സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Tue, Jan 31st, 2017

ഈ സമരത്തിന്റെ പാരാജയം കേരളീയ രാഷ്ട്രീയ സമൂഹത്തിന്റെത്

Share This
Tags

LLLടി എന്‍ പ്രസന്നകുമാര്‍

ജാതി അധിക്ഷേപങ്ങളും, നിയമവിരുദ്ധ ഭൂമി ഇടപാടുകളും, പെണ്‍കുട്ടികള്‍ക്കു നേരെ നടന്ന അപമാനങ്ങളും, സ്വജനപക്ഷപാതങ്ങളുമൊന്നും പാര്‍ട്ടി സെക്രട്ടറിക്കും അതിന്റെ പ്രാക്തന സംഘബോധത്തിനും സാമൂഹ്യപ്രശ്‌നമാകാത്തത് അഴിമതിയിലൂടെയും ഹിംസയിലൂടെയും ദുരധികാരത്തിലൂടെയും ഒത്തുതീര്‍പ്പുകളിലൂടെയും പേശിബലത്തിന്റെ ശബ്ദാവലിയിലൂടെയും മൂന്നോ നാലോ ദശകങ്ങളായി സി.പി.എം. കെട്ടിപ്പടുത്ത സാമ്പത്തിക സാമ്രാജ്യത്തിന്റെ താല്‍പര്യങ്ങളും അതിന്റെ നടത്തിപ്പുകാരുടെയും ചെറിയ കണ്ണികളാണ് മറുവശത്തുള്ളത് എന്നതുകൊണ്ടാണ്. ഒരിക്കല്‍ ആത്മബോധത്തോടെ നിവര്‍ന്നുനില്‍ക്കാന്‍ കേരളീയര്‍ക്ക് പ്രചോദനമായ അതേ പാര്‍ട്ടിതന്നെയാണ് അതൊരിക്കല്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ച ജാതിയതയുടെയും മാടമ്പിത്തരത്തിന്റെയും ഹുങ്കിനെ നിലനിര്‍ത്താന്‍ ഇന്ന് അതിന്റെ ചാനലും അധികാരവും ഉപയോഗിക്കുന്നത്.
നിങ്ങള്‍ ആരുടെ പക്ഷത്താണ് എന്ന് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ സമൂഹത്തോട് വ്യക്തമായി ചോദിക്കുന്ന സന്ദര്‍ഭത്തിലാണ് ചില ‘നിഷ്പക്ഷ’ രാഷ്ട്രീയ നിരീക്ഷകവേഷങ്ങള്‍ ‘കേരളത്തിന്റെ സാംസ്‌കാരിക മേഖലയിലേക്ക് പുതിയ രുചികൂട്ടുകള്‍ അവതരിപ്പിച്ച അത്യുന്നതയായ ആദരിക്കേണ്ട വ്യക്തിത്വത്തിനുടമയാണ് ലക്ഷ്മിനായരെന്ന്’ ചാനലില്‍ വന്നിരുന്ന് അലമറയിടുന്നത്. ഭൂമികയ്യേറ്റത്തിലോ, രാഷ്ട്രീയകൊലകളിലോ, അഴിമതിയിലോ പാര്‍ട്ടി പ്രതിസ്ഥാനത്ത് വരുമ്പോള്‍ മാത്രമാണ് ‘വെണ്ണയില്‍ കുടുങ്ങിയ നൂല് വലിച്ചെടുക്കുന്ന പോലെ’ ഇടപെടേണ്ടതാണിതെന്ന സൂക്ഷ്മതരാഷ്ട്രീയം പാര്‍ട്ടി ചാനലിലെ അവതാരകനുപോലും ഓര്‍മ്മവരുക. അപ്പോള്‍ മാത്രമാണ് സമരത്തിന്റെ മറവില്‍ വളരുന്ന ഹിന്ദുത്വശക്തികളെക്കുറിച്ച് പാര്‍ട്ടി ബുദ്ധിജീവിക്കും ബോധോദയം ഉണ്ടാവുക. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള നീതി നിഷേധങ്ങളുടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയവഴി വിദ്യാര്‍ത്ഥികള്‍ പുറത്തുകൊണ്ടുവന്നിട്ടും, നെഹ്‌റു കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലെ ഇടിമുറിയിലെ പീഢനങ്ങളേറ്റ് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ടും