സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Mon, Jan 30th, 2017

അഗ്‌നിപരീക്ഷ; രാഹുലിനു വിജയം അനിവാര്യം

Share This
Tags

rrജിനേഷ് പൂനത്ത്

അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാകും കൂടുതല്‍ വെല്ലുവിളിയാകുക.
നോട്ട് നിരോധനമടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുടെ വിലയിരുത്തല്‍കൂടിയാകും തെരഞ്ഞെടുപ്പ് ഫലം. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ പ്രതിപക്ഷനിര എത്രമാത്രം കരുത്താര്‍ജിച്ചെന്ന സൂചനകൂടിയായി ജനവിധി മാറും.
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയും തെരഞ്ഞെടുപ്പ് നിശ്ചയിക്കും. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ തയാറായി നില്‍ക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അധ്യക്ഷ സ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന മുറവിളി ഉയര്‍ന്നിരുന്നെങ്കിലും യു.പി.എ. കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണു രാഹുല്‍ മാറിനിന്നത്. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നാല്‍ തന്റെ പരാജയമായി വിലയിരുത്തപ്പെടുമെന്നു മുന്‍കൂട്ടികണ്ടാണ് അദ്ദേഹം പിന്‍വാങ്ങിയത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധി അസുഖ ബാധിതയായി സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നു മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുലിനു പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേ മതിയാകൂ. രാഹുല്‍ തീരുമാനിക്കുന്ന ഏത് നിമിഷവും അധികാരകൈമാറ്റത്തിനു വേദിയൊരുക്കാന്‍ സോണിയയും പാര്‍ട്ടിയും തയാറാണ്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയില്‍ സ്ഥാനമേല്‍ക്കണമെന്നാണു രാഹുലിന്റെ ആഗ്രഹം.
ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിക്ക് ഉത്തേജനം നല്‍കാന്‍ പ്രാദേശിക പാര്‍ട്ടിയായ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തിനു സാധിക്കുമെന്നാണു രാഹുലിന്റെ പ്രതീക്ഷ. മുസ്ലിം, ദളിത്, യാദവ വോട്ടുകള്‍ സഖ്യത്തിന്റെ പിന്‍ബലത്തില്‍ പെട്ടിയിലാക്കാന്‍ സാധിക്കുമെന്നും ഈ സാഹചര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം അധികാരം പങ്കിടാന്‍ സാധിക്കുമെന്നും രാഹുല്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം കണക്കാക്കിയാലും രാഹുലിനു പ്രതീക്ഷയ്ക്കു വകയുണ്ട്. സഖ്യ പരീക്ഷണം വിജയമായാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനിരയുടെ നേതൃസ്ഥാനവും കോണ്‍ഗ്രസിനെത്തേടിയെത്തും.
അതേസമയം, രാഹുലിന്റേയും സോണിയയുടേയും മണ്ഡലങ്ങളായ അമേത്തിയും റായ്ബലേറിയും ഉള്‍പ്പെട്ട നിമസഭാ മണ്ഡലങ്ങളില്‍ സീറ്റ് വിഭജനത്തില്‍ എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന് അന്തിമ തീരുമാനത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല.
സഹോദരി പ്രിയങ്കയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
