സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Thu, May 25th, 2017

കാര്യമായ നേട്ടവും കോട്ടവുമില്ലാത്ത വര്‍ഷം

Share This
Tags

pppp

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയുമായി മുഖ്യമന്ത്രിയും കുറ്റപത്രവുമായി പ്രതിപക്ഷനേതാവും രംഗത്തുവരുന്നത് സ്വാഭാവികം. ജനാധിപത്യസംവിധാനത്തില്‍ നേട്ടങ്ങള്‍ ചൂണ്ടികാട്ടി അഭിമാനിക്കുന്നതും കോട്ടങ്ങള്‍ ചൂണ്ടികാട്ടി കുറ്റപ്പെടുത്തുന്നതും ഭരണ – പ്രതിപക്ഷങ്ങളുടെ കടമയാണല്ലോ. അതുപോലെ ഒരു വര്‍ഷത്തെ ആഘോഷിക്കുന്നതും സമരം ചെയ്യുന്നതും. അതില്‍പരം പ്രത്യകിച്ചെന്തെങ്കിലും ഈ ഭരണത്തില്‍ സംഭവിച്ചെന്നു പറയാനാകില്ല. എടുത്തുപറയത്തക്ക വലിയ നേട്ടങ്ങളോ ഭീമമായ കോട്ടങ്ങളോ ഇല്ലാത്ത ഒരു സാധാരണഭരണമായിട്ടായിരിക്കും പിണറായി വിജയന്റെ ആദ്യവര്‍ഷം വിലയിരുത്തപ്പെടുക.
രാഷ്ട്രീയ സംസ്‌കാരത്തിന്റെ ശുദ്ധീകരണമാണ് ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന ഏറ്റവും പ്രധാന കാര്യമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പാതി ശരിയാണ്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും സജീവമായിരുന്ന അഴിമതി ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ കുറവുണ്ട്. മുന്‍സര്‍ക്കാരിന്റെ കാലത്തുയര്‍ന്ന പല ആരോപണങ്ങളും പിന്നീട് അടിസ്ഥാനമില്ലാത്തതാണെന്നു തെളിഞ്ഞിരുന്നു എന്നതവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ അതുപോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനാകുന്നില്ല. ഇ പി ജയരാജനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ രാജി വെച്ചത് പ്രതിപക്ഷത്തിന് അടിയായി. അതുപോലെ ലൈംഗികാരോപണം വന്നപ്പോള്‍ മന്ത്രി രാജിവെച്ചതും പ്രതിപക്ഷം പ്രതീക്ഷിച്ചില്ല. സത്യത്തില്‍ രാജി വെക്കേണ്ട വിഷയമൊന്നും ഉണ്ടായിരുന്നില്ല. സരിതയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മറക്കാത്ത കേരളം സ്വാഭാവികമായും ശശീന്ദ്രന്റെ രാജിയെ സ്വാഗതം ചെയ്തു. സരിതയുമായി ബന്ധപ്പെട്ട മിക്കവാറും ആരോപണങ്ങള്‍ വ്യാജമായിരുന്നു എന്നത് വേറെ കാര്യം.
അഴിമതി കുറഞ്ഞതാണ് രാഷ്ട്രീയ സംസ്‌കാരത്തിന്റെ ശുദ്ധീകരണമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ അതിനേക്കാള്‍ മോശമായ അവസ്ഥയിലേക്കാണ് നമ്മുടെ രാഷ്ട്രീയസംസ്‌കാരം നീങ്ങുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഏതു വിഷയത്തേയും കക്ഷിരാഷ്ട്രീയ താല്‍പ്പര്യം മാത്രം വെച്ച് വിലയിരുത്തുന്ന നമ്മുടെ രീതി കൂടുതല്‍ ശക്തമാകുകയാണ്. അതാകട്ടെ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന അവസ്ഥയിലാണ്. സിപിഎം – ബിജെപി കൊലപാതകങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണെന്ന ഉത്തരവാദിത്തം ബിജെപി കാണിക്കാത്ത പോലെ കേരളം ഭരിക്കുന്ന പാര്‍ട്ടിയാണെന്ന ഉത്തരവാദിത്തം സിപിഎമ്മും കാണിക്കുന്നില്ല. ഈ രാഷ്ട്ീയസംസ്‌കാരത്തെ പിന്തുണക്കുന്ന നിലപാടാണ് മിക്കപ്പോഴും പിണറായിയുടേതും എന്നതാണ് ഖേദകരം. അതോടൊപ്പം സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളോടും അഭിപ്രായങ്ങളോടുമുള്ള അസഹിഷ്ണുതാ സംസ്‌കാരവുമാണ് ശക്തമാകുന്നത്. മന്ത്രിമാരായ മണി, സുധാകരന്‍, കടകംപള്ളി തുടങ്ങിയവരെല്ലാം പിന്തുടരുന്ന ശൈലിതന്നെ ഉദാഹരണം. തങ്ങള്‍ ഭരിക്കുമ്പോള്‍ സമരങ്ങളേ പാടില്ല എന്ന ശൈലി ജനാധിപത്യപരമല്ല.
