സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jun 10th, 2017

മദ്യനയവും മലയാളിയുടെ കുടിശീലവും

Share This
Tags

lll

മലയാളികളുടെ മദ്യപാനം പ്രസിദ്ധമാണ്. കുടിക്കുന്ന മദ്യത്തിന്റെ അളവില്‍ മാത്രമല്ല, ആര്‍ത്തിപിടിച്ച് കുടിക്കുന്ന രീതിയിലും കൂടെ കഴിക്കുന്ന ഭക്ഷണത്തിലും. അതോടൊപ്പം മദ്യം മൂലം നശിക്കുന്ന കുടുംബങ്ങളുടെ എണ്ണവും ചില്ലറയല്ല. പുരുഷന്റെ മദ്യപാനത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും അനുഭവിക്കുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ഇതിനെല്ലാം നിയന്ത്രണം വരേണ്ടത് അനിവാര്യം തന്നെയാണ്.
വിഷയം നിയന്ത്രണം എങ്ങനെ എന്നതുതന്നെയാണ് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പലയിടത്തും ഇതൊരു സജീവ പ്രശ്‌നമാണ്. എല്ലാവരും പെട്ടെന്നു പറയുന്ന മദ്യനിരോധനം വിജയിച്ചതിന് എവിടേയും തെളിവുകളില്ല. ഗുജറാത്തടക്കം ഇന്ത്യയിലും അത്തരം പരീക്ഷണം പരാജയപ്പെട്ടിട്ടേയുള്ളു. പലപ്പോഴും അത് ദുരന്തങ്ങളിലേക്കും നയിക്കുന്നു. ആ അര്‍ത്ഥത്തില്‍ യുഡിഎഫിന്റെ മദ്യനിരോധനമല്ല, എല്‍ഡിഎഫിന്റെ മദ്യവര്‍ജ്ജനം തന്നെയാണ് പ്രായോഗികം.
ഏറെ കോലാഹലങ്ങള്‍ക്കുശേഷം എല്‍ഡിഎഫിന്റെ മദ്യനയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. മദ്യപാനികള്‍ക്കും ബാറുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും സോഡാ നിര്‍മാമതാക്കള്‍ക്കും ടച്ചിംഗ് നിര്‍മ്മാതാക്കള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ധനമന്ത്രിക്കുമെല്ലാം വലിയ സന്തോഷം നല്‍കുന്ന നയം തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ ബാറുകളെല്ലാം ഏറെക്കുറെ തുറക്കും. പാതയോരമദ്യശാലകള്‍ സംബന്ധിച്ച് സുപ്രീം കോടതിവിധി പാലിക്കും. അപ്പോഴും അവര്‍ക്ക് മറ്റിടങ്ങളില്‍ ബാറുകളാരംഭിക്കാനുള്ള സൗകര്യവും നല്‍കും. വിദേശമദ്യത്തിനൊപ്പം കള്ളും വില്‍ക്കാം. മദ്യം വാങ്ങാനുള്ള പ്രായപരിധി 21ല്‍നിന്ന് 23 ആക്കി. ബാറുകളുടെ പ്രവൃത്തിസമയം പന്ത്രണ്ടര മണിക്കൂറില്‍നിന്നു പന്ത്രണ്ടായി കുറച്ചു. ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ കുറഞ്ഞത് ത്രീസ്റ്റാര്‍ പദവി വേണം. ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് ആവശ്യമുള്ള അവസരങ്ങളില്‍ പ്രത്യേക ഫീസ് ഈടാക്കി മദ്യം വിളമ്പാന്‍ അനുമതി നല്‍കും. എന്നാല്‍, പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. മദ്യത്തിനു സര്‍ക്കാര്‍ നിശ്ചയിക്കുന്നതില്‍ കൂടുതല്‍ വില വാങ്ങാന്‍ അനുവദിക്കില്ല. ഒരാള്‍ക്ക് ഒരുസമയം വാങ്ങാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററായി തുടരും. വിമാനത്താവളങ്ങളില്‍ രാജ്യാന്തര ലോഞ്ചുകള്‍ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കും എന്നിങ്ങനെ പോകുന്നു നയത്തിന്റെ വിശദാംശങ്ങള്‍. മദ്യപാനം കൂടുന്നതനുസരിച്ച് ഡീ അഡിക്ഷന്‍ സെന്ററുകളും സ്വാഭാവികമായി വര്‍ദ്ധിപ്പിക്കും.
