സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jun 8th, 2017

വെറുപ്പിന്റെ വേദം

Share This
Tags

bbകെ.ജി. ശങ്കരപ്പിള്ള

ബീഫോ മുട്ടയോ മത്തിയോ കയ്പക്കയോ എന്ത് തിന്നണം / തിന്നരുത് എന്ന്് തീരുമാനിക്കാനധികാരം തീനിക്ക് മാത്രം. അതയാളുടെ വ്യക്തിപരമായ രുചി, ശീലം, ഇഷ്ടം, സ്വാതന്ത്ര്യം. മറ്റൊരു നാവ് അതില്‍ ചുഴലേണ്ട. ഒരു മതത്തിനും ഭൂഷണമല്ല, അത്തരം വായില്‍ നോട്ടം. സാദാ വര്‍ഗ്ഗീയവാദി ചെയ്യാത്ത സംസ്‌കാരവിരുദ്ധത വര്‍ഗീയഫാഷിസം ചെയ്യും.
ബീഫിന്റെ പേരില്‍ ദാദ്രിയിലെ പാവപ്പെട്ട അഖ്‌ലാഖിനെ മതഭ്രാന്തന്മാര്‍ തല്ലിക്കൊന്നു. അത് ബീഫായിരുന്നില്ലെന്ന് പിന്നെ ആരോ പറഞ്ഞു. കൊന്നത് ഒരു ക്രുദ്ധ ജനക്കൂട്ടമാണെന്ന് പ്രസ്താവന വന്നു. ഭയം ശ്വസിച്ചും ഇരുട്ട്് കുടിച്ചും ദാദ്രി വിറച്ച് നിന്നു.
വര്‍ഗ്ഗീയ കൊലപാതകത്തില്‍ എപ്പോഴും കൊലയാളി ജനക്കൂട്ടം. അതായത് ആ കൊലയൊരു സാമൂഹ്യവിധിയെന്ന്്. ധാര്‍മികശക്തിയെന്ന്്. വര്‍ഗീ യകൊല ന്യായമെന്ന്്. നീതിയെന്ന്.. കൊന്നത് നന്നായെന്ന്. സമൂഹം അത്ര കൂടി ശുദ്ധീകരിക്കപ്പെട്ടെന്ന്. കുറ്റബോധമല്ല, ദൈവകല്‍പ്പന നടപ്പാക്കിയ മുക്തിബോധമാണ് വര്‍ഗീയ കൊലയാളിയില്‍ ബാക്കി. വംശവിശുദ്ധിയുടെ രാക്ഷസീയമായ ആദിരൂപങ്ങള്‍ കല്ലറമൂടികള്‍ ഭേദിച്ച് പുനരുത്ഥാനം ചെയ്ത് അടുത്തടുത്ത് വന്നതിന്റെ പതിവില്ലാത്ത കാലൊച്ച. ഏകമത രാജ്യ ത്തിലേക്ക് ബലിമൃഗം പോലെ ഇന്ത്യ തല്ലിയോടിക്കപ്പെടുന്ന വാര്‍ത്ത. എട്ടു ദിക്കില്‍ നിന്നും. പടയോട്ടം പോലെ. തീര്‍ച്ചയായും വര്‍ഗ്ഗീയ കൊലയാളി ഒരാളല്ല; ഒരാള്‍ക്കൂട്ടം. ഗോഡ്‌സെ ഒറ്റക്കായിരുന്നില്ല. പിന്നിലുണ്ടായിരുന്നു ഹിംസാവ്യഗ്രമായ ഒരു സായുധസംഘം. ഒരു വന്‍പടയുടെ പേരായിരുന്നു ഹിറ്റ്‌ലര്‍. മറ്റൊരു സേന മുസ്സോളിനി. മറ്റൊന്ന്് ഫ്രാങ്കോ. ഫാഷിസത്തില്‍ വ്യക്തിയല്ല കൊലയാളി. സൈന്യങ്ങള്‍ കൂടിയായിരുന്നു സ്റ്റാലിനും മാവോയും.
എണ്‍പത്തഞ്ച് ശതമാനം ഇന്ത്യക്കാരും മാംസാഹാരികള്‍. അതില്‍ ഏതാനും ബ്രാഹ്മണവിഭാഗങ്ങളും ഉള്‍പ്പെടും. സാമൂഹികവും ദാര്‍ശനിക വുമായ ബഹുസ്വരതയില്‍ അഭിമാനിക്കുന്നതിനു പകരം പലതിനെ ഒന്നാക്കിച്ചുരുക്കുന്ന തെറ്റുണ്ട് വര്‍ഗീയവാദികളുടെ സര്‍വം ഹിന്ദുമയം എന്ന് സ്ഥാപിക്കാനുള്ള സങ്കുചിതാര്‍ത്തിയില്‍. ആമസോണിലെ മത്സ്യങ്ങളുടെ സ്വാദിനെ വാഴ്ത്തുമ്പോള്‍ ഗംഗയിലെ മത്സ്യങ്ങളുടെ രുചിസ്മരണ ഉണരുന്നുണ്ട് സ്വാമി വിവേകാനന്ദന്റെ സാഹിത്യസര്‍വസ്വത്തിലെ കത്തുകളില്‍. മനുഷ്യജീവി പ്രകൃത്യാ സസ്യാഹാരിയാണെന്നും തമോ ഗുണം പെരുകി കലികാലത്തില്‍ മാംസാഹാരിയായതാണെന്നുമുള്ള വാദവും ഒരു സൈദ്ധാന്തികവ്യാമോഹം മാത്രം. ആള്‍ക്കുരങ്ങില്‍നിന്ന്് ബുദ്ധിയുള്ള മനുഷ്യനിലേക്ക് എണീക്കുന്നതില്‍ നിര്‍ണായകമായത് മാംസാഹാരത്തിലേക്കുള്ള മാറ്റമാണെന്ന് എംഗത്സ് സമര്‍ത്ഥിക്കുന്നതിന് ബദലായി വര്‍ഗ്ഗീയവാദ നരവംശപുരാണത്തില്‍ പറയാന്‍ ബദല്‍ യുക്തി യില്ല. ബ്രാഹ്മണരും പണ്ട് മാംസം ഭക്ഷിച്ചിരുന്നു എന്ന് പറഞ്ഞതില്‍് ഈയിടെ എം.ജി.എസിന്് കുറേ വര്‍ഗീയശകാരം കിട്ടി. കൈയിലുള്ളതല്ലേ കൊടുക്കാന്‍ പറ്റൂ?
ബുദ്ധന്റെ സംഘത്തിലുമുണ്ടായിരുന്നു ബ്രാഹ്മണര്‍. ഹൈന്ദവത്തിലെ ജീര്‍ണ്ണപൗരോഹിത്യം മടുത്ത് ബുദ്ധബദലില്‍ അഭയം കണ്ടവര്‍. ധാന്യം, പാല്‍, മുട്ട, മാംസം, പച്ചക്കറി, തുടങ്ങിയവയെല്ലാം ചേര്‍ന്ന മിശ്രഭക്ഷണമായിരുന്നു സംഘത്തിന് ബുദ്ധന്‍ നിര്‍ദ്ദേശിച്ചത്. ഭക്ഷണനയത്തില്‍ സ്ഥിത ക്രമം തുടരുകയായിരുന്നു ബുദ്ധന്‍. ആട്, പട്ടി, പോത്ത്, പശു തുടങ്ങിയവയുടെ മാംസം സംഘമെനുവിലുണ്ടായിരുന്നു. ഇഷ്ടമുള്ളത് കഴിക്കാം. തനിക്ക് വേണ്ടി കൊല്ലപ്പെട്ടതല്ലാത്ത ജീവിയുടെ ഇറച്ചി ബുദ്ധനും ബുദ്ധസന്യാസിക്കും ഹറാമായിരുന്നില്ല.
ബുദ്ധന്റെ അഹിംസ ഒരു മാംസാഹരവിരുദ്ധപദ്ധതിയുടെ ഭാഗമായിരുന്നില്ല. അതൊരു കാര്‍ഷിക വിവേകം. സൂക്ഷ്മമായ സാമൂഹിക ഉള്‍ക്കാഴ്ച.. കൃഷി വിപുലമായി നടന്നിരുന്നതും ക്ഷാമം സഫലമായി ചെറുക്കപ്പെട്ടിരുന്നതും മൃഗോര്‍ജ്ജത്തെ ആശ്രയിച്ചുള്ള കാര്‍ഷികോല്‍പ്പാദനരീതി വഴി. ഹൈന്ദവത്തിലെ പുരോഹിതന്മാരുടെ ദേവപ്രീതിഭ്രാന്തില്‍ മൃഗബലി പെരുകിയിരുന്നു. കന്നുകാലികളുടെ സാര്‍വത്രികമായ ഉന്മൂലനത്തോളം. മൃഗരക്ഷ, കൃഷിരക്ഷ എന്ന് ബുദ്ധന്‍ കണ്ടു. അന്ധാനുഷ്ഠാനങ്ങളുടെ ഫലമായ ഉല്പാദനപ്രതിസന്ധിയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുന്ന ഇടപെടലായി അന്ന് ബുദ്ധന്റെ അഹിംസാപ്രബോധനം. ബുദ്ധന്റെ ജ്ഞാന വ്യവസ്ഥ കാര്‍ഷികോപാല്‍ദനവുമായി ബന്ധപ്പെട്ടാണ് സമഗ്രമായ ഒരു സാമൂഹ്യദര്‍ശനമായി വികസിച്ചത്.
ബീഫ് വിരോധം / ഗോസ്‌നേഹം ജീവികാരുണ്യത്തിന്റെയോ അഹിം സാമൂല്യത്തിന്റെയോ ഭാഗമല്ല. അന്യവിശ്വാസങ്ങളോടും അന്യസംസ്‌കാര ങ്ങളോടുമുള്ള അസഹിഷ്ണുതയുടെ ആവിഷ്‌കാരം മാത്രമാണ്. നരബലിക്ക് വഴിയൊരുക്കുന്ന വെറുപ്പിന്റെ വേദം.