നിരവധി നേട്ടങ്ങള്‍ മുഖ്യമന്ത്രി ഉയര്‍ത്തിപിടിക്കുമ്പോഴും ഏറ്റവും വിമര്‍ശനവിധേയമായ പോലീസിനെ കുറിച്ച് കാര്യമായൊന്നും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. പോലീസ് അതിക്രമങ്ങള്‍ ഏറെ വര്‍ദ്ധിച്ചതായി മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലേയന്‍സ് അതോറിട്ടിയും വരെ ചൂണ്ടികാട്ടി കഴിഞ്ഞു. ദശകങ്ങള്‍ക്കു മുമ്പു നടന്ന വര്‍ഗ്ഗീസ് വധത്തിനു ശേഷം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വ്യാജ ഏറ്റുമുട്ടല്‍ കൊലയും ഇവിടെ നടന്നു. പോലീസിനെ ജനാധിപത്യവല്‍ക്കരിക്കുന്നതിനു പകരം ആത്മവീര്യം കാത്തുസൂക്ഷിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടുതന്നെയാണ് അതിക്രമങ്ങള്‍ക്ക് വളം വെച്ചു കൊടുക്കുന്നത്.
ദേശീയപാതയടക്കം വന്‍കിട വികസനപദ്ധതികള്‍ക്കുള്ള തടസ്സങ്ങള്‍ കുറഞ്ഞെന്നു മുഖ്യമന്ത്രി പറയുന്നു. അദ്ദേഹം ഉദ്ദേശിക്കുന്ന പല പദ്ധതികളും ആവശ്യമുള്ളതാണോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഇപ്പോഴും സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ പരിഹാരം കൊടുക്കുന്ന സംസ്‌കാരം നമുക്കില്ല എന്നതാണ് വസ്തുത. വിഴിഞ്ഞം, ഐ ഒ സി പ്ലാന്റ്, ദേശീയപാത വികസനം തുടങ്ങി പല പദ്ധതികള്‍ക്കെതിരേയും ജനകീയ സമരങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ പരിസ്ഥിതി മലിനീകരണത്തിനെതിരേയും. ഈ സമരങ്ങളെ പക്ഷം മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നു സംശയമാണ്. അംഗീകൃത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്നവ ഒഴികെയുള്ള സമരങ്ങള്‍ക്ക് പ്രാധാന്യം കൊടു്കകരുതെന്നുപോലും സ്ഥാനമേറ്റ ഉടന്‍ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ വിവരാവകാശ നിയമത്തോടുള്ള നിഷേധാത്മക നിലപാട് ഇപ്പോഴും തുടരുകയാണല്ലോ.
