സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, Jun 8th, 2017

സൈന്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്നവര്‍

Share This
Tags

jj

(സിപിഐഎം ജനറല്‍ സെക്രട്ടറിയെ ആക്രമിക്കാന്‍ സംഘപരിവാറുകാരെ പ്രേരിപ്പിച്ച, പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗം.)

മോദി ഗവണ്മെന്റ് കാശ്മീരിലെ സാധാരണ ജനങ്ങളുടെ പ്രതിഷേധത്തെ എത്രമാത്രം തെറ്റായിട്ടാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമാണ് ആര്‍മി ചീഫ് ഓഫ് സ്റ്റാഫായ ബിപിന്‍ റാവത്ത് ഒരു ഇന്റര്‍വ്യൂവില്‍ നടത്തിയ അഭിപ്രായ പ്രകടനം. ജനറല്‍ റാവത്ത് പറഞ്ഞത് ‘ഈ ആളുകള്‍ ഞങ്ങള്‍ക്കെതിരെ കല്ലുകള്‍ എറിയുന്നതിന് പകരം, തോക്കെടുത്ത് വെടിവെച്ചിരുന്നെങ്കില്‍ എനിക്ക് സന്തോഷമായേനെ. അപ്പോള്‍ എനിക്ക് വേണ്ടത് ചെയ്യാനാകും’ എന്നാണ്. ഒരു സാധാരണ പൗരനെ, മനുഷ്യകവചമായി, ജീപ്പിനു മുന്നില്‍ കെട്ടിയിട്ട മേജര്‍ നിതിന്‍ ഗൊഗോയുടെ പ്രവര്‍ത്തിയെയും അദ്ദേഹം ന്യായീകരിച്ചു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ തന്നെ ഈ ഓഫീസറെ പ്രശംസിക്കാനും ആര്‍മി ചീഫ് മടി കാണിച്ചില്ല. മേജര്‍ ഗൊഗോയ് നടത്തിയ ഈ ഗുരുതരമായ അതിക്രമത്തെ ജനറല്‍ റാവത്ത് ന്യായീകരിച്ചത് ഇപ്രകാരമാണ്: ‘ഇതൊരു നിഴല്‍ യുദ്ധമാണ്… ഇതൊരു വൃത്തികെട്ട രീതിയിലാണ് നടക്കുന്നത്… അപ്പോഴാണ് പുതിയ രീതികള്‍ കണ്ടുപിടിക്കേണ്ടി വരുന്നത്. നിഴല്‍ യുദ്ധത്തിനായി നിങ്ങള്‍ക്ക് നവീനരീതികള്‍ വേണ്ടി വരും.’
കല്ലെറിയുന്നവര്‍ക്കെതിരെ കവചമായി, ശ്രീനഗര്‍ ഉപതെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയ ഫാറൂക്ക് അഹമ്മദ് ദാര്‍ എന്നയാളെ പിടിച്ച് ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത് ഞെട്ടലുളവാക്കിയ സംഭവമായിരുന്നു. ഈ പ്രവര്‍ത്തിയെ പ്രശംസിക്കുന്നതിലൂടെ പട്ടാളത്തിന്റെ ആദര്‍ശങ്ങളെയാണ് ചീഫ് ഓഫ് സ്റ്റാഫ് തരംതാഴ്ത്തിയത്. ഒരു സാധാരണ പൗരനെ മനുഷ്യ കവചമായി ഉപയോഗിച്ചതിനെ പല മുന്‍ജനറല്‍മാരും അപലപിച്ചിരുന്നു. നമ്മുടെ തന്നെ പൗരന്മാരെ ഈ വിധം കൈകാര്യം ചെയ്യുവാന്‍ പാടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കല്ലേറ് നടത്തുന്ന ചെറുപ്പക്കാരായ പ്രതിഷേധക്കാരെയും സായുധ പോരാളികളെയും ജനറല്‍ റാവത്ത് ഒരേ പോലെയാണ് കാണുന്നത്. പട്ടാളത്തിന്റെ പ്രവര്‍ത്തനങ്ങളെ അനുകൂലിക്കാത്തവരെയും ഏറ്റുമുട്ടലുകള്‍ക്ക് തടസ്സം നില്‍ക്കുന്നവരെയും ‘ഭീകരപ്രവര്‍ത്തകരായി’ കണക്കാക്കും എന്ന് അദ്ദേഹം നേരത്തെ തന്നെ മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്. പ്രതിഷേധക്കാര്‍ ആയുധമെടുത്തിരുന്നെങ്കില്‍ അവരെ പട്ടാളത്തിന് നേരാംവണ്ണം കൈകാര്യം ചെയ്യാമായിരുന്നു എന്നൊക്കെ അധിക്ഷേപിച്ചുകൊണ്ട് അനാവശ്യമായ പ്രകോപനം സൃഷ്ടിക്കുന്നത് ഒരു മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥന് ചേരുന്ന തരം പെരുമാറ്റമല്ല. നിര്‍ഭാഗ്യവശാല്‍, കാശ്മീര്‍ പ്രശ്‌നത്തില്‍ മോഡി സര്‍ക്കാരിന്റെയും ആര്‍മി ജനറലിന്റെയും സ്വരം ഒന്ന് തന്നെയാണ്, രാഷ്ട്രീയ പ്രതിഷേധങ്ങളെ ബലം കൊണ്ട് അടിച്ചമര്‍ത്തുക എന്നതാണ് അത്. സാധാരണ പൗരന്മാര്‍ക്കെതിരെ ബലപ്രയോഗം നടത്തുക എന്ന നയം അന്ധമായി പിന്തുടരുന്നത് കാശ്മീരിലെ ജനങ്ങള്‍ക്ക് മാത്രമല്ല, പട്ടാളത്തിന് തന്നെയും തീരാനഷ്ടങ്ങള്‍ വരുത്തി വെക്കും.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>