ആത്മഹത്യാ പ്രേരണാ കുറ്റത്തിനുപോലും ഒരാളും ഇതുവരെ അറസ്റ്റിലായിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയുടെ നാവില്‍ നിന്ന് ആര്‍ജവുമുള്ള ഒരു വാക്കുപോലും പുറത്തുവന്നിട്ടില്ല. പ്രൊഫസറുടെ ‘അഴിമതിരഹിത ഇമേജ്’ പോലും പാര്‍ട്ടിയുടെ ദുരധികാരത്തിനുവേണ്ടിയുള്ള മുതല്‍കൂട്ടാണ്.
പാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന വിദ്യാര്‍ത്ഥി സംഘങ്ങള്‍ക്കുപുറത്ത് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ നേരിട്ട അപമാനങ്ങള്‍ക്കെതിരെ ഒരൊറ്റ ഐക്യമുന്നണിയാകുകയും നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഒത്തുതീര്‍പ്പുകള്‍ക്ക് തങ്ങളെ സ്വയം എറിഞ്ഞുകൊടുക്കാതെ അനുഭവങ്ങള്‍ വിളിച്ചുപറയുകയും ചെയ്യുന്നു എന്നതാണ് ഈ സമരത്തിന്റെ പുതുമ. ഒരു രാഷ്ട്രീയ സംഘനകളിലും പെടാത്ത പെണ്‍കുട്ടികള്‍ ചാനലില്‍ വന്നിരുന്ന് രാഷ്ട്രീയം പറയുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ഈ സമരത്തിന്റെ പ്രതീക്ഷയും അതാണ്. ഒരു പുതിയ ഒരുമയെയും പുതിയ കര്‍ത്യത്വത്തെയും അത് നിര്‍മ്മിക്കുന്നുണ്ട്. പക്ഷേ, കക്ഷിരാഷ്ട്രീയ ഹിതങ്ങളെയും, രാഷ്ട്രീയ കുതന്ത്രങ്ങളെയും, മാനേജ്‌മെന്റിന്റെ കല്‍പ്പനകളെയും സമ്മര്‍ദ്ദതന്ത്രങ്ങളെയും എത്രനാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറികടക്കാനാകുമെന്ന് അറിയില്ല. കേരളത്തിലെ കക്ഷിരാഷ്ട്രീയ വഞ്ചനകളുടെ സംസ്‌കാരത്തെ ഭേദിച്ചുകൊണ്ട് അവര്‍ക്ക് അധികംദൂരം മുന്നോട്ടുപോകാനാകില്ല.
വലിയ രാഷ്ട്രീയ ധാര്‍മ്മികതകള്‍ പ്രതീക്ഷിക്കാന്‍ മാത്രം ഒരു സമൂഹമെന്ന നിലയില്‍ നാം വളര്‍ന്നവരല്ല. അതുകൊണ്ട് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കലോ, ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കലോ ഉണ്ടാക്കാകില്ലെന്ന് ഉറപ്പ്. പക്ഷേ, പ്രിന്‍സിപ്പാള്‍ രാജിവെക്കാതെ സമരത്തില്‍നിന്ന് പിന്‍വാങ്ങില്ലെന്ന ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ തീരുമാനം ആത്മാഭിമാനമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന് എടുക്കാവുന്ന ഏറ്റവും മിനിമം തീരുമാനമാണ്. അങ്ങനെയല്ലാതെ ഈ സമരം പരാജയപ്പെടുന്നെങ്കില്‍ അത് കേരളീയ രാഷ്ട്രീയ സമൂഹത്തിന്റെ, വ്യക്തിപരമായി നമ്മുടെതന്നെ പരാജയമായി എടുക്കുക.

ഫേസ് ബുക്ക് പോസ്റ്റ്

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>