സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, May 27th, 2017

ചില വാര്‍ഷികാഘോഷങ്ങളും കമ്യൂണിസ്റ്റുകാരും.

Share This
Tags

cc

ചരിത്രപരമായ ഏതാനും സംഭവങ്ങളുടെ വാര്‍ഷികാഘോഷങ്ങള്‍ നടന്നുവരികയാണ്. പല സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം വിവിധതലങ്ങളില്‍ നിന്ന് ഇവ ആഘോഷിക്കുന്നു. എന്നാല്‍ ഖേദകരമെന്നുപറയട്ടെ ആഘോഷങ്ങളെന്നതിലുപരി അവയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ഒരു വിലയിരുത്തലിന് കാര്യമായി ആരും തയ്യാറാകുന്നില്ല എന്നു പറയേണ്ടിവരുന്നു. കാറല്‍ മാര്‍ക്‌സിന്റെ 200-ാം ജന്മദിനം, ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം, ഇഎംഎസ് മന്ത്രി സഭയുടെ 60-ാം വാര്‍ഷികം, നക്‌സല്‍ബാരി കലാപത്തിന്റെ 50-ാം വാര്‍ഷികം, പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം എന്നിവയാണ് സൂചിപ്പിക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇവയെല്ലാം പരസ്പരബന്ധിതമാണ്. അതിനാല്‍ ഇവയെ കുറിച്ച് ഒന്നിച്ചുള്ള വിശകലനം സാധ്യവുമാണ്. അതിനാരും ശ്രമിക്കുന്നുമില്ല.
ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ ഉപഞ്ജാതാക്കളില്‍ പ്രമുഖന്‍ കാറല്‍ മാര്‍ക്‌സ് തന്നെ. ചൂഷകവര്‍ഗ്ഗവും ചൂഷിതവര്‍ഗ്ഗവും തമ്മിലുള്ള വര്‍ഗ്ഗസമരത്തിലൂടെയാണ് പ്രാകൃതകമ്യൂണിസമൊഴികെയുള്ള എല്ലാ സമൂഹവും മുന്നോട്ടു പോകുന്നതെന്ന് കാള്‍ മാര്‍ക്‌സ് പറഞ്ഞു. അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യരീതിയെ മുതലാളിത്തം എന്ന് വിശഷിപ്പിച്ച മാര്‍ക്‌സ് മുതലാളിവര്‍ഗ്ഗവും അവരാല്‍ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തില്‍ അഥവാ വര്‍ഗ്ഗസമരത്തില്‍ മുതലാളിത്തം തകര്‍ക്കപ്പെടുകയും സോഷ്യലിസം എന്ന പുതിയ രീതി നടപ്പില്‍ വരുകയും ചെയ്യുമെന്ന് വിശ്വസിച്ചു. സോഷ്യലിസം നടപ്പിലാകുന്ന ഒരു സമൂഹത്തില്‍ തൊഴിലാളിവര്‍ഗ്ഗം ആയിരിക്കും സമൂഹത്തെ ഭരിക്കുക. അടുത്ത ഘട്ടമായി വര്‍ഗ്ഗരഹിതമായ, മനുഷ്യരെല്ലാം സമന്മാരായി ജീവിക്കുന്ന, കമ്മ്യൂണിസം എന്ന ഒരു സാമൂഹ്യ സംവിധാനം നിലവില്‍ വരും. പ്രാകൃതകമ്യൂണിസത്തിന്റെ ആധുനികരൂപം.
മാര്‍ക്‌സ് കണ്ടത് വെറും ഉട്ടോപ്യയാണെന്ന് ഇന്ന് ഏവര്‍ക്കുമറിയാം. അന്ന് പക്ഷെ അതായിരുന്നില്ല അവസ്ഥ. നിരവധി പേര്‍ മാര്‍ക്‌സിന്റെ അനുയായികളെന്നു പറഞ്ഞ് രംഗത്തിറങ്ങി. അവരുടെ ചെയ്തികള്‍ കണ്ട്, ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതാണ് മാര്‍ക്‌സിസമെങ്കില്‍ താന്‍ മാര്‍ക്‌സിസ്റ്റല്ല് എന്ന് മാര്‍ക്‌സ് പറഞ്ഞു എന്നതവിടെ നില്‍ക്കട്ടെ.
