സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Fri, May 19th, 2017

പൊതുവിദ്യാലയങ്ങള്‍ നിലനില്‍ക്കണം.. പക്ഷെ..

Share This
Tags

edu

പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കുഞ്ഞുങ്ങളെ പൊതുവിദ്യാലയങ്ങളിലും മലയാളം മീഡിയത്തിലും ചേര്‍ക്കാനാവശ്യപ്പെട്ടുള്ള പ്രചരണം വ്യാപകമായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിതന്നെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. അടച്ചുപൂട്ടല്‍ ഭീഷണിയും തൊഴില്‍ പ്രതിസന്ധിയുമുണ്ടാകുമെന്ന ഭയത്താല്‍ അത്തരം സ്‌കൂളുകളിലെ അധ്യാപകരും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്ന സമീപനം അല്‍പ്പസ്വല്‍പ്പമൊക്കെ വര്‍ദ്ധിച്ചിരുന്നു. ഈ വര്‍ഷം അതിനേക്കാള്‍ അല്‍പ്പം കൂടി പുരോഗതി ഉണ്ടാകുമായിരിക്കാം. എന്നാല്‍ പൊതുവിദ്യാഭ്യാസം സംരക്ഷിക്കല്‍ എന്ന ലക്ഷ്യം എത്രയോ അകലെയാണ്. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വേണ്ടത്ര മുന്നോട്ടുപോയില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
നാല്‍പതിനായിരം കഌസ് മുറികളെ ഹൈടെക് ആക്കുക വഴി ഇന്ത്യയിലെ ആദ്യസമ്പൂര്‍ണ്ണ ഡിജിറ്റൈസ്ഡ് വിദ്യാഭ്യാസ മേഖലയാകുക എന്ന പ്രഖ്യാപനം കാര്യമായി മുന്നോട്ടു പോയിട്ടില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് വിവിധ ഭാഗങ്ങളുണ്ടെന്നാണ് പറഞ്ഞിരുന്നത്. 1) ഭൗതികമായ മാറ്റങ്ങള്‍ 2) അക്കാദമികമായ മാറ്റങ്ങള്‍ 3) ഭരണപരമായ മാറ്റങ്ങള്‍ 4) സാംസ്‌കാരികമായ മാറ്റങ്ങള്‍ . ഈ മാറ്റങ്ങള്‍ക്കു വേണ്ടി ബജറ്റില്‍ രണ്ടായിരം കോടി രൂപയിലധികം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിന് രൂപരേഖ – മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ പോലും മിക്ക സ്ഥലത്തും നടന്നിട്ടില്ല. അധ്യാപകരെ മാറ്റത്തിനനുസരിച്ച് പരിശീലിപ്പിക്കുക എന്നതും മുന്നോട്ടുപോയിട്ടില്ല എന്ന വിമര്‍ശനമുണ്ട്. ഒരിക്കലും പഠിക്കാനോ സ്വയം മാറാനോ തയ്യാറാവാത്ത വിഭാഗമാണല്ലോ അധ്യാപകര്‍.
തീര്‍ച്ചയായും കേരളത്തിലെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ എന്തുകൊണ്ടതു തകര്‍ന്നു എന്ന പരിശോധന നടത്തിയാണോ അതിനു ശ്രമിക്കുന്നത്? അതിനു ശ്രമിക്കാതെ ഭൂതകാലത്തെ ഉദാത്തവല്‍ക്കരിക്കുകയാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊക്കെ ശ്രമിക്കുന്നത്. 1957 ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളാണ് ആധുനിക കേരളം കെട്ടിപ്പടുക്കാന്‍ അടിത്തറയിട്ടതെന്നും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളം സാമൂഹിക വികസനത്തില്‍ പ്രസിദ്ധമായെന്നും അങ്ങനെയാണ് അനന്യമായ കേരളവികസന മാതൃക വളര്‍ന്നു വന്നതെന്നും പൊതുവില്‍ നാം അവകാശപ്പെടുന്നു. എന്നാല്‍ അത്തരത്തില്‍ രൂപപ്പെട്ട വികസനമാതൃക എത്രയോ പൊള്ളയാണെന്ന് എത്രപെട്ടെന്ന് ബോധ്യപ്പെട്ടു. ഗള്‍ഫ് പണം മൂലം മാത്രമാണ് കേരളം പിടിച്ചുനിന്നതെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. കേരളമോഡല്‍ പൊള്ളയാണെന്നും അത് പൊളിച്ചെഴുതണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമാകുകയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍ പ്രാഥമികതലത്തിലും സാക്ഷരതാതലത്തിലും മാത്രമേ അതിനു മേന്മയുള്ളു. ഉന്നതവിദ്യാഭ്യാസത്തില്‍ നാം എത്രയോ പുറകിലാണ്. അതിനുളള കാരണം പഠിക്കാതേയും ഉത്തരവാദിത്തം ഏറ്റെടുക്കാതേയും നവലിബറല്‍ നയങ്ങളുടെ വരവിനെത്തുടര്‍ന്ന് വിദ്യാഭ്യാസ സങ്കല്പത്തില്‍ കച്ചവടവല്‍ക്കരണവും വര്‍ഗ്ഗീയവല്‍ക്കരണവും കടന്നുകയറിയെന്നും തല്‍ഫലമായി പൊതുവിദ്യാഭ്യാസത്തിന് മങ്ങലേറ്റുവെന്നുമാണ് വളരെ ലളിതമായി തികച്ചും ഉത്തരവാദിത്ത രഹിതമായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കേരളത്തിന്റെ ഗതകാല പ്രതാപം (?) വീണ്ടെടുക്കുവാന്‍ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തണം. അതിനാണ് ഈ യജ്ഞമെന്നും വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും അവകാശപ്പെടുന്നതു കാണുമ്പോള്‍ ചിരി വരുന്നത് സ്വാഭാവികം.
