സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jun 10th, 2017

ഉന്നത ശാസ്ത്ര വിദ്യാഭ്യാസം ഇംഗ്ലീഷിലാവണം

Share This
Tags

SSSവൈശാഖന്‍ തമ്പി

ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ട് വായിച്ചു. പ്ലസ് ടൂവിലെ പഠനം ഇംഗ്ലീഷ് മീഡിയത്തിലായതുകൊണ്ട് മാത്രം, പഠനത്തില്‍ പിന്നാക്കം പോയി മൃഗഡോക്ടറാകാനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടിവന്ന ഒരു യുവതിയുടെ കഥ. അതും കീഴിലുള്ള കമന്റുകളും കണ്ടപ്പോള്‍ അതേപ്പറ്റി ചിലത് പറയണമെന്ന് തോന്നി.

ചെറിയ ക്ലാസുകളിലെ ശാസ്ത്രപഠനം മാതൃഭാഷയില്‍ തന്നെ ആകുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം.പക്ഷേ അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, ശാസ്ത്രത്തിലെ ഉന്നതവിദ്യാഭ്യാസം കൂടി മാതൃഭാഷയില്‍ തന്നെ നടക്കണം എന്നത് തീരെ പ്രായോഗികതയില്ലാത്ത ഒരു ആഗ്രഹമാണ്. വളര്‍ന്നുവരുന്ന തലമുറയോട് എനിക്ക് ഉപദേശിക്കാനുള്ളത്, ഉറപ്പായും ഇംഗ്ലീഷ് ഭാഷ പഠിച്ചിരിക്കണം എന്ന് തന്നെയാണ്. കാരണം വിശദമാക്കാം.

നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കുന്നത് കഷ്ടിച്ച് നാലുകോടി ജനങ്ങളാണ്. ലോകജനസംഖ്യയുടെ അര ശതമാനമേ ഉള്ളൂ നമ്മള്‍. കേരളം എന്ന വളരെ ചെറിയൊരു പ്രദേശത്താണ് നമ്മള്‍ കഴി!ഞ്ഞുകൂടുന്നത്. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് നമ്മുടെ വലിയൊരു പരിമിതി തന്നെയാണ്. നിങ്ങള്‍ ഒരേ ശാസ്ത്രവിഷയം മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിക്കാന്‍ ഒരു തവണയെങ്കിലും ശ്രമം നടത്തിയിട്ടുള്ള ആളാണെങ്കില്‍ ഇക്കാര്യം നിങ്ങള്‍ക്ക് ശരിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകും. പലതും പറഞ്ഞുഫലിപ്പിക്കാനാവാതെ നമ്മുടെ കൊച്ചുഭാഷ കിടന്ന് കിതയ്ക്കുകയേ ഉള്ളൂ. ശാസ്ത്രം എന്നത് ഇന്നുവരെയുള്ള അറിവുകളുടെ സഞ്ചയമാണ്. അത് ഇപ്പോത്തന്നെ അതിവിശാലമാണ്. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്നതുമാണ്. അത് കൈകാര്യം ചെയ്യാനുള്ളത്രയും വലിപ്പമുള്ള പദസഞ്ചയം നമ്മുടെ ഭാഷയ്ക്ക് ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇംഗ്ലീഷ് വാക്കുകള്‍ക്ക് തുല്യമായ മലയാളപദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്ട് എങ്കിലും, അത് ശാസ്ത്രപഠനത്തെ കൂടുതല്‍ കുഴപ്പിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. (അതേപ്പറ്റിയും മുന്‍പ് എഴുതിയിട്ടുണ്ട്. ലിങ്ക്: https://goo.gl/Xa0pRR) ഇനി ഇതെല്ലാം മറികടന്ന് നാം ശാസ്ത്രവിഷയങ്ങളെ പ്ലസ് ടൂ, ഡിഗ്രി തലങ്ങളില്‍ കൂടി മലയാളത്തിലേയ്ക്ക് മാറ്റിയെടുത്തു എന്ന് തന്നെ കരുതുക. അതുകൊണ്ട് എന്താണ് പ്രയോജനം? അക്കാദമികതലത്തില്‍ ശാസ്ത്രം പഠിക്കുന്ന ഒരാളുടെ മുന്നിലെ പ്രധാനവഴി ശാസ്ത്രഗവേഷണമാണ്. മലയാളം എന്ന ഭാഷയിലോ കേരളമെന്ന പ്രദേശത്തോ ഒതുങ്ങിനിന്ന് ഇത് സാധിച്ചെടുക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്. നഴ്‌സറി സ്‌കൂള്‍ മുതല്‍ പി.എച്ച്.ഡി. വരെ കേരളത്തിലെ ഒരൊറ്റ ജില്ലയില്‍ തന്നെ പൂര്‍ത്തിയാക്കിയ ആളായ ഞാന്‍ അത് പറയുന്നത് ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ്. എന്റെ റിസര്‍ച്ച് ഗൈഡ് മലയാളിയല്ലായിരുന്നു. ഞാന്‍ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളോ എന്റെ തീസിസോ മൂല്യനിര്‍ണയം നടത്തിയത് മലയാളികളല്ല. അവരില്‍ പലരും പല രാജ്യങ്ങളില്‍ പല ഭാഷകള്‍ സംസാരിക്കുന്ന ആളുകളായിരുന്നു. ഇതൊക്കെ പോട്ടെ, പഠിക്കുന്ന വിഷയത്തില്‍ നിങ്ങള്‍ക്കൊരു സംശയം വന്നാല്‍ നിങ്ങള്‍ ഇക്കാലത്ത് അതേപ്പറ്റി അന്വേഷിക്കുന്നത് ഇന്റര്‍നെറ്റിലായിരിക്കും. അവിടെ മലയാളത്തിലുള്ള സെര്‍ച്ചിങ് കാര്യമായ പ്രയോജനം ചെയ്യില്ല എന്നുറപ്പാണ്. നിങ്ങള്‍ ഇംഗ്ലീഷിലുള്ള കീവേഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യേണ്ടിവരും. സെര്‍ച്ചിങ് ഫലം വായിച്ചുമനസിലാക്കണമെങ്കില്‍ അതും ഇംഗ്ലീഷില്‍ തന്നെ വേണ്ടിവരും. ഈ കടമ്പകളൊക്കെ എങ്ങനെയെങ്കിലും കടന്നുകിട്ടിയാലും, ഒരു ഗവേഷണഫലം ആധികാരികമായി പ്രസിദ്ധീകരിക്കണമെങ്കില്‍ മറ്റ് ശാസ്ത്രജ്ഞരെ കൊണ്ട് പരിശോധിപ്പിക്കുന്ന പിയര്‍ റിവ്യൂ എന്നൊരു ഘട്ടമുണ്ട്. അത് മലയാളത്തില്‍ സാധ്യമാകില്ല. അത് മലയാളികള്‍ക്ക് വേണ്ടത്ര അറിവില്ലാത്തതുകൊണ്ടല്ല, മലയാളികള്‍ എണ്ണത്തില്‍ അത്രയും കുറവായതുകൊണ്ടാണ്. പറഞ്ഞുവന്നത്, ശാസ്ത്രഗവേഷണം ചെയ്യാനാണെങ്കിലും നാളെ ശാസ്ത്രഗവേഷണം ചെയ്യാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനാണെങ്കിലും മലയാളിക്ക് മാതൃഭാഷ പര്യാപ്തമാകില്ല.