കൈത്തറി കയര്‍ മേഖലയ്ക്ക് ഉണര്‍വേകി അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ മുന്നേറ്റം, 1900 കോടിയുടെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്തു. ക്ഷേമ പെന്‍ഷനായി 50 ലക്ഷത്തോളം പേര്‍ക്ക് 5100 കോടി വിതരണ ചെയതു., റയില്‍വേയുമായി ചേര്‍ന്ന് സംയുക്ത സംരഭം, വിമാന കമ്പനികളുമായി നടത്തിയ ചര്‍ച്ച നടത്തി; യാത്ര കൂലിയിലെ കൊള്ള അവസാനിപ്പിക്കാന്‍ ഇടപെടല്‍, കിഫ് ബി സംസ്ഥാനത്തിന് കുതിപ്പാകും, കശുവണ്ടി തൊഴിലാളികള്‍ക്ക് കൈതാങ്ങായി ഫാക്ടറികള്‍ തുറന്നു, തീരദേശ മേഖലക്ക് 6500 കോടി, മലയൊര ഹൈവേ യാഥാര്‍ഥ്യത്തിലേക്ക്, സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും. 1 – 12 ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കും. അക്കാദമിക് മികവ് പ്രധാനം, ആരോഗ്യരംഗത്ത് ആര്‍ദ്രം പധതി, ഭവനരഹിതരായ രണ്ടര ലക്ഷം പേര്‍ക്ക് വീട് ഫഌറ്റ് പദ്ധതി ഈ മാസം തുടങ്ങും, കേരള ബാങ്ക് ഉടന്‍., നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കും. ഒരു വര്‍ഷത്തിനിടെ 13 സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി, കൊച്ചി മെട്രോ, കണ്ണുര്‍ വിമാനത്താവളം ഉടന്‍ ഉദ്ഘാടനം. വിഴിഞ്ഞം പധതി മുന്നോട്ട്, ആദ്യത്തെ സമ്പുര്‍ണ വൈദ്യുതീകരണ സംസ്ഥാനം. പവര്‍കട്ടും ലോഡ് ഷെഡിങ്ങുമില്ലാത്ത സംസ്ഥനം, നിയമന രംഗത്തെ മരവിപ്പ് മാറ്റി, പി.എസ്.സി. വഴി മാത്രം 30.600 നിയമനങ്ങള്‍ നടത്തി എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍. അവയില്‍ കുറെയെല്ലാം ശരിയുമാണ്. അതിനാണല്ലോ ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ പല അവകാശവാദങ്ങളും പൊള്ളയാണ്. കേരളത്തിന്റെ ആരോഗ്യമേഖല അനുദിനം തകരുകയാണ്. പനി വന്നുപോലും മരിക്കുന്ന അവസ്ഥ ഒരു വശത്ത് സംജാതമാകുമ്പോള്‍ മറുവശത്ത് മരുന്നുകമ്പനികളുടേയും സ്വകാര്യ ആശുപത്രികളുടേയും കൊള്ള അഭംഗുരം തുടരുകയാണ്. സാമൂഹ്യമായ ശുചിത്വത്തില്‍ നമ്മുടെ സ്ഥാനം എത്രയോ പുറകിലാണിപ്പോഴും. ജീവിതചര്യരോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. മലയാളിയുടെ മാനസിക ആരോഗ്യവും ഉയര്‍ത്താനാവുന്നില്ല എന്ന് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ തെളിവ്. അതുപോലെ വിദ്യാഭ്യാസരംഗത്ത് ചില നടപടികളൊക്കെ ഉണ്ടെങ്കിലും അവയൊന്നും ലക്ഷ്യം നേടാന്‍ പര്യാപ്തമായിട്ടില്ല. ഉന്നതവിദ്യാഭ്യാസത്തില്‍ തൊടാന്‍ പോലും കഴിയുന്നുമില്ല. തട്ടിപ്പിന്റേയും നിലവാരമില്ലായ്മയുടേയും കേളീരംഗമാണത്.
മറ്റൊന്ന് എല്ലാവര്‍ക്കും വീടും ഫഌറ്റും പദ്ധതിയാണ്. കേരളത്തില്‍ വന്‍കിടക്കാര്‍ മാത്രം കൈവശം വെച്ചിരിക്കുന്ന ലക്ഷകണക്കിന് ഏക്കര്‍ ഭൂമിയുണ്ടെന്ന് രാജമാണിക്യം കമ്മീഷനടക്കം തെളിയിച്ചിട്ടും അവ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാതെ വീണ്ടും കോളനികള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. പൊതു സമൂഹത്തിന് ഇനിയുമത് ബോധ്യപ്പെട്ടോ എന്ന് സംശയമാണ്. ഈ കോളനികള്‍ ഏറെക്കുറെ പട്ടികജാതി കോളനികളാകുമെന്നതില്‍ സംശയം വേണ്ട. അവര്‍ക്ക് കൃഷിഭൂമിയാണ് കൊടുക്കേണ്ടത്. ആദിവാസി ഭൂപ്രശ്‌നവും ഇഴയുകയാണ്. കൂടാതെ മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എ്‌നനിവരുടെ ജീവിതവും പരമദയനീയമാണ്. മറുവശത്ത് കയ്യേറ്റക്കാരെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന പ്രതീതി ശക്തിയായി കഴിഞ്ഞു. വരും ദിവസങ്ങളില്‍ കേരളം നേരിടാന്‍ പോകുന്നതു ശക്തമായ ഭൂസമരങ്ങളായിരിക്കും എന്നതില്‍ സംശയം വേണ്ട.
