സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, Jun 3rd, 2017

മിശ്രഭോജനമല്ല, വെറും ശാപ്പാട്

Share This
Tags

pinarayi

സഹോദരന്‍ അയ്യപ്പെന്റെ നേതൃത്വത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായി മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികം നാടിന്റെ പല ഭാഗത്തും ആഘോഷിക്കുകയാണ്. സംഭവം നടന്ന ചെറായിയില്‍ കഴിഞ്ഞ ദിവസം സഹോദരന്‍ അയ്യപ്പന്‍ സ്മാരക സമിതി വിപുലമായ രീതിയില്‍ തന്നെ ആഘോഷം സംഘടിപ്പിച്ചിരുന്നു. അന്നത്തെപോലെ ചക്കക്കുരുവും കടലയും ചേര്‍ത്ത മെഴുക്കുപുരട്ടിയായിരുന്നു പ്രധാന വിഭവം. പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. എന്നാല്‍ നിര്‍ഭഗ്യമെന്നു പറയട്ടെ അദ്ദേഹം അവിടെ നിന്നല്ല ഭക്ഷണം കഴിച്ചത്. മറിച്ച് കൊച്ചിയില്‍ ശ്രീനാരായണ സഹോദരസംഘം സംഘടിപ്പിച്ച മിശ്രഭോജനത്തിലായിരുന്നു.. പഴയിടം മോഹനന്‍ നമ്പൂതിരി തൂശനിലയില്‍ വിളമ്പിയ സദ്യയുണ്ട്..
ഇത് പിണറായി വിജയന്റെ വ്യക്തിപരമായ കാര്യമെന്ന ന്യായീകരണത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയാകാം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ നടപടിയെ വ്യക്തിപരമായി കാണാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. ഒരു നൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ നവോത്ഥാന രാഷ്ട്രീയ ചരിത്രം എവിടെ എത്തിയിരിക്കുന്നു എന്നതിനു തെളിവാണ് ഈ സംഭവം. ആരുടെ അടുക്കളകിലാണ് ഭക്ഷണമെന്നപോലെ സംസ്‌കാരത്തിന്റെ, രാഷ്ട്രീയത്തിന്റെ ആശയങ്ങളും പ്രതീകങ്ങളും വേവിച്ചെടുക്കുന്നത് എന്നത് നിര്‍ണായകമാണ്.
1917 മെയ് 29നാണ് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ മിശ്രഭോജനം നടന്നത്. മിശ്രഭോജനത്തില്‍ പങ്കെടുത്ത ഭിന്നസമുദായക്കാരായ പന്ത്രണ്ടുപേര്‍ അടങ്ങിയ സദസിനെ സാക്ഷിനിര്‍ത്തി ‘ജാതി പോകണം’ എന്ന് അയ്യപ്പന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് അയ്യപ്പന് ലഭിച്ചത് മര്‍ദ്ദനവും ‘പുലയന്‍ അയ്യപ്പന്‍’ എന്ന പേരുമായിരുന്നു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റ ചരിത്രത്തില്‍ വലിയ കൊടുങ്കാറ്റ് അഴിച്ചുവിട്ട വിപ്ലവകരമായ പ്രവര്‍ത്തനമായിരുന്നു മിശ്രഭോജനം. ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തന അജന്‍ഡയായി ‘അയിത്തോച്ചാടനം’ മാറുന്നത് അതിനെ തുടര്‍ന്നാണ്. പില്‍ക്കാലത്ത് അയിത്തത്തിനെതിരെ വഴിനടക്കാനും ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക് പ്രവേശിക്കാനുമൊക്കെയായി വൈക്കത്തും ഗുരുവായൂരിലും പാലിയത്തും ഇരിങ്ങാലക്കുടയിലുമൊക്കെ നടന്ന എണ്ണമറ്റ സമരങ്ങള്‍ക്കും പ്രധാന പ്രചോദനമായി തീര്‍ന്നത് മിശ്രഭോജനമായിരുന്നു. അതിന്റെയൊക്കെ ഫലമായി കുറച്ചൊക്കെ മുന്നോട്ടുപോയെങ്കിലും അയ്യപ്പനും ഇതര സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ലക്ഷ്യംകണ്ട ജാതിരഹിത കേരളം എന്ന സ്വപ്നം ഇന്നും വിദൂരതയിലാണ്. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉദയംകൊണ്ട സംഘടനകള്‍ എല്ലാംതന്നെ ജാതി സംഘടനകള്‍ മാത്രമായി അധഃപതിച്ചു. നവോത്ഥാനധാരയെ രാഷ്ട്രീയധാര മുരടിപ്പിക്കുകയായിരുന്നു. അതിന്റഎ ഫലമായി ജാതിബോധം അതിശക്തമായി തിരിച്ചുവരുകയാണ്. അറിഞ്ഞും അറിയാതേയും അതിന്ന് മലയാളിയില്‍ രൂഢമൂലമാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് മുഖ്യമന്ത്രിക്കടക്കം നമ്പൂതിരിയുടെ ഭക്ഷണം സ്വീകാര്യമാകുന്നത്.