ഇനി പ്രസക്തമായ ഒരു വാദം, ഗവേഷണത്തിനും അധ്യാപനത്തിനും അല്ലാതെ ശാസ്ത്രം പഠിക്കണം എന്നാഗ്രഹമുള്ളവര്‍ക്ക് അത് മാതൃഭാഷയില്‍ പഠിക്കാനുള്ള അവസരം വേണ്ടതല്ലേ എന്നതാണ്. നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ എത്രത്തോളം പണം ചെലവഴിച്ചാണ് അതിന്റെ പൌരരെ പഠിപ്പിക്കുന്നത്. പ്ലസ് ടൂ, ബിരുദബിരുദാനന്തരതലങ്ങളിലെ ഇത്രയധികം വിഷയങ്ങളിലെ ഇത്രയധികം പുസ്തകങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റുക എന്നത് എത്രത്തോളം വലിയൊരു ചെലവും അധ്വാനവുമായിരിക്കും! ഇതൊക്കെ ചെയ്തിട്ട് ആരും കേട്ടിട്ടില്ലാത്ത മലയാളപദങ്ങള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ആര്‍ക്കും മനസിലാകാത്ത കുറേ പുസ്തകക്കൂട്ടങ്ങളാണ് അവസാനഫലമെങ്കിലോ? ഇംഗ്ലീഷ് വാക്കാണെങ്കില്‍ ഡിക്ഷണറി നോക്കിയെങ്കിലും അര്‍ത്ഥം മനസിലാക്കാം. നമ്മള്‍ മലയാളത്തിലാക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുക്കുന്ന വാക്കുകളുടെ അര്‍ത്ഥത്തിന് എവിടെ പോകും? ഇതെല്ലാം പോട്ടെ. പാഠപുസ്തകത്തിനുള്ളില്‍ നിന്ന് മാത്രം പഠിക്കാവുന്ന വിഷയമല്ല ശാസ്ത്രം. കരിക്കുലത്തിന് വെളിയില്‍ നല്ലൊരു വിദേശ പുസ്തകമോ ഒരു രാജ്യാന്തര വിദ്യാഭ്യാസവീഡിയോയോ പ്രയോജനപ്പെടുത്താന്‍, ഉന്നതവിദ്യാഭ്യാസം മലയാളത്തില്‍ സാധിച്ചെടുത്ത ഒരാള്‍ക്ക് പറ്റാതെ വരും. നഷ്ടം അവരുടേത് മാത്രം.

