സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, Jun 9th, 2017

വേണ്ടത് ജനാധിപത്യഹര്‍ത്താലുകള്‍

Share This
Tags

hhh

ഹര്‍ത്താലുകളാല്‍ കേരളം വീണ്ടും സമ്പന്നമാകുകയാണ്. മുമ്പൊക്കെ കൂടുതലും സംസ്ഥാനതല ഹര്‍ത്താലുകളായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രാദേശികതല ഹര്‍ത്താലുകളാണ് കൂടുതല്‍. ഭൂരിഭാഗം ഹര്‍ത്താലുകളുടേയും കാരണം കക്ഷി രാഷ്ട്രീയ കൊലകളും അക്രമങ്ങളും തന്നെ. അവയാകട്ടെ മിക്കവാറും പെട്ടെന്നു പ്രഖ്യാപിക്കുന്നവ. ദുരന്തങ്ങളെല്ലാം അനുഭവിക്കുന്നത് അസംഘടിതരായ ജനങ്ങള്‍.
സിപിഎം ഓഫീസ് അക്രമിച്ചതിന്റെ പേരില്‍ ഇന്ന് കോഴിക്കോട് ഹര്‍ത്താലാണ്. ബിജെപി ഓഫീസ് അക്രമിച്ചതിന്റെ പേരില്‍ നാളെ ബിജെപിയുടെ വകയും. ഹര്‍ത്താല്‍ പ്രതിഷധിക്കാനുള്ള അവകാശമാണെന്നാണ് പ്രസ്ഥാനങ്ങളുടെ പൊതുവിലുള്ള വാദം. അതില്‍ തെറ്റില്ല. പ്രതിഷേധ സൂചകമായി ഹര്‍ത്താലിനാഹ്വാനം ചെയ്യാന്‍ ജനാധിപത്യ സംവിധാനത്തില്‍ അവകാശമുണ്ട്. ്അതുപോലെതന്നെയാണ് അതില്‍ പങ്കാളിയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യാവകാശവും. ഈ വിഷയങ്ങളില്‍ യോജിപ്പുള്ളവര്‍ ഹര്‍ത്താലില്‍ പങ്കെടുക്കണമെന്നാഹ്വാനം ചെയ്യുകയല്ലാതെ ബലമായി അടിച്ചേല്‍പ്പിക്കാന്‍ ആരാണവകാശം നല്‍കിയത്.? യോജിപ്പുള്ളവര്‍ ഹര്‍ത്താലില്‍ പങ്കെടുത്ത് പ്രതിഷേധിക്കട്ടെ. അതല്ലല്ലോ പക്ഷെ നടക്കുന്നത്. ഭയം കൊണ്ടുമാത്രമാണ് ജനങ്ങള്‍ പുറത്തിറങ്ങാത്തത്. ഹര്‍ത്താലിനോടോ അതിനുന്നയിക്കുന്ന കാരണങ്ങളോടോ തീരെ അനുഭാവമോ ഇല്ലെങ്കിലും നാമതില്‍ പങ്കെടുക്കുന്നു. പലപ്പോഴും ഹര്‍ത്താല്‍ ആഘോഷവുമാക്കുന്നു. അങ്ങനെയാണ് ഹര്‍ത്താല്‍ പൂര്‍ണ്ണം എന്ന തലക്കെട്ടുവരുന്നത്. സത്യത്തില്‍ അതിലുമുണ്ട് ഒരു വിവേചനം. ഇപ്പോഴത്തെ ഹര്‍ത്താലുകള്‍ സ്വകാര്യകാറുകളും ബൈക്കുകളുമുള്ളവരെ ബാധിക്കുന്നതുപോലുമില്ല. ്ബാധിക്കുന്നത് പൊതുവാഹനങ്ങളെ ആശ്രയിക്കുന്നവരെയാണ് എന്നതാണ് വൈരുദ്ധ്യം.
മറ്റൊന്നുകൂടി. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെങ്കില്‍ പിന്നെയും മനസ്സിലാക്കാം. എന്നാല്‍ കൊലയുടേയും അക്രമങ്ങളുടേയും പേരില്‍ ഹര്‍ത്താല്‍ നടത്തുന്നതില്‍ എന്തര്‍ത്ഥം? അക്കാര്യത്തില്‍ നിയമനടപടികളല്ലേ സ്വീകരിക്കേണ്ടത്.? ജനത്തെ ബുദ്ധിമുട്ടിക്കലാണ്? പ്രതേകിച്ച് കേരളവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടികളാണ് ഇക്കാര്യത്തില്‍ മുന്നിലെന്നതും മറക്കരുത്.
നിരോധനം കൊണ്ട് ഒന്നുമില്ലാതാക്കാന്‍ എളുപ്പമല്ല എന്നത് മറ്റൊരു വസ്തുത. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഹര്‍ത്താലുകള്‍മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായി ‘കേരള ഹര്‍ത്താല്‍ നിയന്ത്രണബില്‍ 2015′ തയ്യാറാക്കാനായിരുന്നു നീക്കം. പൊതുജനാഭിപ്രായം കേട്ടശേഷം സമൂഹത്തിലെ വിവിധതുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തിയശേഷമായിരിക്കും ബില്ലു കൊണ്ടുവരികയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതുമായി ബന്ധപ്പെട്ട് കുറച്ചു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയി പിന്നീട് കോണ്‍ഗ്രസ്സ് തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ എല്ലാം അവസാനിച്ചു. ഹര്‍ത്താല്‍ നിരോധനമല്ല, ഹര്‍ത്താലില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള അവകാശം തുല്ല്യമായി അംഗീകരിക്കപ്പെടുകയാണ് വേണ്ടത്. അത്തരത്തിലുള്ള നിയമനിര്‍മ്മാണം ആവശ്യമെങ്കില്‍ അതാണ് നടത്തേണ്ടത്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെയാണ് കര്‍ശനമായ നടപടികള്‍ വേണ്ടത്.
നേരത്തെ പാര്‍ട്ടികള്‍ നടത്തിയിരുന്ന ബന്ദുകള്‍ നിരോധിച്ചപ്പോഴാണ് ഹര്‍ത്താലുകള്‍ വ്യാപകമായത്. കേരളത്തില്‍ ഇവ രണ്ടും പേരിലല്ലാതെ ഒരു വ്യത്യാസവുമില്ല. ഇനി ഹര്‍ത്താല്‍ നിരോധിച്ചാല്‍ പൊതുപണിമുടക്കെന്ന പേരിലോ നിസ്സഹകരണമെന്ന പേരിലോ ഇതുതന്നയാവര്‍ത്തിക്കും. പ്രതിഷേധിക്കുന്നതിലും നൈതികതയും ജനാധിപത്യമൂല്യങ്ങളും കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. ഒരാധുനിക ജനാധിപത്യസമൂഹത്തിനനുസൃതമായ രീതിയില്‍ വേണം പ്രതിഷേധവും. അതിനെ വേണമെങ്കില്‍ ജനാധിപത്യ ഹര്‍ത്താലെന്നു വിളിക്കാം. പച്ചയായി പറഞ്ഞാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വീട്ടിലിരിക്കുക ബാക്കി ജനം തീരുമാനിക്കട്ടെ. അതിനു നമ്മുടെ പ്രസ്ഥാനങ്ങള്‍ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>