ഈ വിഷയത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു ചുറ്റും കാണാന്‍ കഴിയും. അയിത്തോച്ചാടനത്തിന്റെ ഭാഗമായി അവര്‍ണര്‍ക്ക് ലഭിച്ച ക്ഷേത്ര പ്രവേശനം കടന്നുചെന്നയിടത്തുതന്നെ പതിറ്റാണ്ടുകളായി നിലയുറപ്പിച്ചിരിക്കുകയാണ്. സവര്‍ണരിലെ തന്നെ അബ്രാഹ്മണജാതി വിഭാഗങ്ങള്‍ കൊട്ടിപ്പാടി സേവനടത്തിയും മാലകെട്ടിയും അടിച്ചുതെളിച്ചും കിട്ടുന്നതുവാങ്ങി ഉപജീവനം നടത്തിക്കൊണ്ടിരിക്കുന്നു. സവര്‍ണരിലെ അബ്രാഹ്മണ ജാതിവിഭാഗങ്ങള്‍ക്കോ പട്ടികജാതിപിന്നാക്ക ജനവിഭാഗങ്ങള്‍ക്കോ ശ്രീകോവില്‍ പ്രവേശനം നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ശബരിമലയിലും ഗുരുവായൂരിലും ഉള്‍പ്പെടെ ആയിരക്കണക്കായ മഹാക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ മാത്രമാണ് മേല്‍ശാന്തിമാരും പൂജാരിമാരുമായി നിയമിക്കപ്പെടുന്നത്. ദേവസ്വം ബോര്‍ഡുകളുടെ ഭരണസമിതികളില്‍ വിവിധ സമുദായസംഘടനകളുടെ പ്രതിനിധികള്‍ നിയമിക്കപ്പെടാറുണ്ടെങ്കിലും അവരാരും തന്നെ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ കൊടുകുത്തിവാഴുന്ന ജാതിവിവേചനങ്ങള്‍ക്കെതിരെ ഒരു ചെറുവിരല്‍പോലും അനക്കാന്‍ മുതിരാറില്ല. അതുകൊണ്ട്, ക്ഷേത്രപ്രവേശനം എന്ന മഹാവിപ്ലവം തുടങ്ങിയയിടത്തുതന്നെ നില്‍ക്കുകയും മിശ്രഭോജനം ഉയര്‍ത്തിയ ആശയങ്ങളുടെ തുടര്‍ച്ചയായി ഉണ്ടാകേണ്ടിയിരുന്ന അബ്രാഹ്മണജനതയുടെ ശ്രീകോവില്‍ പ്രവേശനം തടയപ്പെട്ടിരിക്കുകയാണ്. അവര്‍ണ്ണരുടെ കലാരൂപങ്ങളും വിലക്കപ്പെട്ടിരിക്കുന്നു.
