സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Sat, May 13th, 2017

മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ അപകടകാരികള്‍

Share This
Tags

cbഹരികുമാര്‍

കേരളത്തില്‍ ബിജെപി മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയമിക്കാന്‍ പോകുന്നതായി വാര്‍ത്ത കണ്ടു. ലോകസഭാ വരുന്ന തെരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകള്‍ നേടുക എന്ന സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. അതിന്റെ ഭാഗമായാണ് പുതിയ നീക്കം. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് ഉറപ്പായും വേതനവും മറ്റും കൊടുക്കാതെ പറ്റില്ലല്ലോ. അതായത് വേതനം വാങ്ങിയുള്ള തൊഴിലായി പാര്‍ട്ടി പ്രവര്‍ത്തനം മാറുന്നു എന്നര്‍ത്ഥം.
അലവന്‍സ് നല്‍കി മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനം കേരളത്തില്‍ പുതിയ സംഭവമൊന്നുമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരെ വേതനം നല്‍കി നിയമിക്കാറുള്ളത്. വിപ്ലവം തൊഴിലാക്കിയവര്‍ എന്ന പഴയ കമ്യൂണിസ്റ്റ് സങ്കല്‍പ്പത്തിന്റെ ഭാഗമായാണത്. വിപ്ലവകാലഘട്ടത്തില്‍ അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടി, വിപ്ലവം തൊഴിലാക്കിയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാര്‍ തുടങ്ങിയ ആശയങ്ങള്‍ കടന്നു വന്നത് മനസ്സിലാക്കാം. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് എന്തിനാണ് രാഷ്ട്രീയ പ്രവര്‍ത്തനം തൊഴിലാക്കിയവര്‍ എന്ന ചോദ്യമാണ് പ്രസക്തം. കുറെപേര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി സമൂഹത്തെ നയിക്കുന്നതല്ലല്ലോ ജനാധിപത്യം. എല്ലാവരും രാഷ്ട്രീയപ്രവര്‍ത്തകരാകുകയാണ് വേണ്ടത്. ജീവിക്കാനുള്ള പണമുണ്ടാക്കേണ്ടത് തൊഴിലെടുത്താണ്. രാഷ്ട്രീയ പ്രവര്‍ത്തന്തതില്‍ നിന്നല്ല.
അധികാരത്തെ പൂര്‍ണ്ണമായും ജനങ്ങളിലെത്തിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനലക്ഷ്യം. ആ ലക്ഷ്യത്തിന്റെ അടുത്തൊന്നും നാമെത്തിയിട്ടില്ല. എങ്കിലും ജനപ്രതിനിധികളിലേക്ക് ഒരുപരിധി വരെ അധികാരമെത്തിയിട്ടുണ്ട്. അപ്പോഴും അവര്‍ ജനവിരുദ്ധരും അഴിമതിക്കാരുമാകുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് അവരില്‍ നിയന്ത്രണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. കോര്‍പ്പറേറ്റുകള്‍ പല രീതിയിലും ജനാധിപത്യസംവിധാനത്തെ കൈപിടിയിലാക്കുന്നു. വര്‍ഗ്ഗീയവികാരങ്ങളും ജനാധിപത്യത്തിന്റെ അന്തസത്ത തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതെല്ലാം മറികടന്ന് ജനാധിപത്യത്തെ കൂടുതല്‍ സമ്പുഷ്ടമാക്കാനും അധികാരത്തെ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളിലെത്തിക്കാനുമുള്ള അന്വേഷണങ്ങളാണ് ലോകമെങ്ങും നടക്കുന്നത്. അതിനിടയിലാണ് രാഷ്ട്രീയപ്രവര്‍ത്തനം തൊഴിലാക്കിയവരെന്ന ജനാധിപത്യവിരുദ്ധസംവിധാനത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നത്. മുഴുവന്‍ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനുപകരം കുറച്ചുപേര്‍ക്ക് അത് വേതനം നല്‍കുന്ന തൊഴിലാക്കിമാറ്റുന്നത്.
തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയില്‍ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ല. അതുവഴി ഇവരില്‍ വളരുന്നത് ഫാസിസ്റ്റ് പ്രവണതകളും അഴിമതിയുമാണ്. ഒപ്പം മറ്റുള്ളവരെ അരാഷ്ട്രീയക്കാരാക്കാനുമാണ് അത് സഹായിക്കുക. രാഷ്ട്രീയം തൊഴിലാക്കിയവരുള്ളപ്പോള്‍ തങ്ങള്‍ക്കതിന്റെ ആവശ്യമെന്ത് എന്ന ചോദ്യം സ്വാഭാവികമാണല്ലോ. അതല്ല ജനാധിപത്യത്തിനാവശ്യം. എല്ലാവരും ജനാധിപത്യപ്രക്രിയകളില്‍ സജീവപങ്കാളികളാകുകയാണ്.
കേരളത്തിന്റെ പ്രത്യക സാഹചര്യത്തില്‍ ഈ നീക്കം കൂടുതല്‍ അപകടകരമാണ്. പരസ്പരം കൊന്നൊടുക്കുന്ന ഇരുവിഭാഗങ്ങളാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നത് എന്നതാണത്. ഇരുവിഭാഗങ്ങളും തികച്ചും വ്യത്യസ്ഥമായ രാഷ്ട്രീയത്തിനുടമകളാണ്. ഒരു കൂട്ടര്‍ ഹൈന്ദവരാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ പ്രതിനിധികളാണ് തങ്ങളെന്നവകാശപ്പെടുകയും ചെയ്യുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിനായി നിലകൊള്ളുകയും അതിന്റെ പ്രതിനിധികളാണ് തങ്ങളെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതായത് സത്യസന്ധമായി പറഞ്ഞാല്‍ ഇരുകൂട്ടരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നത് സര്‍വ്വാധിപത്യത്തിലാണ്. തല്‍ക്കാലം അതിനു കഴിയാത്തതിനാല്‍ ജനാധിപത്യത്തില്‍ പങ്കെടുക്കുന്നു എന്നു മാത്രം. കഴിയുന്നിടത്ത് പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കുന്നതും സ്വാഭാവികം. അതിനാല്‍ തന്നെയാണ് ഇരു കൂട്ടരും പരസ്പരം കൊന്നൊടുക്കുന്നതും വേണ്ടി വന്നാല്‍ പരസ്പരം പാര്‍ട്ടി മാറുന്നതും. തലേ ദിവസം വരെ ബദ്ധശത്രുക്കളായിരുന്നവര്‍ പാര്‍ട്ടി മാറി വരുമ്പോള്‍ നല്‍കുന്ന സ്വീകരണം നോക്കുക. ഇത്തരം സാഹചര്യത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ കൂടുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുക.

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>