തെരഞ്ഞെടുപ്പ് പര്യടനത്തിനും സഖ്യചര്‍ച്ചകള്‍ക്കും പ്രിയങ്ക സജീവമായി രംഗത്തിറങ്ങുെന്നന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഉപദേശക സംഘത്തിലടക്കം യുവാക്കള്‍ക്കു പ്രാധാന്യം നല്‍കി തീരുമാനങ്ങള്‍െൈ കാള്ളുന്ന രാഹുലിനോട് മുതിര്‍ന്ന നേതാക്കള്‍ക്ക് രൂക്ഷമായ എതിര്‍പ്പുണ്ട്. പാര്‍ട്ടിയെ പ്രിയങ്ക നയിക്കണമെന്ന താല്‍പ്പര്യമാണ് അവര്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ പ്രിയങ്ക പ്രചാരണത്തിന്റെ മുഖ്യആകര്‍ഷണമായാല്‍ രാഹുലിനു ദോഷമാകും. രാഹുലിനെ മറികടന്നു പ്രിയങ്ക രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് സോണിയയ്ക്കും താല്‍പ്പര്യമില്ല. ഈ സാഹചര്യത്തില്‍ പ്രിയങ്കയുടെ പ്രചാരണം ഏതാനും മണ്ഡലങ്ങളില്‍ മാത്രം ഒതുങ്ങുമെന്നാണു സൂചന. ഡിംപിള്‍ യാദവുമൊത്ത് വേദി പങ്കിടുന്ന തരത്തിലും പ്രചാരണ പരിപാടികള്‍ തയാറാക്കിയിട്ടുണ്ട്.
നിലവില്‍ 28 സീറ്റ് മാത്രമുള്ള ഉത്തര്‍പ്രദേശില്‍ നിലമെച്ചപ്പെടുത്തി ഭരണ പങ്കാളിയാകാന്‍ സാധിക്കുമെന്നു കണക്കുകൂട്ടുമ്പോള്‍ തന്നെ പഞ്ചാബില്‍ തനിച്ച് അധികാരത്തിലെത്താന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിന് അവധി നല്‍കി രാഹുല്‍ തുടര്‍ദിവസങ്ങളില്‍ പഞ്ചാബിലും ശ്രദ്ധ കേന്ദ്രീകരിക്കും. അഞ്ച് വര്‍ഷംവീതം അകാലിദള്‍ ബി.ജെ.പി സഖ്യവും കോണ്‍ഗ്രസും അധികാരം പങ്കിടുന്ന രീതിക്കു കഴിഞ്ഞ തവണ മാറ്റംവന്നു. അകാലിദള്‍ സഖ്യം മികച്ച ഭൂരിപക്ഷത്തോടെയാണു കഴിഞ്ഞ തവണ അധികാരം നിലനിര്‍ത്തിയത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം അതിശക്തമാണെന്നതിനാല്‍ കോണ്‍ഗ്രസ് ഇവിടെ വിജയം ഉറപ്പിക്കുന്നു. എന്നാല്‍ ശക്തമായ സാന്നിദ്ധ്യമായി മാറിയ ആം ആദ്മി പാര്‍ട്ടി എത്ര ശതമാനം വോട്ട് നേടുമെന്നത് കോണ്‍ഗ്രസിന്റെ വിജയത്തെ സ്വാധീനിക്കുന്ന ഘടകവുമാണ്.
പരമ്പരാഗത കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോഴും നുഴഞ്ഞുകയറാന്‍ സാധിച്ചിട്ടില്ല. അകാലിദള്‍ സഖ്യത്തിന്റെ അഴിമതി അടക്കമുള്ളവ പ്രധാന പ്രചാരണമാക്കി മാറ്റിയ ആപ്പിന് അകാലിദളിനു സ്വാധീനമുള്ള മേഖലയിലാണു ശക്തിയെന്നത് കോണ്‍ഗ്രസിന് ആശ്വാസം പകരുന്നുണ്ട്.
ബി.ജെ.പിയില്‍നിന്നു കൂടുമാറിയെത്തിയ ക്രിക്കറ്റര്‍ നവജ്യോത്‌സിങ് സിദ്ദുവും കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ അമരിന്ദര്‍സിങ്ങും തമ്മില്‍ അധികാര വടംവലിയുണ്ടാകുമെന്നും വിമത നീക്കങ്ങള്‍ ശക്തമാകുമെന്നുമുള്ള പ്രചാരണം പഞ്ചാബില്‍ സജീവമായിരുന്നു. രാഹുല്‍ തന്നെ അമരിന്ദര്‍സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഇതു പൊളിഞ്ഞു.
രാഷ്ട്രീയ നാടകങ്ങള്‍ പലവട്ടം വേദിയായ ഉത്തരാഖണ്ഡില്‍ ഭരണത്തുടര്‍ച്ച നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പായ സ്ഥിതിക്കു രാഹുലിനു പഞ്ചാബിലേയും ഉത്തര്‍പ്രദേശിലേയും മിന്നും വിജയം അനിവാര്യമാണ്.
ഗോവയില്‍ ഫോട്ടോഫിനിഷാണു പലനേതാക്കളും പ്രവചിക്കുന്നത്. മണിപ്പുരില്‍ കോണ്‍ഗ്രസ് ആധിപത്യത്തിനു ഭീഷണിയില്ലെന്നാണു നേതാക്കളുടെ വിലയിരുത്തല്‍. ഇവിടുത്തെ സമവാക്യങ്ങള്‍ പാര്‍ട്ടി നേതാവ് കൂടിയായ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ് അനുകൂലമാക്കിയിട്ടുണ്ടെന്നു കോണ്‍ഗ്രസ് കരുതുന്നു.
തന്റെ അധികാര മേല്‍ക്കോയ്മ ചോദ്യംചെയ്യപ്പെടാതിരിക്കണമെങ്കിലും തെരഞ്ഞെടുപ്പിനുശേഷം എ.ഐ.സി.സി സമ്മേളനം വിളിച്ചുചേര്‍ത്ത് ആവേശകരമായ അന്തരീക്ഷത്തില്‍ അധികാര മാറ്റം ഉറപ്പാക്കണമെങ്കിലും രാഹുലിനു വിജയം അനിവാര്യം.

മംഗളം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>