സിസി ടിവി, മൊബൈല്‍ ജാമര്‍, വാക്കി ടോക്കി, ഹിഡന്‍ ക്യാമറ തുടങ്ങിയവ വാടകക്കും വില്പനക്കും. പൂനം റഹിം, തൃശൂര്‍. ഫോണ്‍ - 9447672946
Published On: Wed, Jan 4th, 2017

ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി : പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ മോഡി

Share This
Tags

modi

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനു ശേഷമുള്ള ആദ്യ ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തിനു ഡല്‍ഹി വേദിയാകും. ആറ്, ഏഴ് തിയതികളിലാണു യോഗം. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും യോഗത്തില്‍ വിഷയമാകും. രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങള്‍ പാസാക്കും.

നോട്ട് നിരോധനം ഉദ്ദേശിച്ച ഫലമുണ്ടാക്കിയില്ലെന്ന വിലയിരുത്തല്‍ ബി.ജെ.പി. നേതാക്കള്‍ക്കിടയില്‍ ശക്തമാണെങ്കിലും പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രമാദിത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എതിരഭിപ്രായങ്ങള്‍ ഉയരാന്‍ സാധ്യതയില്ല. നോട്ട് നിരോധന തീരുമാനം പാളിയാല്‍ മോഡി അമിത്ഷാ കൂട്ടുകെട്ടിനെ ബാധിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉയരാതിരുന്നതും ശക്തമായ ആക്രമണം നടത്താന്‍ പ്രതിപക്ഷത്തിന് സാധിക്കാതെ പോയതും ഇരുവര്‍ക്കും ഗുണകരമായി മാറി.
നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തകരെ ആഹ്വാനംചെയ്യുന്ന തരത്തിലേക്ക് നിര്‍വാഹക സമിതി തീരുമാനം മാറാനാണു സാധ്യത.

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നാകും നിര്‍വാഹക സമിതിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ തീരുമാനത്തിലെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ പ്രചാരണ പദ്ധതിയും തയാറാക്കുന്നുണ്ട്. മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും നേതാക്കളും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന പരിപാടികള്‍ക്ക് യോഗം അന്തിമ രൂപം നല്‍കിയേക്കും.

അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം നിര്‍വാഹക സമിതി യോഗത്തിനു മുമ്പുണ്ടായേക്കും. അതിനാല്‍ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട തന്ത്രങ്ങള്‍ ഒരുക്കുകയെന്നതും യോഗത്തിന്റെ ഉത്തരവാദിത്വമാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.

ശക്തമായ രണ്ട് പ്രാദേശിക പാര്‍ട്ടികളുടെ സജീവ സാന്നിധ്യമുള്ള ഉത്തര്‍പ്രദേശില്‍ തനിച്ച് ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുകയെന്നത് അസാധ്യമായാണ് പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നത്. എങ്കിലും പരമാവധി സീറ്റുകള്‍ സ്വന്തമാക്കിയില്ലെങ്കില്‍ മോഡി പ്രഭാവത്തിന്റെ മങ്ങലായി വിശേഷിപ്പിക്കപ്പെടുമെന്ന ആശങ്കയില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരിനാണ് ബി.ജെ.പി. ഒരുങ്ങുന്നത്.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണം നടത്തേണ്ടതുണ്ടോ എന്നതടക്കമുള്ള തന്ത്രങ്ങള്‍ക്കും നിര്‍വാഹക സമിതി രൂപംനല്‍കും. ബിഹാറിലെ പരാജയത്തോടെ മോഡിയെ മാത്രം ആശ്രയിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ടെന്ന് ആര്‍.എസ്.എസ്. വിലക്കിയിട്ടുണ്ട്. ആര്‍.എസ്.എസ് ഈ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യുമോയെന്നതിനെ ആശ്രയിച്ചിരിക്കും നിര്‍വാഹക സമിതിയുടെ തീരുമാനവും.

തെരഞ്ഞെടുപ്പില്‍ ഗോവയും പഞ്ചാബും നിലനിര്‍ത്തുന്നതോടൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡും മണിപ്പൂരും പിടിച്ചെടുക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നു. ആറിന് രാവിലെ ദേശീയ ഭാരവാഹി യോഗത്തോടെയാണ് തുടക്കം. ദേശീയ ഭാരവാഹികള്‍ക്ക് പുറമെ സംസ്ഥാന അധ്യക്ഷന്മാര്‍, സംഘടനാ സെക്രട്ടറിമാര്‍, പ്രഭാരിമാര്‍ എന്നിവരും പങ്കെടുക്കും. ഉച്ചക്ക് ശേഷവും ഏഴിനും നിര്‍വാഹക സമിതി യോഗം നടക്കും. സമാപനയോഗത്തില്‍ നരേന്ദ്ര മോഡി സംസാരിക്കും. കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍, എം.ഗണേശന്‍, കെ.സുഭാഷ് എന്നിവരാണ് കേരളത്തില്‍നിന്ന് പങ്കെടുക്കുന്നത്.

മംഗളം

About the Author
Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>