ആറ് വയസ്സുകാരന്‍ ഇമ്രാന്റെ വായില്‍ മണ്ണെണ്ണയൊഴിച്ച് തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടു. അവന്‍ പൊട്ടിത്തെറിച്ച് ചിന്നിച്ചിതറി. ഗുജറാത്തിലെ വംശീ യകലാപകാലത്ത് ഒരു നാളില്‍ ഹിന്ദു ഫാഷിസ്റ്റുകള്‍ ചെയ്തതാണിത്. നരോദ് പാട്യയിലെ കൂട്ടക്കുരുതിക്കും കൊള്ളവെയ്പ്പിനുമിടയില്‍. വെയില്‍ മൂത്ത് പ്രഭാതം മാറും മുമ്പ്, പത്ത് പത്തര മണിക്ക്, നരോദ്പാട്യയിലെ നൂറ നിമസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ത്ത് ഷബീര്‍ അഹമ്മദിന്റെയും ഖുര്‍ശീദ് അഹമ്മദിന്റെയും വീട്ടുകാരെ ഒന്നാകെ ജീവനോടെ ചുട്ടുകൊന്നതിനു ശേഷം. ഹുസൈന്‍ നഗറും ജവഹര്‍ നഗറും കൊള്ളയടിച്ച ശേഷം. പതിനൊന്നു പേ രുടെ സംഘം മഹറൂഖ് ബാനുവിന്റെ മകള്‍ ഖയിറുന്നീസയെ നിഷ്ഠുരമായി ബലാല്‍സംഗം ചെയ്ത് കൊന്നശേഷം. ഖയിറുന്നീസയുടെ അമ്മയെ തല വെട്ടിയശേഷം. അവരുടെ കുടുംബാംഗങ്ങളെ ഒന്നൊന്നായി തീയിലെറിഞ്ഞു കൊന്നശേഷം. അവര്‍ ഭയന്ന് മരവിച്ചുനിന്ന ആറ് വയസ്സുകാരന്‍ ഇമ്രാനെ പ്പിടിച്ചു. വായില്‍ പെട്രോളൊഴിച്ചു. തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടു.
സന്‍പേദില്‍ ദളിത് കുട്ടികളെ ചുട്ടു കൊന്നു. മുടങ്ങാതെ വന്നുകൊണ്ടിരിക്കുന്നു ദളിതരെ കൊന്നൊടുക്കുന്നതിന്റെ വാര്‍ത്തകള്‍.. ജാതി, മതം, ബീഫ്.. എന്തില്‍ നിന്നും ആളിക്കത്താം നരഭോജിയായ തീയ്. യാഗാഗ്നിയില്‍ നിന്നുയരുന്ന ഹവിസ്സും പുകയും സ്വര്‍ഗ്ഗത്തെ താങ്ങി നിര്‍ത്തുമെന്ന് ഋഗ്വേദം. വെറുപ്പിന്റെ സിദ്ധാന്തവും പ്രയോഗവും യാഗവും നിര്‍മ്മിക്കപ്പെടുന്നതിനു മുമ്പ് ആ സ്വര്‍ഗ്ഗം, സാമൂഹ്യ ഉര്‍വരതയുടെ സ്വര്‍ഗ്ഗം,. വര്‍ഗീയതയായി ജീര്‍ ണ്ണിച്ച മതാധികാരസന്ദര്‍ഭത്തില്‍ അത് തരിശും നരകവും. മനുഷ്യരെ കൊന്ന് കൂത്താടുന്ന വര്‍ഗീയഫാഷിസ്റ്റുകളാണ് പശുവിനെ കൊല്ലരുത്, ബീഫ് വെക്കരുത്, വിളമ്പരുത്, കഴിക്കരുതെന്ന്് യുദ്ധശാസന പുറപ്പെടുവിക്കുന്നത്.
സസ്യാഹാരവും ഹിന്ദുമതവും ഇന്ത്യയുടെ ദേശീയ സാംസ്‌കാരിക സ്വത്വത്തെ നിര്‍ണ്ണയിക്കുന്നു എന്ന വാദത്തിന് ചരിത്രവും സമകാല രാജ്യയാഥാര്‍ത്ഥ്യവും തെളിവ് തരുന്നില്ല. ഇന്ത്യന്‍ ദേശീയതയുടെ തത്ത്വശാസ്ത്രം വേദാന്തമാണെന്നതിനും നമ്മുടെ ദര്‍ശനചരിത്രം സാക്ഷ്യം നല്കുന്നില്ല. നാം അസാധാരണമായ സാംസ്‌കാരികബഹുലത.

ഹോണ്‍ബില്‍ ബുക്‌സ് 2015ല്‍ പ്രസിദ്ധീകരിച്ച ബീഫിന്റെ രാഷ്ട്രീയം പുസ്തകത്തില്‍ നിന്ന്….

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>