മാര്‍ക്‌സിസത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ലെനിന്റെ നേതൃത്വത്തില്‍ ലോക ചരിത്രത്തില്‍ തൊഴിലാളി വര്‍ഗത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ട ജനസമൂഹത്തിന്റെയും മുന്നേറ്റത്തിന്റെ പരമ്പരകള്‍ക്ക് വേഗം കൂട്ടിയ സംഭവമായിരുന്നു ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം. മുതലാളിത്തം കുത്തക മുതലാളിത്തത്തിലേക്കും സാമ്രാജ്യത്വത്തിലേക്കും വളരുന്ന ഘട്ടത്തിലായിരുന്നു ഒക്ടോബര്‍ വിപ്ലവം യാഥാര്‍ഥ്യമായത്. സാര്‍ ചക്രവര്‍ത്തിമാരുടെ കൊടുംക്രൂരതകളില്‍ നിന്ന് മോചനമാഗ്രഹിച്ചിരുന്ന ജനങ്ങള്‍ക്കു മുന്നിലാണ് ലെനിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി വര്‍ഗവും വിമോചനത്തിന്റെ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ വ്യാവസായികവിപ്ലവം നടന്ന രാജ്യങ്ങളിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗമാണ് ആദ്യസോഷ്യലിസ്റ്റ് വിപ്ലവം നടത്തുക എന്ന മാര്‍ക്‌സിന്റെ അടിസ്ഥാന ആശയത്തെ തന്നെ ലെനിന്‍ തിരുത്തുകയായിരുന്നു. സാമ്രാജ്യത്വചൂഷണത്തിലെ ദുര്‍ബ്ബലകണ്ണിയിലാണ് ഇആദ്യവിപ്ലവം എന്നാണ് ലെനിന്‍ സമര്‍ത്ഥിച്ചത്. എന്തായാലും
ഒക്ടോബര്‍ വിപ്ലവം ലോകത്താകെ ഉണ്ടാക്കിയ ചലനങ്ങള്‍ വളരെ ശക്തമായിരുന്നു. അടിമത്തത്തില്‍ കഴിഞ്ഞിരുന്ന നിരവധി രാജ്യങ്ങളില്‍ സ്വാതന്ത്ര്യ – വിമോചന പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചത് ഒക്ടോബര്‍ വിപ്ലവത്തിന് ശേഷമായിരുന്നു. ലോകത്താകെ ഏറ്റവുമധികം തൊഴിലാളി – ബഹുജന പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത് ഒക്ടോബര്‍ വിപ്ലവാനന്തര കാലത്തായിരുന്നു. വിപ്ലവത്തിലൂടെ രൂപം കൊണ്ട യുഎസ്എസ്ആര്‍ എന്ന സോഷ്യലിസ്റ്റ് രാജ്യത്തിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് നിരവധി രാജ്യങ്ങള്‍ വിപ്ലവം പൂര്‍ത്തീകരിച്ച് സോഷ്യലിസ്റ്റ് ഭരണ ക്രമത്തിന്റെ പാതയിലേക്ക് വരുന്ന കാഴ്ചയ്ക്കും ലോകം സാക്ഷിയായി. വിപ്ലവത്തിലൂടെ അല്ലാതെ തന്നെ ഭരണമാറ്റം ഉണ്ടായ പല രാജ്യങ്ങളും സോവിയറ്റ് മാതൃകയില്‍ സോഷ്യലിസ്റ്റ് ഭരണക്രമം പിന്തുടരുന്ന സാഹചര്യവും ഉണ്ടായി.