എന്തിനാണ് ഇത്രയധികം സങ്കീര്‍ണതകള്‍ക്ക് പോകുന്നത്? ഇതിനൊക്കെയുള്ള വളരെ ലളിതമായ ഒരു പോംവഴി നമ്മുടെ വിദ്യാഭ്യാസത്തില്‍ ഇതിനകം തന്നെ ഭംഗിയായി ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. പത്താം ക്ലാസുവരെ മാതൃഭാഷയില്‍ ശാസ്ത്രം പഠിക്കാനുള്ള സൌകര്യം നമുക്കിപ്പോള്‍ ഉണ്ട്. അതിന് ശേഷം ശാസ്ത്രം പഠിക്കേണ്ടവര്‍ക്ക് അത് ഇംഗ്ലീഷില്‍ പഠിക്കുന്നതിനായി, പത്താം ക്ലാസിനുള്ളില്‍ തന്നെ ഇംഗ്ലീഷ് ഭാഷയും നാം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഉന്നതപഠനത്തിന് ഏറ്റവും സൌകര്യമുള്ളതും പ്രയോജനമുള്ളതുമായ ഭാഷയാണ് ഇംഗ്ലീഷ്. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഒരുപാട് പോരായ്മകള്‍ ഉണ്ടായിരിക്കാമെങ്കില്‍ പോലും, അതില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ മേന്മയാണിത്.

പക്ഷേ പ്രായോഗികതലത്തില്‍ ഇപ്പറഞ്ഞത് എല്ലാവര്‍ക്കും തൃപ്തികരമല്ല എന്നറിയാം. അതിന് കാരണം, നമ്മുടെ തെറ്റായ പഠനരീതി തന്നെയാണ് എന്നാണ് എന്റെ തോന്നല്‍. നമ്മള്‍ സയന്‍സും ചരിത്രവും ഭാഷയും എല്ലാം ഒരുപോലെയാണ് പഠിക്കുന്നത്. മനഃപാഠം പഠിച്ച് പരീക്ഷയ്ക്ക് ഛര്‍ദിച്ച് വെക്കുക എന്നതിപ്പുറം അത് ഉപയോഗിക്കാന്‍ നമുക്കറിയില്ല. ഏത് രീതിയിലാണോ പത്താം ക്ലാസ് വരെ മാതൃഭാഷയില്‍ പഠിച്ച ശാസ്ത്രം പോലും നമ്മുടെ ശാസ്ത്രബോധത്തില്‍ തെളിയാത്തത്, അതുപോലെ തന്നെയാണ് അതുവരെ പഠിച്ച ഭാഷയും നമുക്ക് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നത്. ഇംഗ്ലീഷിലായതുകൊണ്ട് മാത്രം ആഗ്രഹിച്ച ഉന്നതവിദ്യാഭ്യാസം നേടാനാവാതെ പോയെന്ന് വിലപിക്കുന്ന ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍, അവരോടായി പറയട്ടെ. നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ആറ് വര്‍ഷം കൊണ്ട് സ്‌കൂളില്‍ പഠിക്കാവുന്ന ഇംഗ്ലീഷ് ധാരാളം മതി, പിന്നീടുള്ള സയന്‍സ് പഠിക്കാന്‍. ലോകത്ത് ഏറ്റവും സിമ്പിളായ ഇംഗ്ലീഷ് ഉപയോഗം ഞാന്‍ കണ്ടിട്ടുള്ളത് ശാസ്ത്രപുസ്തകങ്ങളിലാണ്. അത് നിങ്ങള്‍ക്ക് കീറാമുട്ടിയായി തോന്നുന്നെങ്കില്‍ അതിന് പല കാരണങ്ങള്‍ ഉണ്ടാകാം. സ്‌കൂളില്‍ നിങ്ങളെ പഠിപ്പിച്ച അധ്യാപകര്‍ തൊട്ട് പല വില്ലന്‍ കഥാപാത്രങ്ങളും ആ ദുരവസ്ഥയ്ക്ക് ഉത്തരവാദിയായിരിക്കാം. പക്ഷേ അതിന് പരിഹാരം ഉന്നതപഠനം മലയാളത്തിലാക്കുക എന്നതല്ല എന്ന് മാത്രം മനസിലാക്കുക.
വാല്‍ക്കഷണം: ഇതെഴുതിയവന്‍ ഒരു നാട്ടുമ്പുറത്തെ ഒരു സാദാ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ചവനാകുന്നു.

(വാട്‌സ് ആപ്)

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>