പന്തീഭോജനം കഴിഞ്ഞ് 100 വര്‍ഷം കഴിയുമ്പോള്‍ ഹോട്ടലുകളില്‍ ഏറെക്കുറെ മിശ്രഭോജനം നടക്കുന്നുണ്ടെങ്കിലും അതിനിയും നടക്കാത്ത എത്രയോ വസതികള്‍ ഇപ്പോഴും കേരളത്തിലുണ്ട്. (സമ്പത്തും ജാതിയും പരസ്പരബന്ധിതമായതിനാല്‍ വന്‍കിട ഹോട്ടലുകളില്‍ ഫലത്തില്‍ ഇപ്പോഴുമത് നടക്കുന്നില്ല) സ്വാഭാവികമായും മിശ്രഭോജനത്തിന്റെ തുടര്‍ച്ച മിശ്രവിവാഹങ്ങളാണ്. ഏതാനും പ്രണയവിവാഹങ്ങളല്ലാതെ ഇപ്പോഴും മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ടോ? ആധുനിക കേരളത്തിന്റെ ശില്‍പ്പി എന്ന പട്ടം ലഭിച്ചിട്ടുള്ള ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 4 മക്കളില്‍ ഒരാള്‍ പോലും അതിനു തയ്യാറായില്ല എന്നതു മാത്രം പോരെ നാമെവിടെ എന്നു വ്യക്തമാകാന്‍? കമ്യൂണിറ്റി മാട്രിമോണിയല്‍ പരസ്യങ്ങള്‍ പോലും തടയാന്‍ നമുക്കാവുന്നില്ല. പേരിനു പുറകിലെ ജാതിവാല്‍ മുറിച്ചുകളയാന്‍ എന്തേ പുരോഗമനവാദികള്‍ പോലും മടിക്കുന്നു? കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞപോലെ വീടിനുപുറത്ത് മതേതരത്വത്തിന്റേയും ജാതിവിരുദ്ധതയുടേയും വീടിനകത്ത് മതചിന്തയുടേയും ജാതിചിന്തയുടേയും ചെരിപ്പിടുന്ന മലയാളിയുടെ കാപട്യമാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ നടപടിയിലും ഈ നിലപാട് പ്രകടമാണ്.
അടുത്തയിടെ ലളിതകലാ അക്കാദമി സംഘടിപ്പിച്ചതും എം എ ബേബി ഉദ്ഘാടനം ചെയ്തതുമായ മിശ്രഭോജനത്തിലുണ്ടായ സംഭവം നോക്കുക. നീ അതു കഴിച്ചാല്‍ നിന്നെ കൊല്ലുമെന്ന് ആക്രോശിക്കുകയും നീ എന്തോ കഴിച്ചുവെന്നാരോപിച്ചു തല്ലിക്കൊല്ലുകയും ചെയ്യുന്ന കാലമാണിതെന്നും .തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി മാറ്റിനിര്‍ത്തിയിരുന്നവരെ ചേര്‍ത്തു പന്തിഭോജനം നടത്തിയ സഹോദരന്‍ അയ്യപ്പന്‍ ഇന്നാണതു ചെയ്തിരുന്നതെങ്കില്‍ കല്‍ബുറഗിയുടെ അവസ്ഥയുണ്ടായേനെയെന്നും ബേബി പറഞ്ഞു. എന്നാല്‍ സംഭവിച്ചതെന്തായിരുന്നു? അക്കാദമിയുടെ മിശ്രഭോജനത്തില്‍ പച്ചക്കറി വിഭവങ്ങള്‍ക്കൊപ്പം മീനും ചിക്കനും പന്നിയും വിഭവങ്ങളായി ഉണ്ടായിരുന്നു. എന്നാല്‍ മീന്‍ കഴിഞ്ഞാല്‍ മലയാളി ഏറ്റവും ഇഷ്ടപ്പെടുന്ന ബീഫ് ഒഴിവാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തിനു മുമ്പായിരുന്നു അത്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ തന്നെ നയിക്കുന്ന സ്ഥാപനമാണ് ഇതു ചെയ്തത് എന്നു മറക്കരുത്. ഭൂതകാല മറവിക്കെതിരെയുള്ള പോരാട്ടമാണു പന്തിഭോജനം അനുസ്മരണം എന്ന ബേബിയുടെ വാക്കുകള്‍ അവിടെ അര്‍ത്ഥരഹിതമാകുന്നു. പന്തീഭോജനം വെറും ശാപ്പാടായി മാറുന്നു. അവിടെ ഭക്ഷണം മാത്രമല്ല, രാഷ്ട്രീയവും വിളമ്പുന്നു. അത്തരം ശാപ്പാടിലാണ് മുഖ്യമന്ത്രിയും ബേബിയുമടക്കമുള്ളവര്‍ പങ്കെടുക്കുന്നത് എന്നതാണ് കേരളം എത്തി ചേര്‍ന്നിരിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>