എന്നാല്‍ അവക്കെല്ലാം പിന്നെന്തു സംഭവിച്ചു എന്ന പരിശോധനയാണ് കാണാത്തത്. അതിനുള്ള മറുപടി പലപ്പോഴും വളരെ ലളിതമാണ്. സോഷ്യലിസ്റ്റ് വ്യാപനത്തോടൊപ്പം തന്നെ സാമ്രാജ്യത്വ ശക്തികളും ലോകത്ത് ശക്തിപ്രാപിച്ചു, ലോകം മുതലാളിത്ത – സോഷ്യലിസ്റ്റ് ചേരികളായി തിരിഞ്ഞു, അവ തമ്മിലുള്ള ശീതസമരത്തില്‍ സാമ്രാജ്യത്വം വിജയിച്ചു എന്നതാണത്. എന്നാല്‍ അതാണോ സത്യം? മിക്ക സോഷ്യലിസ്റ്റ് രാജ്യങ്ങളിലും നടന്നത് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. സോഷ്യലിസ്റ്റ് കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗ്ഗം ഭരിക്കുമെന്നത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണിപോരാളിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി, കര്‍ക്കശമായ ലെനിനിസ്റ്റ് പാര്‍ട്ടി ചട്ടക്കൂടിലൂടെ അത് ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിച്ചു. ഏകാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രതിരൂപമായി സ്റ്റാലിന്‍ മാറി. മിക്ക സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ചെറുതും വലുതുമായ സ്റ്റാലിന്‍മാരുണ്ടായി.. സ്റ്റാലിനു മറുപടിയായി വന്ന ചൈനയിലെ മാവോ പോലും.. സ്റ്റാലിന്റേയും മാവോയുടേയുമെല്ലാം പിന്‍ഗാമികള്‍ രാഷ്ട്രീയരംഗത്ത് ഈ ഫാസിസ്റ്റ് സംവിധാനം നിലനിര്‍ത്തി മുതലാളിത്ത വികസനത്തിനു ശ്രമിച്ചു. തുടര്‍ന്നാണ് ചീട്ടുകൊട്ടാരം പോലെ സോഷ്യലിസ്റ്റ് സ്വപ്‌നം തകര്‍ന്നത്. തീര്‍ച്ചയായും സാമ്രാജ്യത്വവും അവരുടെ റോള്‍ നിര്‍വ്വഹിച്ചു എന്നു മാത്രം. ഈ ചരിത്രയാഥാര്‍ത്ഥ്യത്തെ സത്യസന്ധമായി പരിശോധിക്കാതെയാണ് സാമ്രാജ്യത്വത്തെ മാത്രം വി്ല്ലനാക്കി ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്. മാത്രമല്ല പല പുതിയ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തുന്നുണ്ട് എന്ന് ബ്രസീല്‍, വെനിസ്വേല, ബൊളീവിയ, ഉറുഗ്വേ, ഇക്വഡോര്‍, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങളെ ചൂണ്ടികാട്ടി പലരും അവകാശപ്പെടുന്നതു കാണുമ്പോള്‍ ചിരിവരുന്നു.
അതിനിടയിലാണ് കേരളസംസ്ഥാനരൂപീകരണം നടന്നതും തെരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റതും. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനനയങ്ങളില്‍ നിന്നെല്ലാമുള്ള വ്യതിചലനമായിരുന്നു അത്. എന്നാലത് അംഗീകരിക്കാന്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാരെന്നു പറയുന്നവര്‍ ഇനിയും തയ്യാറകുന്നില്ല എന്നതാണ് തമാശ. തങ്ങളിപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നും ഇവിടത്തേത് അടവ് – തന്ത്ര നയങ്ങളാണെന്നുമാണ് അവര്‍ വിശ്വസിക്കുന്നത്. അതിന്റെ എല്ലാ കുഴപ്പങ്ങളും അവര്‍ക്കുണ്ട്. വിശ്വസിക്കാത്ത ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നു, എന്നാല്‍ ഉള്ളിലുള്ളത് ഏകപാര്‍ട്ടിഭരണം. ഈ വൈരുദ്ധ്യമാണ് പാര്‍ട്ടി പരിഹരിക്കേണ്ടത്. ലോകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം തകര്‍ന്നിട്ടും തങ്ങള്‍ നിലനില്‍ക്കുന്നു എന്നവര്‍ പറയുമ്പോള്‍ അതിനു കാരണം ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നതാണെന്ന് പറയാന്‍ മടിക്കുന്നു. സംസ്ഥാനത്തു നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളില്‍ എപ്പോഴും ഒരു വശത്ത് സിപിഎമ്മാണെന്നതിന്റെ കാരണം തേടി എവിടേയും പോകേണ്ടതില്ല. ഈ കപടസമീപനത്തെ ബംഗാള്‍ ജനത കയ്യൊഴിഞ്ഞു. കേരളത്തില്‍ മറ്റുചില ഭൂതകാല ചരിത്രങ്ങളാണ് അവരെ നിലനിര്‍ത്തുന്നതെന്നു കാണാനാകും.
കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഈ തിരുത്തല്‍വാദമെന്നു വശേഷിക്കപ്പെട്ട നയത്തിനെതിരെയായിരുന്നു നക്‌സല്‍ പ്രസ്ഥാനം രൂപം കൊണ്ടത്. 1967 മെയ് 25ന് നക്‌സല്‍ബാരിയില്‍ ഒരു ആലിന്‍ചുവട്ടില്‍ സമാധാനപരമായി ഒത്തുകൂടിയ കര്‍ഷകരുടെയും തൊഴിലാളികളുടെയും നേരെ അന്നു പശ്ചിമബംഗാള്‍ ആഭ്യന്തരമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ പോലിസ് വെടിവക്കുകയായിരുന്നു. രണ്ടു കുട്ടികളടക്കം 11 പേര്‍ മരിച്ചുവീണു. തുടര്‍ന്ന് കലാപം പടര്‍ന്നു. ചാരു മജുംദാറിനെയും കനു സന്യാലിനെയുംപോലുള്ള നേതാക്കള്‍ അതിനു സൈദ്ധാന്തിക ന്യായീകരണം നല്‍കി. സായുധകലാപത്തിലൂടെയല്ലാതെ ചൂഷണം അവസാനിപ്പിക്കാനാവില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി അഥവാ നക്‌സലൈറ്റുകള്‍ രൂപംകൊണ്ടു. ചൈനീസ് ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍, അധികാരം തോക്കിന്‍ കുഴലിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എങ്ങുമുയര്‍ന്നു. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമെന്ന് ചൈന വിശേഷിപ്പിച്ചു. കേരളമടക്കം പല സംസ്ഥാനങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടായി. ആന്ധ്രയും ബീഹാറുമായിരുന്നു പ്രധാന കേന്ദ്രങ്ങള്‍. കേരളത്തില്‍ ആദ്യം ഉന്മൂലനങ്ങളും പിന്നീട് ജനകീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി കേരളത്തിലും പ്രസ്ഥാനം സജീവമായി. എന്നാല്‍ കാലക്രമേണ പ്രസ്ഥാനം ഛിന്നഭിന്നമായി. പലരും പാര്‍ലിമെന്ററി പാത സ്വീകരിച്ചു. ആന്ധ്രയിലും ബീഹാറുമെല്ലാം ശക്തി കുറഞ്ഞു. എന്നാല്‍ സിപിഐയില്‍ നിന്നും സിപിഎമ്മും അതില്‍ നിന്ന് സിപിഐഎഎല്ലും ഉണ്ടായപോലെ അതില്‍ നിന്ന് മാവോയിസ്റ്റുകള്‍ രൂപം കൊണ്ടു. ഛത്തിസ്ഘഡ് കേന്ദ്രമായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സായുധസമരത്തിലധിഷ്ഠിതമായി അവര്‍ സമാന്തരഭരണം നടത്തുകയാണ്. പ്രതേകിച്ച് ആദിവാസി മേഖലയില്‍. എന്നാല്‍ ഇക്കാലത്ത് സായുധസമരത്തിലൂടെ അധികാരം പിടിച്ചെടുക്കാമെന്ന കാഴ്ചപ്പാട് എത്രമാത്രം യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ് എന്ന് 50-ാം വാര്‍ഷികമാഘോഷിക്കുന്നവരും ചിന്തിക്കുന്നില്ല.