ആധുനിക കാലം ആവശ്യപ്പെടുന്നതിനനുസരിച്ച് മാറാന്‍ കഴിയാത്തതാണ് നമ്മുടെ വിദ്യാഭ്യാസമേഖലയെ തകര്‍ത്തത് എന്നതാണ് മറച്ചുവെക്കുന്നത്. വേതനവര്‍ദ്ധനവില്‍ മാത്രം താല്‍പ്പര്യമുള്ള അധ്യാപകരും കക്ഷിരാഷ്ട്രീയത്തിനായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥിസംഘടനകളുമാണ് ഇക്കാര്യത്തില്‍ പ്രധാന ഉത്തരവാദികള്‍. അതിനാലാണ് രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ ഇവ രണ്ടും ബാധിക്കാത്ത, എന്നാല്‍ പീഡനത്തിന്റെ കേന്ദ്രങ്ങളായ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്കു വിട്ട് അവരുടെ ബാല്യവും കൗമാരവുമെല്ലാം നഷ്ടപ്പെടുത്തുന്നത്. ആദ്യം അണ്‍ എയ്ഡഡ് സ്‌കൂളുകളും പിന്നീട് സ്വാശ്രയ കോളേജുകളും വ്യാപകമായിതിലുള്ള ഉത്തരവാദിത്തം വിദ്യാഭ്യാസകച്ചവടക്കാരില്‍ ചാര്‍ത്തുന്നതില്‍ എന്തര്‍ത്ഥം? കച്ചവടക്കാര്‍ ബലമായൊന്നും കുട്ടികളെപിടിച്ചു കൊണ്ടുപോകുന്നില്ലല്ലോ. രാഷ്ട്രീയനേതാക്കളുടേയും അധ്യാപകരുടേയും എഴുത്തുകാരുടേയുമൊക്കെ മക്കള്‍ പോലും അവിടങ്ങളില്‍ എത്തിയതെങ്ങിനെയാണ്? തങ്ങളുടെ വിദ്യാഭ്യാസകാലം ആഘോഷിച്ച ഇവരെല്ലാം കുട്ടികളെ തടവറകളിലേക്ക് തള്ളിവിട്ട് ആശ്വാസം കൊള്ളുന്ന അവസ്ഥയിലേക്ക് പ്രബുദ്ധ കേരളം മാറിയതാണ് പ്രശ്‌നം. ആ തടവറകളില്‍ നടക്കുന്നതെന്താണെന്ന് ഇപ്പോള്‍ പുറത്തുവരുകയാണല്ലോ. അപ്പോള്‍ പോലും വയെ നിയന്ത്രിക്കാനുള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ട് സര്‍ക്കാരിനില്ല എന്നു വരുന്നു, അല്ലെങ്കിലവരത് പ്രയോഗിക്കുന്നില്ല. ഇപ്പോള്‍ പറയുന്നു കുറെ അണ്‍ എയ്ഡഡ്് സ്ഥാപനങ്ങള്‍ പൂട്ടുകയാണെന്ന്. ഓരോവര്‍ഷവും പൊതുവിദ്യാലയങ്ങളില്‍ 10% കുട്ടികളുടെ വര്‍ധനയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത അധ്യയനവര്‍ഷം 33,000 കുട്ടികളെ പൊതുവിദ്യാലയങ്ങളിലെത്തിക്കാനാണു നീക്കം. അഞ്ചുവര്‍ഷം കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുക. ലക്ഷ്യം നേടണമെങ്കില്‍, ഒരുകാരണവശാലും പുതിയ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കരുതെന്നു വിദ്യാഭ്യാസവകുപ്പ് ശിപാര്‍ശചെയ്തു. അങ്ങനെയല്ല, മത്സരിച്ച് ഗുണമേന്മ നേടിയാണ് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടത്. അണ്‍ എയ്ഡഡിനേക്കാള്‍ എത്രയോ മടങ്ങ് വേതനം വാങ്ങുന്ന അധ്യാപകരല്ലേ അവിടയുള്ളത്. അവരെ കൊണ്ട് ആത്മാര്‍ത്ഥമായി