഞോ ഇല്ലയോ എന്ന ചര്‍ച്ച നടക്കട്ടെ. ഒന്നുറപ്പാണ്. രാജ്യത്തിന്റെ പോക്ക് അങ്ങോട്ടാണെന്നതില്‍ യെച്ചൂരിയെപോലെ ആര്‍ക്കും സംശയമില്ല. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണി തന്നെയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനെതിരെ ജനാധിപത്യ – മതേതരശക്തികളുടേയും ഫാസിസത്തിനു ഇരകളാകുന്നവരുടേയും വിപുലമായ ഐക്യനിര കെട്ടിപ്പടുക്കുകയാണ് സമകാലിക രാഷ്ട്രീയ ദൗത്യം. ആ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാത്തവരെ ഇന്ന് രാഷ്ട്രീയ – സാസ്‌കാരിക പ്രവര്‍ത്തകരനെന്ന് പറയാനാകില്ല. യെച്ചൂരി പറഞ്ഞപോലെ അവര്‍ ഫാസിസത്തെ സഹായിക്കുകയാണ്. അത്തരം ദിശയില്‍ രാജ്യത്തിന്റെ പല ഭാഗത്തും പോരാട്ടങ്ങള്‍ ഉയര്‍ന്നു വരുന്നുമുണ്ട്. ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും സജീവമായ കഷക – ദളിത് പ്രക്ഷോഭങ്ങള്‍ക്കെല്ലാം അത്തരമൊരു ഉള്ളടക്കമുണ്ട്. പല സംസ്ഥാനങ്ങളിലും 2019ല്‍ വാരന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ സംഘപരിവാറിനെതിരെ മഹാസഖ്യമുണ്ടാക്കാനാനുള്ള ശ്രമത്തിലുമാണ്.
എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ കേരളത്തിലെ അവസ്ഥ അതല്ല. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനവും ഭരണത്തിനു നേതൃത്വം കൊടുക്കുന്നതുമായ സിപിഎമ്മിന് ഇത്തരമൊരു നയമുണ്ടോ എന്നു തന്നെ സംശയം തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരു ജനാധിപത്യസംവിധാനത്തില്‍ ഒരു പ്രസ്ഥാനത്തേയും അക്രമം കൊണ്ട് നേരിടാനാകില്ല എന്നത് ഏതു കൊച്ചുകുഞ്ഞിനുമറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സിപിഎം ശ്രമിക്കുന്നത് അതിനാണ്. ഫാസിസ്റ്റുകളുടെ വളര്‍ച്ചയെയാണ് അതു സഹായിക്കുക. തങ്ങള്‍ക്കു മാത്രമേ ഹൈന്ദവഫാസിസത്തെ നേരിടാന്‍ കഴിയൂ എന്നവകാശപ്പെടുകയും മറുവശത്ത് അവരുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്ന സമീപനം. മുകളില്‍ സൂചിപ്പിച്ചപോലെ ജനാധിപത്യ – മതേതരശക്തികളുടേയും ഫാസിസത്തിനു ഇരകളാകുന്നവരുടേയും വിപുലമായ ഐക്യനിര എന്ന ലക്ഷ്യം പാര്‍ട്ടിക്കുണ്ടെന്നു കരുതാനാകുന്നില്ല. ഫാസിസത്തിനു ഇരകളാകുന്നവരേയും ശത്രുക്കളായി കാണുന്ന സമീപനമാണ് പലപ്പോഴും കാണുന്നത്. പ്രതേകിച്ച് ദളിത് – മുസ്ലിം വിഭാഗങ്ങളെ. മറുവശത്ത് തങ്ങളെ അക്രമിച്ചാല്‍ തിരിച്ചടിക്കും, കൊലക്കു കൊല, അക്രമത്തിനു അക്രമം എന്നാണ് പാര്‍ട്ടിക്കാരുടെ നിലപാട്. ജനാധിപത്യസംവിധാനത്തില്‍ അക്രമത്തിന് നിയമനടപടികളല്ലേ സ്വീകരിക്കേണ്ടത്. പ്രതേകിച്ച് ഭരിക്കുന്ന പാര്‍ട്ടി. കഴിഞ്ഞില്ല. കേരളത്തിലെ പ്രതേക സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് – സിപിഎം തെരഞ്ഞെടുപ്പ് സഖ്യം സാധ്യമല്ല എങ്കിലും അഖിലേന്ത്യാതലത്തില്‍ അനിവാര്യമായ അത്തരം സഖ്യത്തെ എതിര്‍ക്കുന്നത് കേരളത്തിലെ സിപിഎമ്മാണ്. പാര്‍ലിമെന്റിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ യെച്ചൂരിയുടെ സാന്നിധ്യം അനിവാര്യമാണെന്നു കോണ്‍ഗ്രസ്സ് പോലും മനസ്സിലാക്കുമ്പോള്‍ അതിനോടും ഇവര്‍ മുഖം തിരിക്കുന്നു. പഴയ ചരിത്രപരമായ വിഡ്ഢിത്തം ആവര്‍ത്തിക്കുന്നു.