സാമ്പത്തികരംഗത്തെ വെല്ലുവിളികളെ നേരിടാന്‍ കിഫ്ബിയും കേരളബാങ്കും കൊണ്ടുവരുമെന്ന അവകാശവാദം സംഭവിച്ചാല്‍ മാത്രമേ വിശ്വസിക്കാനാവൂ. നടന്നാല്‍ നല്ലതുതന്നെ. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാകുന്നു എന്നു പറയുമ്പോഴും കേരളം നേരിടുന്ന വ്യവസായിക – കാര്‍ഷിക – പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള പരിഹാരം മുന്നോട്ടുവെക്കാന്‍ ഇതുവരേയും ഈ സര്‍ക്കാരിനും ആയിട്ടില്ല. പശ്ചിമഘട്ടത്തയും പുഴകളേയും ജലാശയങ്ങളേയും രക്ഷിക്കാന്‍ ഇനിയും നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതുപോലെ മലയോര – തീരദേശ ഹൈവേകളാണോ വേണ്ടത് റേയില്‍വേ വികസനമാണോ വേണ്ടത് എന്നതും പ്രസക്തമായ ചോദ്യമാണ്. കേരളത്തിന് അനുയോജ്യം റെയില്‍ വേ വികസനമാണ്. കൂടെ ജലഗതാഗതവും. ആ ദിശയില്‍ കാര്യമായൊന്നും ചെയ്യാന്‍ സര്‍ക്കാരിനാകുന്നില്ല.
പ്രസക്തമായ മറ്റൊന്ന് എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്നു എന്ന പ്രതിപക്ഷ വിമര്‍ശനമാണ്. നമ്മുടെ മന്ത്രിമാരുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ അതില്‍ ശരിയുണ്ടെന്നു കരുതുന്നതില്‍ തെറ്റില്ല. കാനവും മറ്റും പുറത്ത് വലിയ വായില്‍ വര്‍ത്തമാനം പറയുമ്പോഴും സിപിഐ മന്ത്രിമാര്‍ പോലും മന്ത്രിസഭാ യോഗങ്ങളില്‍ നിശബ്ദരാണത്രെ. സ്വന്തം വകുപ്പിനെ കുറിച്ചുപോലും ജനങ്ങളോടു പറയാന്‍ അവര്‍ക്ക് വിലക്കുണ്ടെന്നു കേള്‍ക്കുന്നു. മാത്രമല്ല, പിണറായിയുടെ ഇമേജ് ഇപ്പോഴും പാര്‍ട്ടി നേതാവിന്റേതാണെന്നു പറയാതെ വയ്യ. വി എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിക്കുമൊക്കെ കുറച്ചൊക്കെ കഴിയുന്നപോലെ പാര്‍ട്ടി ഹാങ്ങ് ഓവര്‍ മാറ്റി, ജനകീയ മുഖ്യമന്ത്രിയാകാനുള്ള ശ്രമം പിണറായിയില്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ ഉപദേശകസംഘമാകട്ടെ താഴ്ന്ന നിലവാരത്തിലുള്ളതാണ്.
വാര്‍ഷികത്തോടനുബന്ധിച്ച് പിണറായിയെടുത്ത ഒരു തീരുമാനം മാത്രം മതി ഭാവിയെ കുറിച്ച് സൂചന നല്‍കാന്‍. അത് ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന ചെയര്‍മാനാക്കിയതാണ്. മുന്നോക്കമാണെങ്കില്‍ എന്തിനാണ് വികസനം എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. അഴിമതിക്ക് ശിക്ഷിക്കപ്പൈടുകയും ദശകങ്ങലോളം പരസ്പരം ചെളിവാരിയെറിയുകയും ചെയ്ത വ്യക്തിയാണല്ലോ പിള്ള. അതാകട്ടെ പിന്നോക്ക – പട്ടിക ജാതി വികസന കോര്‍പ്പറേഷനുകള്‍ക്കില്ലാത്ത കാമ്പിനറ്റ് പദവിയുമായി. അതിനുപരം ഗണേഷ് കുമാറിനു മന്ത്രി പദവി നല്‍കുകയാണ് ചെയ്തിരുന്നെങ്കില്‍ അതൊരു നല്ല സൂചനയാകുമായിരുന്നു…

 

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>