പണിയെടുപ്പിച്ചാല്‍ മാത്രം മതി, പ്രശ്‌നം പരിഹരിക്കാന്‍. മാത്രമല്ല ഒരു കുട്ടി മാത്രമേയുള്ളു എങ്കിലും സ്‌കൂളുകള്‍ പൂട്ടില്ല എന്ന സമീപനത്തില്‍ എന്തര്‍ത്ഥമാണുള്ളത്? കുട്ടികളുടെ എണ്ണം കൂടുമ്പോള്‍ സ്‌കൂളുകളുടെ എണ്ണം കൂടുന്നപോലെ കുറയുമ്പോള്‍ സ്‌കൂളുകളുടെ എണ്ണവും കുറയു. അത് സ്വാഭാവികമാണ്. എണ്ണത്തില്ലല്ലോ, ഗുണനിലവാരത്തിലാണല്ലോ ശ്രദ്ധിക്കേണ്ടത്. ഉദാഹരണമായി വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം നാട് തൃശൂരിലെ പ്രസിദ്ധമായ മോഡല്‍ ബോയ്‌സ് ഗവ സ്‌കൂള്‍ തന്നെ സാക്ഷ്യം. അരനൂറ്റാണ്ടായി അവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. അന്ന് അഞ്ചാം ക്ലാസ്സിലേക്ക് എന്‍ട്രന്‍സ് പരീക്ഷ നടത്തിയായിരുന്നു കുട്ടികളെ ചേര്‍ത്തിയിരുന്നത്. ഇന്നവിടെ ഓരോ ക്ലാസ്സിലേക്കും പത്തു കുട്ടികളെ പോലും ലഭിക്കുന്നില്ല. ആര്‍ക്കുവേണ്ടിയാണ് ആ സ്‌കൂള്‍ നിലനിര്‍ത്തേണ്ടത്? ആരുടെയെങ്കിലും ഗൃഹാതുരത്വത്തിനോ പ്രത്യയശാസ്ത്രത്തിനോ വേണ്ടിയോ? തൃശൂര്‍ നഗരത്തില്‍ നിരവധി സ്‌കൂളുകളുള്ളതിനാല്‍ ആരുടേയും പഠനം തടസ്സപ്പെടില്ല. സമീപത്ത് പഠനസൗകര്യങ്ങളില്ലെങ്കില്‍ ഇത്തരം സ്‌കൂളുകള്‍ നിലനിര്‍ത്തി നിലവാരം മെച്ചപ്പെടുത്തണം എന്നതു ശരി.
മറ്റൊന്ന് മലയാളഭാഷയേയും സംസ്‌കാരത്തേയും കുറിച്ച് അനാവശ്യമായ ഊറ്റം കൊള്ളല്‍ അവസാനിപ്പിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസനയമാണ് ആവിഷ്‌കരിക്കേണ്ടത്. അവിടെ ഇംഗ്ലീഷിന്റെ പ്രാധാന്യം ഇടിച്ചുകാണിക്കേണ്ടതുമില്ല. പൊതുവിദ്യാലയത്തേയും മലയാളം മീഡിയത്തേയും കൂട്ടിക്കെട്ടരുത്. എന്തൊക്കെ പറഞ്ഞാലും ആധുനികകാല സാങ്കേതിക വികാസങ്ങള്‍ ഉള്‍ക്കൊള്ളാനും തൊഴില്‍ മേഖലയില്‍ മത്സരിച്ച് വിജയിക്കാനും മികച്ച ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. അണ്‍ എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന സമ്പന്നരുടെ മക്കള്‍ ഇംഗ്ലീഷ് മീഡിയത്തിലെ പഠിക്കൂ. പൊതുവിദ്യാലയങ്ങളില്‍ മലയാളം മീഡിയം നിര്‍ബന്ധിക്കുകവഴി പാവപ്പെട്ടവരുടെ മക്കളുടെ ഭാവിയെയാണ് ബാധിക്കുക. എല്ലാ മേഖലയേയും പോലെ ഭാഷമൗലികവാദവും നന്നല്ല. പൊതുമേഖലയെ കുറിച്ചും ഭാഷയെ കുറിച്ചുമെല്ലാമുള്ള നമ്മുടെ ഗൃഹാതുര രാഷ്ട്രീയമല്ല പ്രധാനം. കാലത്തിനനുസരിച്ച് മാറുന്നതാണ്.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>