അതേസമയം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികമാഘോഷിക്കുകയാണ്. നെഞ്ചില്‍ കൈവെച്ചു സത്യം പറയുന്ന ആര്‍ക്കുമറിയാം കേരളീയ സാഹചര്യത്തില്‍ ഇരു മുന്നണി സര്‍ക്കാരുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന വസ്തുത. 57ലെ കാലത്ത് മൂടിവെക്കാന്‍ ശ്രമിച്ചതൊക്കെ ഇന്നു പരസ്യമായ രഹസ്യമാണ്. കമ്യൂണിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ ഇതൊരു ബൂര്‍ഷ്വാഭരണകൂടം തന്നെ. ഇരുമുന്നണികളില്‍ ഏതു ഭരണമാണ് ഭേദമെന്നു തര്‍ക്കിക്കാമെന്നു മാത്രം. എന്നാല്‍ ഇക്കാര്യമംഗീകരിക്കാതെ തങ്ങളിപ്പോഴും കമ്യൂണിസ്റ്റാണെന്ന അവകാശവാദം കേള്‍ക്കുമ്പോള്‍ ചിരിക്കാനല്ലാതെ എന്തിനാണ് കഴിയുക? അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക് ജീവനക്കാരും പൊതുമേഖലാ തൊഴിലാളികളുമൊക്കെയാണ് ഇന്ന് കമ്യൂണിസ്റ്റുകാരുടെ സംഘടിത തൊഴിലാളി വര്‍ഗ്ഗം. ആദിവാസികള്‍, ദളിതുകള്‍, മത്സ്യതൊഴിലാളികള്‍, തോട്ടത്തൊഴിലാളികള്‍, അസംഘടിതമേഖലകളിലെ ലക്ഷക്കണക്കിനു തൊഴിലാളികള്‍ തുടങ്ങിയവരൊന്നും ഇവരുടെ അജണ്ടയിലില്ല. പാരിസ്ഥിതികവഷയങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളില്‍ ഇവരെപ്പോഴും നാശമുണ്ടാക്കുന്നവരുടെ പക്ഷത്താണ്. കാരണം തൊഴിലാളിയുടെ തൊഴില്‍ പോകുമത്രെ. വന്‍കിടക്കാര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യാനോ രണ്ടാം ഭൂപരിഷ്‌കരണത്തെ കുറിച്ച് മിണ്ടാനോ ഇവര്‍ തയ്യാറില്ല. അവരുടെയെല്ലാം സമരങ്ങളെ ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ് ഭാഷ ഉപയോഗിച്ച് സ്വത്വവാദമായി ആക്ഷേപിക്കുന്ന രീതിയാണ് ഇന്ന് കേരളത്തില്‍ വ്യാപകമായിരിക്കുന്നത്.
നേരിട്ട് ഇപ്പറഞ്ഞവയുമായി ബന്ധമില്ലെന്ന് തോന്നുമെങ്കിലും മറ്റൊരു വാര്‍ഷികാഘോഷം കൂടി ആരംഭിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റഎ മൂന്നാം വാര്‍ഷികം. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എതിരാളിയില്ലാത്ത അവസ്ഥയിലേക്കാണ് മോദി മാറുന്നത്. മോദി പ്രതിനിധാനം ചെയ്യുന്ന സവര്‍ണ്ണറാസിസത്തെ ചെറുക്കാനൊരു പദ്ധതിയുമില്ലാത്ത അവസ്ഥയിലാണ് കമ്യൂണിസ്റ്റുകാര്‍. അതിനു കാരണം മാര്‍ക്‌സ് പറഞ്ഞത് അതേപടി വിഴുങ്ങുകയും സങഅകീര്‍ണ്ണമായ ഇന്ത്യന്‍ സാഹചര്യത്തെ വസ്തുനിഷ്ഠമായി പഠിക്കാന്‍ തയ്യാറായില്ല എന്നതുമാണ്. മാവോയിസ്റ്റുകളടക്കമുള്ള കമ്യൂണിസ്റ്റുകാരില്‍ നിന്നൊരു ബദലിനു സാധ്യതയില്ല എന്നതാണ് വസ്തുത. മറുവശത്ത് രാജ്യത്തെങ്ങും ശക്തിപ്രാപിക്കുന്ന പിന്നോക്ക – ദളിത് – അംബേദ്കര്‍ രാഷ്ട്രീയമാണ് എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നത് അതിനോടുള്ള നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഭാവി.

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>