ബാറുടമകളില്‍ നിന്ന് തെരഞ്ഞെടുപ്പു സമയത്തു വാങ്ങിയ പണത്തിനുള്ള ഉപകാരസ്മരണയായിട്ടാണ് പ്രതിപക്ഷം സ്വാഭാവികമായും മദ്യനയത്തെ കാണുന്നത്. അതില്‍ ശരിയുണ്ടാകാം. അബ്കാരികളില്‍ നിന്ന് പണം വാങ്ങാത്ത പാര്‍ട്ടികള്‍ കേരളത്തിലുണ്ടാകുമെന്ന് ആരും വിശ്വസിക്കുന്നുമില്ല. അതിനൊരു മറുവശമുണ്ട്. ഈ പണമെല്ലാം ബാറുടമകള്‍ കൈക്കലാക്കുന്നത് ജനങ്ങളില്‍ നിന്നാണ്. കേരളത്തിലെ ബാറുകള്‍ ഏറ്റവും വലിയ കൊള്ളയടി കേന്ദ്രങ്ങളാണ്. മദ്യത്തിനും ഭക്ഷണത്തിനും ഇവര്‍ വാങ്ങുന്ന പണം എത്രയോ ഭീമമാണ്. ജനങ്ങളുടെ നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ അവയെ നിയന്ത്രിക്കണം. മദ്യവുമായി ബന്ധപ്പെട്ട ചൂഷണങ്ങളും മാഫിയവല്‍ക്കരണങ്ങളും ഇല്ലാതാക്കണം. മദ്യത്തിനു സര്‍ക്കാര്‍ ചുമത്തുന്ന നികുതി തന്നെ എത്രയോ ഭീമമാണ്. അതിനു പുറമെയാണ് ബാറുടമകളുടെ കൊള്ള. ഏതു കച്ചവടത്തിലും ലാഭം വേണം. അതാണ് കച്ചവടക്കാരന്റെ ജീവിതമാര്‍ഗ്ഗം. എന്നാല്‍ ലാഭത്തിനും ഒരു പരിധിയുണ്ട.് അതു കൊള്ളയാകരുത്. മദ്യത്തിന്റേയും അതുമായി ബന്ധപ്പെട്ട് ബാറുകളിലെ ഭക്ഷണത്തിന്റേയും കാര്യത്തില്‍ അതു കൊള്ളയാണ് അതാണല്ലോ കോടികള്‍ കൈക്കൂലി കൊടുക്കാന്‍ ഉടമകള്‍ക്ക് കഴിയുന്നതും. ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നത് മദ്യപാനിയുടെ കുടുംബങ്ങളാണ്. ഒരു കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ഇപ്പോഴത്തെ മദ്യപാനശീലങ്ങളെ സ്ത്രീപക്ഷത്തുനില്‍ക്കുന്ന ഒരാള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. തമിഴ് നാട്ടില്‍ കാണുന്നപോലെ ബീവറേജുകളോട് ചേര്‍ന്ന് ചെറിയ ഭക്ഷണസൗകര്യങ്ങളോടെ ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഉണ്ടാക്കിയാല്‍ കുറെ വെട്ടിപ്പു കുറക്കാം. അതുപോലെ പ്രധാനമാണ് മദ്യപാനികളുടെ അവകാശങ്ങളും. സര്‍ക്കാരിന് ഏറ്റവുമധികം പണമുണ്ടാക്കികൊടുക്കുന്ന മദ്യപാനികള്‍ക്ക് ഉപഭോക്താവിന്റെ അവകാശങ്ങള്‍ എവിടെയെങ്കിലും ലഭിക്കുന്നുണ്ടോ? അതിനു മാറ്റമുണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം മദ്യനയത്തിലുണ്ടായിരുന്നു. നമ്മുടെ സ്വന്തം കള്ളുചെത്ത് വ്യവസായവുമായി ബന്ധപ്പട്ടാണ്. കള്ള് വ്യവസായത്തെ സംരക്ഷിക്കാന്‍ ടോഡി ബോര്‍ഡ് ഉണ്ടാക്കും. അത്രയും നന്ന്. കള്ള് അത്യാവശ്യത്തിനു മാത്രം ലഹരിയുള്ള രുചികരമായ പാനീയമാണെന്നതില്‍ സംശയമില്ല. ശുദ്ധമായ കള്ളു കുടിക്കുന്ന ഒരാളും അതിഷ്ടപ്പെടാതിരിക്കില്ല. ഇവിടെ അതു ലഭിക്കുന്നില്ല എന്നതാണ് പ്രശ്‌നം. സംസ്ഥാനത്ത് ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ അളവും വിറ്റഴിക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള അന്തരം അതിഭീമമാണെന്ന് അറിയാത്തവര്‍ ആരുമില്ല. വിറ്റഴിയുന്നതില്‍ ഭൂരിഭാഗവും കള്ളക്കള്ളാണ്. ശുദ്ധമായ കള്ളു ലഭിക്കുകയും നമ്മുടെ കള്ളുഷാപ്പുകള്‍ ആധുനിക കാലത്തിനനുസരിച്ച് സജ്ജീകരിക്കുകയുമാണ് ചെയ്യേണ്ടത്. കൂടാതെ ബാറുകളിലും ലഭ്യാമാക്കണം. അങ്ങനെ വരുമ്പോള്‍ ഈ വ്യവസായം പച്ചപിടിക്കുകയും കര്‍ഷകരുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ സര്‍വതോന്മുഖമായ വികസനത്തിന് സഹായകരമായിരിക്കുകയും ചെയ്യും. ടോഡി ബോര്‍ഡ്് മാത്രം പോര, അബ്കാരി നിയമം തന്നെ പൊളിച്ചെഴുതണം. കള്ളിന്റെ ഉടമാവകാശം തെങ്ങിന്റെ ഉടമകളായ കര്‍ഷകര്‍ക്കാകണം. ചെത്തുകാര്‍ക്ക് ചെയ്യുന്ന ജോലിക്ക് മാന്യമായ കൂലിയാണ് നല്‍കേണ്ടത്. ഈ മേഖലയില്‍ നിന്ന് അബ്കാരികള്‍ എന്ന വിഭാഗത്തെ ഉന്മൂലനം ചെയ്യണം. കള്ളു ഷോപ്പുകള്‍ കര്‍ഷകരുടെ മുന്‍കൈയിലുള്ള സഹകരണ മേഖലയിലാകണം. ആ ദിശയിലൊരു ചിന്ത ഭാവിയല്‍ ഉണ്ടാകുമെന്നു കരുതാം. വിനോദസഞ്ചാരമേഖലകളില്‍ സര്‍ക്കാരിനുതന്നെ നേരിട്ട് ഷാപ്പുകള്‍ നടത്താം. മികച്ച രീതിയില്‍ ഭക്ഷണവും ലഭിക്കുന്ന ഇടങ്ങളാകണം കള്ളു ഷാപ്പുകള്‍. സ്ത്രീകള്‍ക്കും വന്നിരിക്കാവുന്ന സാഹചര്യം ഉണ്ടാകണം. ഇതു വഴി നട്ടെല്ലു തകര്‍ന്ന കര്‍ഷകരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാകും ഉണ്ടാകുക. ടൂറിസ്റ്റുകളും ഹാപ്പിയാകും. കാരണം അവര്‍ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് എവിടെ പോകുന്നു അവിടത്തെ ഭക്ഷണരീതികളാണ്. കള്ളില്‍ ലഹരിയുടെ അളവു കുറവായതിനാല്‍ മദ്യം കൊണ്ടുള്ള സാമൂഹ്യവിപത്തുകള്‍ കുറയും. എന്തായാലും അത്രക്കൊന്നും ചിന്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ബാറുടമകള്‍ക്കുതന്നെയാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നതെന്നതില്‍ സംശയമില്ല.
ലഭ്യതകുറഞ്ഞാല്‍ ഉപഭോഗം കുറയുമെന്ന സാമാന്യതത്വത്തില്‍ നിന്നാണ് യുഡിഎഫും മതമേലധ്യക്ഷന്മാരും സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നത്. കേള്‍ക്കുമ്പോള്‍ ശരിയാണെന്നുതോന്നുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു പ്രായോഗികമല്ല. അപ്പോഴും ഒരു കാര്യത്തില്‍ സംശയമില്ല. കേരളീയ സാഹചര്യത്തില്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു നയവും സ്ത്രീവിരുദ്ധം തന്നെയാണ്. അതിനാല്‍ തന്നെ അതിലൊരു അനീതി പ്രകടവുമണ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>