ഏറ്റവും വലിയ തമാശ ഇത്തരത്തില്‍ സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ അതേ നാണയത്തില്‍ നേരിടുന്നതിനെ പിന്തുണക്കാത്തവരേയും സംഘപരിവാറുകാരായി ആക്ഷേപിക്കുന്നു എന്നതാണ്. തങ്ങളുടെ ഫാസിസ്റ്റ് ശൈലിയുമായി സഹകരിക്കാത്തവരെല്ലാം വര്‍ഗ്ഗീയവാദികള്‍. ഈ നയങ്ങളെ വിമര്‍ശിച്ചാലോ, സിപിഎമ്മിനോടുള്ള അന്ധമായ വിരോധം, മോദിയുടെ നേരിട്ടുള്ള ചാരന്മാര്‍ എന്ന രീതിയിലാണ് ആരോപണങ്ങള്‍. എങ്ങനെയാണ് ജനാധിപത്യവാദികള്‍ക്ക് ഇതംഗീകരിക്കാനാവുക? കേരളീയ സമൂഹത്തെ സംഘപരിവാര്‍ അനുകൂലികളും സിപിഎം അനുകൂലികളുമായി വിഭജിക്കുകയും മറ്റെല്ലാ ചിന്താധാരകളേയും അപ്രസക്തരാക്കുകയുമാണ് ഇതിന്റെ പുറകിലെ ലക്ഷ്യം. രാഷ്ട്രീയമെന്ന ധാരണയില്‍ ഇവര്‍ വളര്‍ത്തുന്നത് അരാഷ്ട്രീയതയാണ്. സംഘപരിവാറിനെ മാത്രമല്ല, വ്യത്യസ്ഥനിലപാടുകള്‍ ഉന്നയിക്കുന്ന ആരേയും അക്രമിക്കുന്നതില്‍ സിപിഎം പിശുക്ക് കാണിക്കാറില്ല. കൂടെയുള്ള സിപിഐയെ പോലും. ചുവപ്പുകോട്ടകളില്‍ ആര്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം പോലുമില്ലല്ലോ. പല കലാലയങ്ങളും എസ് എഫ് ഐയുടെ ഫാസ്സ്റ്റ് പരിശീലന കളരികളാണ്. ജനാധിപത്യത്തെ കൂടുതല്‍ പരിപക്വമാക്കിയാണ് ഇന്ന് ഫാസിസത്തെ ചെറുക്കേണ്ടതെന്ന പ്രാഥമിക ധാരണ പോലും ഇവര്‍ക്കില്ല. സമകാലിക വികസനത്തിന്റെ രക്തസാക്ഷികളായി മാറുന്ന പരിസ്ഥിതി, ദളിതുകളും ആദിവാസികളും മുസ്ലിമുകളും സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും തുടങ്ങിയ വൈവിധ്യമാര്‍ന്ന സാമൂഹ്യവിഭാഗങ്ങളോടൊപ്പം നില്‍ക്കുകയാണ് ജനാധിപത്യവാദികളുടെ കടമ. എന്നാല്‍ ഈ വിഷയങ്ങളിലെല്ലാം കേരളത്തിലെ സിപിഎം ഏതു പക്ഷത്താണെന്നത് പകല്‍ പോലെ വ്യക്തമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളെയെല്ലാം ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് മറ്റാരുമല്ല. പലയിടത്തും കായികമായിപോലും ഇത്തരം സമരങ്ങളെ നേരിടുന്നു. അതെല്ലാം മാറ്റിവെച്ച് സംഘപരിവാറിനെ കായികമായി നേരിടുന്നതിന്റെ പേരില്‍ എല്ലാവരും സിപിഎമ്മിനെ പിന്തുണക്കണമെന്ന വാദം ജനാധിപത്യവിശ്വാസികള്‍ക്ക് അംഗീകരിക്കാനാവുമോ? അതംഗീകരിക്കാത്തവരെല്ലാം അരാഷ്ട്രീയവാദികള്‍.!! രാഷ്ട്രീയം കറുപ്പും വെളുപ്പും മാത്രമല്ല, വിബ്ജിയോര്‍ ആണ്. വലുപ്പമല്ല, ആശയമാണ് മുഖ്യം. വലുപ്പമാണെങ്കില്‍ ഇന്ത്യയില്‍ സിപിഎമ്മിനും പ്രസക്തിയില്ലല്ലോ.
വാസ്തവത്തില്‍ ഇതു കേവലം പ്രായോഗിക വിഷയമല്ല. ജനാധിപത്യം എന്ന സംവിധാനത്തോടുള്ള നിലപാടിന്റെ പ്രശ്‌നമാണ്. ജനാധിപത്യസംവിധാനത്തെ സംഘപരിവാറിനെ പോലെ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളും അംഗീകരിക്കുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം? ബൂര്‍ഷ്വാജനാധിപത്യം എന്നാണല്ലോ അവരതിനെ വിശേഷിപ്പിക്കുന്നതു തന്നെ? സത്യത്തില്‍ ഇപ്പോഴുമവര്‍ വിഭാവനം ചെയ്യന്നത് ബിജെപിയെ പോലെ ഏകപാര്‍ട്ടി ഭരണമാണ്. ബിജെപി മതത്തിന്‍എറ പേരിലാണെങ്കില്‍ സിപിഎം വര്‍ഗ്ഗത്തിന്റഎ പേരില്‍. ആ ലക്ഷ്യത്തിന്റെ ഭാഗമായി അടവുപരമായും തന്ത്രപരമായുമൊക്കെ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നു എന്നു മാത്രം. അതിനാല്‍തന്നെ ജനാധിപത്യത്തില്‍ അനിവാര്യമായ പ്രതിപക്ഷബഹുമാനം തുലോം കുറവാണ്. അതിനാലാണ് തങ്ങള്‍ക്ക് ശക്തിയുള്ളയിടങ്ങളില്‍ അവരുടേത് ഫാസിസ്റ്റ് നയമാകുന്നത്. സംഘപരിവാറിന്റേതിനെ മതഫാസിസമെന്നു വിശേഷിപ്പിക്കാമെങ്കില്‍ ഇതിനെ രാഷ്ട്രീയ ഫാസിസമെന്നു വിശേഷിപ്പിക്കാം. മതഫാസിസത്തെ നേരിടേണ്ടത് ഈ രാഷ്ട്രീയ ഫാസിസത്തെ പിന്തുണച്ചല്ല. ഫാസിസത്തിന്റെ വെല്ലുവിളി ഭക്ഷണത്തിലേക്കുപോലും എത്തിയിട്ടും അതേ കുറിച്ച് ഘോരഘോരം പ്രസംഗിച്ചിട്ടും ഈ നിലപാടുകള്‍ പുനപരിശോധിക്കാന്‍ യെച്ചൂരിയുടെ പാര്‍ട്ടി തയ്യാറാകാത്തത് ജനാധിപത്യപോരാട്ടത്തില്‍ കേരളത്തെ ഏറെ പുറകിലാക്കുമെന്നതില്‍ സംശയമില്ല.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>